ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ആസ്ഥാനത്തുനിന്ന് തച്ചങ്കരി പടിയിറങ്ങിയതിനു പിന്നാലേ ഡിപ്പോകളുടെ ഭരണം യൂണിയന്‍ നേതാക്കളുടെ കൈയ്യിലേക്ക്. കെഎസ്ആര്‍ടിസിയില്‍ എംഡിയൊടൊപ്പം നിന്ന് ഭരണപരിഷ്ക്കാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ ‘ഹിറ്റ് ലിസ്റ്റ്’ യൂണിയനുകള്‍ തയാറാക്കി തുടങ്ങി.

പൊലീസിലെ ഇന്റലിജന്‍സ് മാതൃകയില്‍ തച്ചങ്കരി രൂപീകരിച്ച ‘സാള്‍ട്ടള്‍’ ടീമിലെ അംഗങ്ങളോട് പകപോക്കല്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. സര്‍വീസുകള്‍ മുടങ്ങുന്നതും, സ്വകാര്യ ബസുകളുമായുള്ള ഇടപാടുകളും അന്വേഷിക്കാനാണ് സാള്‍ട്ടര്‍ ടീമിനെ രൂപീകരിച്ചത്. വിവിധ യൂണിറ്റുകളില്‍നിന്ന് തിരഞ്ഞെടുത്ത വിശ്വസ്തരായ 94 പേരാണ് ടീമിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് യൂണിയനുകള്‍. കെഎസ്ആര്‍ടിസിയുടെ ആദ്യരൂപമായ ട്രാവന്‍കൂര്‍ ബസ് സര്‍വീസ് ആരംഭിച്ച സാള്‍ട്ടര്‍ സായിപ്പിന്റെ സ്മരണയ്ക്കാണ് കഴിഞ്ഞ വര്‍ഷം ടീം രൂപീകരിച്ചത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അധിക ഡ്യൂട്ടി ചെയ്യേണ്ടെന്നും ഡിപ്പോ മേധാവികള്‍ക്ക് യൂണിയന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കി. യൂണിയനുകളെ അനുസരിക്കാത്തവരെ പാഠം പഠിപ്പിക്കുമെന്ന സന്ദേശമാണ് കൈമാറിയിരിക്കുന്നത്. മുന്‍പ് ഓരോ ഡിപ്പോകളും യൂണിയന്‍ നേതാക്കളുടെ നിയന്ത്രണത്തിലായിരുന്നു. ഇവര്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് സ്ഥലംമാറ്റവും ഡ്യൂട്ടി ഷെഡ്യൂളും നല്‍കിയിരുന്നത്. രാജമാണിക്യം ഐഎഎസ് എംഡിയായിരുന്നപ്പോഴാണ് ഇതില്‍ മാറ്റം വരുത്തിയത്. തച്ചങ്കരി ചുമതലേറ്റപ്പോള്‍ സംസ്ഥാന നേതാക്കളെപോലും സ്ഥലം മാറ്റി. കെഎസ്ആര്‍ടിസി ആസ്ഥാനത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരായിരുന്നു ഇവരില്‍പലരും. നേതാക്കളുടെ നിര്‍ദേശപ്രകാരം ഡ്യൂട്ടി നല്‍കുന്നതും സ്ഥലംമാറ്റുന്നതും അവസാനിപ്പിച്ചു. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നേതാക്കള്‍ക്ക് ശാരീരിക അധ്വാനം കുറഞ്ഞ ഡ്യൂട്ടി നല്‍കുന്നതും അവസാനിപ്പിച്ചു. വരുമാനത്തെ അടിസ്ഥാനമാക്കി ഡ്യൂട്ടി ക്രമീകരിച്ചു.

സിപിഎം നിയന്ത്രണത്തിലുള്ള സിഐടിയു യൂണിയനെയാണ് തീരുമാനങ്ങള്‍ ഏറ്റവുമധികം ബാധിച്ചത്. യൂണിയന്റെ സംസ്ഥാന നേതാവിനെ സ്ഥലം മാറ്റിയതോടെ ഇദ്ദേഹം വിആര്‍എസിന് ആപേക്ഷ നല്‍കി. പിന്നീട് തീരുമാനം പിന്‍വലിച്ചെങ്കിലും പാര്‍ട്ടി സെക്രട്ടറിക്ക് ഒരു മാസം മുന്‍പ് രാജികത്ത് നല്‍കി. തച്ചങ്കരിയുമായി മുന്നോട്ടുപോകാനാകില്ലെന്നായിരുന്നു പാര്‍ട്ടിയെ അറിയിച്ചത്. യൂണിയനുകളുടെ സമ്മര്‍ദത്തിന് പാര്‍ട്ടി വഴങ്ങിയതോടെ തച്ചങ്കരി തെറിച്ചു.

തച്ചങ്കരി വന്നതോടെ അംഗത്വത്തിലും മാസവരിയും വലിയ കുറവുണ്ടായതായാണ് യൂണിയന്‍ നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചത്. പ്രമുഖ ഇടതു സംഘടനയ്ക്ക് മാസവരി നല്‍കുന്ന ജീവനക്കാരുടെ എണ്ണം 22,000 ല്‍ നിന്നും 15,000 ആയി കുറഞ്ഞിരുന്നു. ഈ വിധത്തില്‍ മുന്നോട്ട് പോയാല്‍ സംഘടന ഇല്ലാതാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ നേതാക്കളുടെ വാക്കുകള്‍ പാര്‍ട്ടി പരിഗണിക്കുകയായിരുന്നു. തച്ചങ്കരി മാറിയതോടെ യൂണിയനുകള്‍ ശക്തരായെന്ന് പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പുതുതായി ജോലിക്ക് കയറിയവരില്‍നിന്ന് ഉയര്‍ന്നതുക യൂണിയന്‍ ഫണ്ടായി ഈടാക്കാനുള്ള നടപടികള്‍ തുടങ്ങി. ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതിനൊപ്പം നിശ്ചിത തുക യൂണിയന്‍ അക്കൗണ്ടിലേക്കും മാറ്റുന്നതാണ് നിലവിലെ രീതി. ബാങ്കാണ് തുക ഈടാക്കി യൂണിയന്‍ അക്കൗണ്ടിലേക്ക് നല്‍കുന്നത്. സമ്മതപത്രം പുതുക്കാതെയും യൂണിയന്‍ ഫണ്ട് ഈടാക്കിയിരുന്നു. ഇതിനെതിരെ തച്ചങ്കരി കടുത്ത നിലപാട് എടുത്തതോടെ മാസവരി കുറഞ്ഞു. ഇതു പുനഃസ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

∙ റിയല്‍ എസ്റ്റേറ്റ് ബിസിനസ്, സ്വകാര്യ ബസ്

കെഎസ്ആര്‍ടിസി വിജിലന്‍സ് രണ്ടു വര്‍ഷം മുന്‍പ് നടത്തിയ പരിശോധനയില്‍ നിരവധി ജീവനക്കാര്‍ക്ക് സ്വകാര്യ ബസ് മുതലാളിമാരുമായി ബന്ധമുള്ളതായും ചില ജീവനക്കാരുടെ പേരില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതായും കണ്ടെത്തിയിരുന്നു. റിട്ടയര്‍ ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാരും ഈ കൂട്ടത്തിലുണ്ടായിരുന്നു. അഞ്ചു ബസുകള്‍വരെ സ്വന്തമായുള്ള ജീവനക്കാര്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായും ട്യൂഷന്‍ സെന്ററില്‍ ജോലി ചെയ്തു പണം സമ്പാദിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ യൂണിയനുകളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് നടപടിയുണ്ടായില്ല.

ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം അട്ടിമറിക്കാനും ശ്രമം തുടങ്ങി. തിരുവനന്തപുരം തമ്പാനൂരില്‍ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്ന് ഇറക്കിവിട്ടു. അധിക ഡ്യൂട്ടി ചെയ്യേണ്ടെന്നും യൂണിയനുകള്‍ തീരുമാനിച്ചു. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം മാറിയതില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് കെഎസ്ആര്‍ടിസി സിഐടിയു യൂണിയന്‍ അറിയിച്ചു. എന്തെങ്കിലും മാറ്റമുണ്ടായെങ്കില്‍ അതിനു മറുപടി പറയേണ്ടത് മാനേജ്‌മെന്റും ഉദ്യോഗസ്ഥരുമാണെന്നും യൂണിയന്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com