ADVERTISEMENT

ന്യൂഡൽഹി∙ വെള്ളിയാഴ്ചത്തെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു – തൊഴിൽ തേടി നടന്നിരുന്നവർ ഇപ്പോൾ തൊഴിൽ ദാതാക്കളായി – എന്ന്. 2015ൽ പുറത്തിറക്കിയ പ്രധാൻമന്ത്രി മുദ്ര യോജന പദ്ധതിയിലൂടെ 7.3 ലക്ഷം കോടി തുകയുടെ 15.56 കോടി ലോണുകൾ നൽകിയെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്ത്?

കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയത്തിൽ ദേശീയമാധ്യമം സമർപ്പിച്ച വിവരാവകാശ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണു മന്ത്രാലയം. മുദ്ര പദ്ധതിയിലൂടെ പണം നൽകുക വഴി എത്ര തൊഴിലവസരങ്ങൾ നിർമിക്കാനായി എന്നതായിരുന്നു ആദ്യ ചോദ്യം. എന്നാൽ ആദ്യ ചോദ്യം പൂർണമായി അവഗണിച്ച് രണ്ടാമത്തെയും മൂന്നാമത്തെയും ചോദ്യങ്ങൾക്കു വിവരാവകാശനിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ട്.

എത്രപേർ മുദ്ര ലോണിൽനിന്നു നേട്ടമെടുത്തിട്ടുണ്ട് എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. 2015ൽ പദ്ധതി ആരംഭിച്ചതുമുതൽ 2019 ജനുവരി 18 വരെ 7.46 ലക്ഷം കോടി രൂപയുടെ ലോൺ അനുവദിച്ചിട്ടുണ്ട്. 15.55 കോടി അപേക്ഷകളാണു തീർപ്പാക്കിയത്. പുതിയ സംരംഭകർക്കായി 2.96 ലക്ഷം കോടി രൂപ ലോൺ അനുവദിച്ചിട്ടുണ്ടെന്നും ചോദ്യത്തിനു മറുപടിയായി പറയുന്നു. 2009 മുതൽ ഇതുവരെ ആദ്യമായി ലോണിന് അപേക്ഷിച്ചവർ എത്രയെന്നുള്ള ചോദ്യത്തിനു ധനകാര്യമന്ത്രാലയത്തെ സമീപിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ 3,34,19,758 ലോണുകൾ അനുവദിക്കപ്പെട്ടതായി മുദ്ര പദ്ധതിയുടെ വെബ്സൈറ്റ് പറയുന്നു. ആകെ 1,80,710.47 കോടി രൂപ അനുവദിച്ചതിൽ 1,73,249.06 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്നും ജനുവരി 25ന് തയാറാക്കിയ ഡേറ്റയിൽ പറയുന്നു. 2015–16 വർഷത്തിൽ 3,48,80,924 അപേക്ഷകളിലൂടെ 1,37,449.27 കോടി രൂപ അനുവദിച്ചു. 1,32,954.73 കോടി രൂപ വിതരണം ചെയ്തു. 2016-17ൽ 3,97,01,047 അപേക്ഷകളിലൂടെ 1,80,528.54 കോടി രൂപ അനുവദിച്ചു. 1,75,312.13 കോടി രൂപ വിതരണം ചെയ്തു. 2017-18ൽ, 4,81,30,593 അപേക്ഷകളിലൂടെ 2,53,677.10 കോടി രൂപ അനുവദിച്ചു. 2,46,437.40 കോടി രൂപ വിതരണം ചെയ്തു.

പദ്ധതി പ്രകാരം വിതരണം ചെയ്യപ്പെട്ട 90% ലോണുകളിലും പരമാവധി 50,000 രൂപയോ അതിൽക്കുറവോ ആണു നൽകപ്പെട്ടിരിക്കുന്നതെന്നാണു വിവരം. (മുദ്ര പദ്ധതി പ്രകാരം ചെറുകിട യൂണിറ്റുകൾ ആരംഭിക്കാൻ പരമാവധി 10 ലക്ഷം വരെ നൽകാം). ഇതോടെ ഇത്തരം ലോണുകളിലൂടെ എത്രത്തോളം തൊഴിലവസരങ്ങൾ ഉണ്ടായെന്നും ഇതിന്റെ ഗുണമേൻമയും സ്ഥിരതയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com