മോദി കാലത്തിലും സവർക്കറെ മറന്നു; ഭാരത് രത്ന നൽകാത്തതിനെതിരെ ശിവസേന

narendra-modi-veer-savarkar
SHARE

മുംബൈ∙ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായിരുന്ന വീർ സവർക്കറെ മോദി ഭരണകാലത്ത് ഭാരത് രത്നയ്ക്കു പരിഗണിക്കാതിരുന്നതു നിർഭാഗ്യകരമായിപ്പോയെന്നു ശിവസേന. അന്തരിച്ച ഭൂപൻ ഹസാരികയ്ക്കു ഉയർന്ന ബഹുമതി നൽകിയതു ലോക്സഭാ തിരഞ്ഞെടുപ്പു കണ്ണുവച്ചാണെന്നും അതു തെറ്റാണെന്നും സേന കുറ്റപ്പെടുത്തി.

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി സഖ്യകക്ഷിയാണെങ്കിലും ബന്ധത്തിലെ വിള്ളൽ പലതവണ പുറത്തുവന്നിരുന്നു. സവർക്കറിനു ഭാരത രത്ന നൽകണമെന്ന ആവശ്യം ദീർഘകാലമായി ശിവസേന ഉയർത്തുകയാണ്. ഇതേ ആവശ്യം ഉന്നയിച്ചു ശിവസേനയുടെ രാജ്യസഭാംഗമായ സഞ്ജയ് റാവത്ത് പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.

‘ഹിന്ദുത്വത്തിന്റെ ശക്തനായ വക്താവായ സവർക്കറെ കോൺഗ്രസ് ഭരണത്തിൽ അപമാനിക്കുകയായിരുന്നു. എന്നാൽ മോദി സർക്കാരും അധികാരത്തിൽ വന്നതിനുശേഷം എന്താണു ചെയ്തത്? പ്രതിപക്ഷത്തായിരുന്നപ്പോൾ സവർക്കർക്കു ഭാരത് രത്ന നൽകണമെന്നു ബിജെപി ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാമക്ഷേത്രം നിർമിക്കാനോ സവർക്കർക്കു ഭാരത രത്ന നൽകാനോ അവർക്കായില്ല’ – മുഖപത്രമായ ‘സാമ്ന’യിലെഴുതിയ മുഖപ്രസംഗത്തിൽ ശിവസേന കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആൻഡമാൻ സന്ദർശിച്ചിരുന്നു. സവർക്കറെ പാർപ്പിച്ചിരുന്ന ജയിൽ സന്ദർശിക്കുകയും ചെയ്തിരുന്നുവെന്നും സേന ഓർമിപ്പിച്ചു. ‘അദ്ദേഹം കുറച്ചു ധ്യാനം നടത്തി, പക്ഷേ, കടലിന്റെ തിരകളിൽ അതെല്ലാം ഒലിച്ചുപോയി’ – പരിഹാസത്തോടെ സേന കുറിച്ചു.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കു ഭാരത രത്ന നൽകിയതു സ്വാഗതം ചെയ്ത സേന, എന്നാൽ എന്തുകൊണ്ടു പ്രണബിനു രണ്ടാമതൊരു ഊഴം കൊടുക്കാൻ ബിജെപി ശ്രമിച്ചില്ലെന്നതും ചോദിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA