ADVERTISEMENT

പാലക്കാട് ∙ കാമധേനു ആയേ‍ാഗ് വഴിയുള്ള പശുസംരക്ഷണ പദ്ധതി നിലവിലുള്ള ജൈവകൃഷിപദ്ധതികളുമായി ബന്ധിപ്പിക്കും. ശാസ്‌ത്ര,കാർഷിക വിദഗ്‌ധരുടെയും സ്ഥാപനങ്ങളുടെയും സഹായത്തേ‍ാടെയായിരിക്കും നടപടികൾ. മേഖലാതലത്തിൽ പശുക്കളുടെ മൂത്രവും ചാണകവും ഉപയേ‍ാഗിച്ചു ജൈവകൃഷിക്കുളള വളവും കീടനാശിനികളുമാക്കി മാറ്റി കർഷകർക്കു എത്തിക്കാനുള്ള വിപുലമായ സംവിധാനത്തിനാണു രൂപം നൽകുന്നത്. ഈ മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനത്തിനും പെ‍ാതുമേഖലാ സ്ഥാപനങ്ങൾ രംഗത്തുണ്ടാകും.

അപൂർവങ്ങളായ 32 ഇന്ത്യൻ ഇനം പശുക്കളെ സംരക്ഷിക്കുന്നതിനു ബ്രീഡ് പാർക്ക് സ്‌ഥാപിക്കും. ഇത്തരം പശുക്കളെ സംരക്ഷിക്കുന്ന കർഷകരെ ആദരിക്കൽ, പുരസ്‌കാരം നൽകൽ എന്നിവയും നടപ്പാക്കും. പദ്ധതി ചെലവ് കേന്ദ്രം വിവിധ ഏജൻസികൾ മുഖേന ഗ്രാന്റായാണു നൽകുന്നത്. അഞ്ചുവർഷത്തിനുശേഷം പശുസംരക്ഷണകേന്ദ്രങ്ങൾ സ്വയംപര്യാപ്തമാകണം എന്നാണു വ്യവസ്ഥ.

നബാർഡ് മുഖേനയായിരിക്കും ജൈവകൃഷിക്ക് പ്രധാനമായും ധനസഹായം നൽകുക. കീടനാശിനികളും രാസവളങ്ങളും പരമാവധി ഒഴിവാക്കിയുള്ള കൃഷിയിലൂടെ സുരക്ഷിതഭക്ഷണം എന്നതാണു മുദ്രാവാക്യം. തനി നാടൻ ഇനങ്ങളെ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തേ‍ാടെ പശുക്കളിലെ ജനിതകപരീക്ഷണം നിരുത്സാഹപ്പെടുത്താനും കാമധേനു പദ്ധതിയിൽ വ്യവസ്ഥയുണ്ട്. ഗോവധം ജൈവവൈവിധ്യത്തിനുണ്ടാക്കുന്ന പ്രത്യാഘാതം ശാസ്‌ത്രമേഖലയുടെ സഹായത്തോടെ നിരന്തരം പ്രചരിപ്പിക്കാനാണു നീക്കം. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ കൗൺസി(ഐസിഎആർ)ലിന്റെ കീഴിലെ സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്‌ഥാപനങ്ങൾ, വെറ്ററിനറി കോളജുകൾ, ജൈവവൈവിധ്യബോർഡുകൾ, കന്നുകാലി വികസനബോർഡ് എന്നിവ മുഖേന ഇതിനു സംവിധാനം ഒരുക്കും..

പദ്ധതിക്കു അനൂകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള ക്യാംപെയിൻ ആരംഭിച്ചു. വിഷയം ദേശീയ കാർഷികഗവേഷണകൗൺസിൽ പിന്നീട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. സംഘ പരിപാരിവാർ സംഘടനകൾ വഴി ഗോവധ നിരോധനം നടപ്പാക്കുന്നതു പ്രായേ‍ാഗിഗമല്ലെന്നു കണ്ടതേ‍ാടെയാണു ശാസ്‌ത്ര പഠനഗവേഷണ മേഖലയുടെ സഹായം തേടുന്നത്. ബീഫ് ആവശ്യത്തിനായി എരുമകളെയും പോത്തുകളെയും ഉപയോഗിക്കാമെങ്കിലും പശു,കാള( മൂരി) എന്നിവയുടെ സംരക്ഷണത്തിനുള്ള വിപുലമായ പ്രചാരണ പരിപാടികളാണു ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com