ADVERTISEMENT

മലയാളി ഇഷ്ടപ്പെടുന്ന പേരുകൾ ഒന്നൊഴിയാതെ വാർത്താതലക്കെട്ടുകളിൽ ഇടംപിടിക്കുന്നു, കാരണം മറ്റൊന്നുമല്ല ലോക്സഭാ തിരഞ്ഞെടുപ്പ്. ദേശീയ രാഷ്ട്രീയത്തിൽ ജീവന്മരണ പോരാട്ടം നടക്കുന്ന 2019ൽ, 20 സീറ്റ് മാത്രമുള്ള കേരളത്തിനും വലിയ പങ്കുണ്ടെന്നു പ്രധാന മൂന്നു മുന്നണികളും സമ്മതിക്കുന്നു.‌ രാജ്യത്തിന്റെ മധ്യ, കിഴക്ക് ദേശങ്ങൾ പിടിച്ചടക്കിയ ബിജെപിക്കു ദക്ഷിണേന്ത്യയിലെ സജീവ സാന്നിധ്യമാകാൻ കേരളത്തിലെ വിജയം അനിവാര്യം.

പ്രതിപക്ഷ ഐക്യത്തിന്റെ തേരാളിയായി ഊർജം വീണ്ടെടുത്ത കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താനുള്ള ശക്തിസ്രോതസ്സും ഇവിടെയാണ്. ബംഗാളും ത്രിപുരയും കൈവിട്ട ഇടതുപക്ഷം പ്രതീക്ഷയുടെ ചെങ്കൊടി നാട്ടുന്നതും കൊച്ചുകേരളത്തിൽ, എന്തുവില കൊടുത്തും ജയിക്കണം. ആരെ കളത്തിലിറക്കാനും തയാർ– ഇതാണു പാർട്ടികളുടെ നിലപാട്. സ്ഥാനാർഥി മോഹമുള്ളവരും നിർബന്ധിക്കപ്പെടുന്നവരുമായി വലിയൊരു നിര തന്നെയുണ്ട്.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി

മലയാളി കുറെക്കാലമായി കേൾക്കുന്ന മില്യൻ ഡോളർ ചോദ്യമാണു നടൻ മോഹൻലാൽ മത്സരിക്കുമോ എന്നത്. ഒപ്പം മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും പേരുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നീ താരങ്ങളുടെ പേരുകൾ ഒരേ തിരഞ്ഞെടുപ്പിൽ ഉയരുന്നത് ആദ്യം. മമ്മൂട്ടിയെ എറണാകുളം സീറ്റിൽ എൽഡിഎഫും മോഹൻലാലിനെ തിരുവനന്തപുരത്തു ബിജെപിയും സ്ഥാനാർഥികളാക്കുമെന്നാണു കൊണ്ടുപിടിച്ച പ്രചാരണം. ആലോചനയിൽപ്പോലും രാഷ്ട്രീയ മത്സരമില്ലെന്നു രണ്ടു സൂപ്പർസ്റ്റാറുകളും പറഞ്ഞെങ്കിലും ലാലിനെ വിട്ടുകൊടുക്കാനില്ലെന്നു മട്ടിലാണു ബിജെപി. ലാലിനോടു മത്സരിക്കാന്‍ അഭ്യർഥിച്ചിട്ടുണ്ടെന്നും നിർബന്ധിക്കുന്നുണ്ടെന്നും കേരളത്തിലെ ഏക ബിജെപി എംഎൽഎ ഒ.രാജഗോപാൽ വെളിപ്പെടുത്തി.

‘പൊതുകാര്യങ്ങളില്‍ താൽപര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാൽ ഞങ്ങളുടെ റഡാറിലുണ്ട്. നേതാക്കൾ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാർട്ടി അംഗമല്ല. എങ്കിലും പാർട്ടിയോട് അനുഭാവമുണ്ട്. ഞങ്ങൾ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല’– രാജഗോപാൽ വ്യക്തമാക്കി. 20 ലോക്സഭാ മണ്ഡലങ്ങളിലെയും പ്രവർത്തകരും വോട്ടർമാരും ലാലിനെ സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു സാധ്യതകൾ വിശാലമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖ ബിജെപി നേതാക്കളുമായി ലാലിനു നല്ല ബന്ധമാണ്. ജന്മദിനാശംസകൾ നേർന്നു ട്വിറ്ററിൽ സന്ദേശമയച്ചപ്പോൾ ‌മോദി പ്രത്യേകം നന്ദി പറഞ്ഞതും, ന്യൂഡൽഹിയിൽ പോയി അദ്ദേഹത്തെ സന്ദർശിച്ചതും ലാലിന്റെ രാഷ്ട്രീയ താൽപര്യമായി വ്യാഖ്യാനിക്കപ്പെട്ടു. പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചു കേന്ദ്രം ആദരിച്ചതോടെ പ്രചാരണങ്ങൾക്ക് ആക്കം കൂടി. കേന്ദ്ര സർക്കാരിനോടും പദ്ധതികളോടും പൊതുവെ മതിപ്പുമാണ്. തന്റെ മാതാപിതാക്കളുടെ പേരിൽ ലാൽ നടത്തുന്ന സന്നദ്ധസംഘടന വിശ്വശാന്തി ഫൗണ്ടേഷനെ കുറിച്ചു സംസാരിക്കാൻ മോദിയെ നേരിൽ കണ്ടിരുന്നു. ഫൗണ്ടേഷന്റെ തലപ്പത്ത് ആർഎസ്എസ് ചായ്‌വുള്ളവരുമുണ്ട്. ഈ പാലത്തിലൂടെ ലാലിനെ കളത്തിലിറക്കാമെന്നാണു കരുതുന്നത്.

നരേന്ദ്ര മോദി, മോഹൻലാൽ

എന്നാൽ, രാഷ്ട്രീയം തനിക്കു പറ്റിയതല്ലെന്നും നടനായി നിലനിൽക്കാനാണ് ആഗ്രഹമെന്നും ലാൽ ആവർത്തിച്ചു. രാഷ്ട്രീയ സ്ഥാനാർഥിയാകാൻ സമ്മതം മൂളാത്ത ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കാൻ ആര്‍എസ്എസ് ശ്രമമാരംഭിച്ചു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തിയാണു മുന്നണിയുണ്ടാക്കുക. ബിജപിക്കാര്‍ ആരും ഇതിലുണ്ടാകില്ല. സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ജനകീയ മുന്നണിയാണെങ്കില്‍ എല്ലാ മതവിഭാഗക്കാരുടേയും വോട്ടു നേടാനാകുമെന്നും പറയപ്പെടുന്നു.

ബിജെപി ലേബലില്ലാത്ത സ്ഥാനാര്‍ഥിയാണെങ്കില്‍ ലാൽ സമ്മതം പ്രകടിപ്പിക്കുമെന്നാണ് ആര്‍എസ്എസ് പ്രതീക്ഷ. ജനകീയ മുന്നണി രുപീകരിക്കാൻ തിരുവനന്തപുരത്തെ പല പ്രമുഖരേയും ആര്‍എസ്എസ് സമീപിച്ചു. ക്രൈസ്തവ മത മേലധ്യക്ഷന്മാരേയും കമ്മിറ്റിയിലുള്‍പ്പെടുത്തും. പ്രഞ്ജാവാഹക് ദേശീയ കോര്‍ഡിനേറ്റര്‍ ജെ.നന്ദകുമാര്‍ അടക്കമുള്ളവരാണു നീക്കത്തിനു പിന്നില്‍. വിശ്വശാന്തി ഫൗണ്ടേഷനിലൂടെ ആദിവാസി മേഖലയിലും മറ്റുമായി പൊതുസേവനത്തിനിറങ്ങിയ ലാൽ, ബിജെപി പിന്തുണയോടെ രാഷ്ട്രീയത്തിലേക്കും ചുവടുവയ്ക്കുമോ? ലാലെന്ന നടനെയാണ് ഇഷ്ടമെന്നും രാഷ്ട്രീയക്കാരനെ താൽപര്യമില്ലെന്നും ആരാധകർ വിധിക്കുമോ? താരപ്രഭ ലാലിനു ഭാരമാകുമോ തിളക്കമാകുമോ? കണ്ടറിയാണം.

ബിജെപി ടിക്കറ്റിലേക്ക് താരങ്ങൾ

‘ഗോദയിലിറക്കാൻ’ കാത്തിരിക്കുന്ന സൂപ്പർതാരങ്ങളിൽ സുരേഷ് ഗോപി എംപിയുമുണ്ട്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ തിരുവനന്തപുരത്തു മത്സരിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കുമെന്നാണു സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ. രാജ്യസഭാംഗമായ താൻ ലോക്സഭയിലേക്കു മത്സരിക്കണമോയെന്നതിൽ തീരുമാനമെടുക്കേണ്ടതു കേന്ദ്ര നേതൃത്വമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരാണു തീരുമാനിക്കേണ്ടത്. അവർ ആവശ്യപ്പെട്ടാൽ ആലോചിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.

ബിജെപിക്കു പ്രതീക്ഷയുള്ള തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള സ്ഥാനാർഥിക്കായി തീവ്രമായ അന്വേഷണത്തിലാണു പാർട്ടി. മിസോറം ഗവർണർ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരികെയെത്തിച്ചു തലസ്ഥാനത്തു മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഇപ്പറഞ്ഞവരാരുമില്ലെങ്കിൽ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവരിലൊരാൾക്കു നറുക്കുവീഴാം. കേരളത്തിൽ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമായിട്ടാണു ദേശീയനേതൃത്വം തിരുവനന്തപുരത്തെ കാണുന്നത്. ശശി തരൂർ എംപിക്കു കനത്ത വെല്ലുവിളി ഉയര്‍ത്താൻ ‘സർപ്രൈസ് കാൻഡിഡേറ്റ്’ ആയി പ്രതിരോധ മന്ത്രി നിർമല സീതാരാമനെ അറ്റകൈയ്ക്കു രംഗത്തിറക്കിയേക്കും. ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച വിഴിഞ്ഞത്തെത്തി തീരദേശ ജനതയുടെ ഹൃദയം കവർന്ന മധുര സ്വദേശിനി മണ്ഡലം പിടിക്കുമെന്നാണു വിശ്വാസം.

ശബരിമല യുവതീപ്രവേശത്തിനെതിരായ സമരവും അതിനുള്ള ആർഎസ്എസിന്റെ പിന്തുണയും തിരഞ്ഞെടുപ്പിൽ ഗുണഫലം തരുമെന്നു ബിജെപി നേതാക്കൾ പറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർകോട് എന്നിവയാണു പാർട്ടി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങൾ. പത്തനംതിട്ടയിൽ കുമ്മനത്തിന്റെയും ശ്രീധരൻപിള്ളയുടെയും പേരുണ്ട്. നേരത്തേ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ കണ്ടുവച്ചെങ്കിലും ഇപ്പോൾ ചിത്രത്തിലില്ല. കഴിഞ്ഞ തവണ മത്സരിച്ച എം.ടി.രമേശിന്റെ പേരും കേൾക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ സീറ്റിനു കീഴിലുള്ള മണ്ഡലങ്ങളിലെ ബിജെപി മുന്നേറ്റമാണു തൃശൂരിനെക്കുറിച്ചുള്ള പ്രതീക്ഷയ്ക്കുള്ള വക. പ്രധാനമന്ത്രി പങ്കെടുത്ത യുവമോർച്ചാ റാലിക്കു തിരഞ്ഞെടുത്തതും തൃശൂരാണ്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എൻ.രാധാകൃഷ്ണനോ കെ.സുരേന്ദ്രനോ സ്ഥാനാർഥിയായേക്കും. ശബരിമല സമരവും അറസ്റ്റും ജയില്‍വാസവും ആര്‍എസ്എസിന്റെ സൗമനസ്യവും സുരേന്ദ്രന് അനുകൂലമാണ്. ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കാറുള്ള പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേരിനാണു മുൻതൂക്കം. സംസ്ഥാന സെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷനുമായ സി.കൃഷ്ണകുമാറും പരിഗണനയിലുണ്ട്.

കാസർകോട്ടും കെ.സുരേന്ദ്രന്റെ പേരു പ്രചരിക്കുന്നു. ജില്ലയിലെ ഒരു വിഭാഗത്തിനു സുരേന്ദ്രനോട് അതൃപ്തിയുള്ളതിനാൽ സുരേഷ് ഗോപി കാസർകോടായാലോ എന്ന ചോദ്യവുമുണ്ട്. സംസ്ഥാന കൗൺസിൽ അംഗം രവീശ തന്ത്രി കുണ്ടാറിനും ഇവിടെ സാധ്യത പറയുന്നു. പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭൻ എന്നിവരും രംഗത്തുണ്ടായേക്കും. ശബരിമല കർ‍മസമിതിയുടെ നേതൃത്വത്തിൽ സജീവമായ മുൻ ഡിജിപി: ടി.പി.സെൻകുമാർ ആറ്റിങ്ങലിൽ സ്ഥാനാർഥിയായേക്കും. കൊല്ലവും പരിഗണനയിലുണ്ട്. അൽഫോൻസ് കണ്ണന്താനത്തെ തൃശൃരിൽ മത്സരിപ്പിച്ചാലോ എന്നൊരാലോചനയും കേൾക്കുന്നു. ക്രിസ്ത്യൻ സഭാകേന്ദ്രങ്ങളുടെ കൂടി അഭിപ്രായം അറിഞ്ഞേ തീരുമാനമുണ്ടാകൂ.

കണ്ണന്താനം തൃശൂർ ഉറപ്പിച്ചാൽ സുരേന്ദ്രനു മറ്റൊരു മികച്ച മണ്ഡലം നൽകും. പൊതു സ്വീകാര്യത, ആറന്‍മുള വിമാനത്താവളത്തിനെതിരായ സമരം, ശബരിമല വിഷയം തുടങ്ങിയവയാണു പത്തനംതിട്ടയില്‍ കുമ്മനത്തിന് അനുകൂലമായി ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ബിജെപി തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ കടിഞ്ഞാൺ ആർഎസ്എസ് ഏറ്റെടുത്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തന്ത്രങ്ങൾക്കും രൂപം നൽകാനും നേതാക്കളെ 20 മണ്ഡലത്തിലേക്കും നിയോഗിച്ചു. ഇവരുടെ സർവേകളും അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും സ്ഥാനാർഥി നിർണയം.

ജനകീയ എംഎൽഎമാർ വരുമോ?

ജനകീയരായ നിയമസഭാംഗങ്ങളെ ലോക്സഭയിലേക്കു തുറുപ്പുചീട്ടായി ഇറക്കുമോ? 2009ലെ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിപ്പിച്ച പരീക്ഷണം, ഇത്തവണ ഇടതുമുന്നണി ഏറ്റെടുത്തേക്കും. സീറ്റുറപ്പിക്കാൻ 3 വമ്പന്മാരെയാണു യുഡിഎഫ് അന്നു കളത്തിലിറക്കിയത്. കെ.സുധാകരൻ (കണ്ണൂർ), കെ.വി.തോമസ് (എറണാകുളം), കെ.സി.വേണുഗോപാൽ (ആലപ്പുഴ). മൂവരും വെന്നിക്കൊടി പാറിച്ചു. വ്യക്തിപൂജയിൽ താൽപര്യമില്ലെങ്കിലും ശബരിമലയുയർത്തുന്ന രാഷ്ട്രീയ വെല്ലുവിളി നേരിടാൻ, ജയിക്കാൻ പറ്റിയയാൾ നിയമസഭാംഗമാണ് എന്നതുകൊണ്ടു മാറ്റിനിർത്തേണ്ടെന്നാണ് ഇടതുമുന്നണിയുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ നിലപാട്.

പരിഗണിക്കുന്ന പേരുകൾ ഇവയാണ്: ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെതിരെ മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, എ.എം.‌ആരിഫ് എംഎൽഎ, സി.എസ്.സുജാത. പൊന്നാനി പിടിക്കാൻ മന്ത്രി കെ.ടി.ജലീൽ. കോഴിക്കോട് സിറ്റിങ് എംപി എം.കെ.രാഘവനെതിരെ എ.പ്രദീപ്കുമാർ എംഎൽഎ. പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി 2014 ൽ തലതല്ലിവീണ കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ.ബാലഗോപാൽ.

ലീഗ് കോട്ടയായ പൊന്നാനിയിൽ പൊതുസമ്മതനായ സ്വതന്ത്രനെ ഇറക്കാനും സാധ്യത തേടുന്നു. തിരൂരങ്ങാടിയിൽ പി.കെ.അബ്ദുറബ്ബിനെതിരെ ശക്തമായ മത്സരം കാഴ്ചവച്ച നിയാസ് പുളിക്കലകത്തിന്റെ പേരാണ് ഉയരുന്നത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീറിനെ നേരിട്ട്, ഭൂരിപക്ഷം കുറച്ച വി.അബ്ദുറഹിമാൻ എംഎൽഎയാണു മറ്റൊരാൾ. മുൻ എംഎൽഎ വി.ശശികുമാർ, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു എന്നിവരുടെ സാധ്യത പറയുന്നുണ്ട്.

കൈരളി ചാനൽ ചെയർമാൻ കൂടിയായ നടൻ മമ്മൂട്ടിക്കു സിപിഎം കേന്ദ്രങ്ങളുമായുള്ള ബന്ധമാണ് അദ്ദേഹം സ്ഥാനാർഥിയാകുമെന്ന അഭ്യൂഹത്തിനു കാരണം. എറണാകുളത്തു പറ്റിയ ആൾക്കു വേണ്ടിയുള്ള അന്വേഷണം എങ്ങുമെത്താത്തതു മമ്മൂട്ടിയായിക്കൂടേയെന്ന ചോദ്യത്തിലേക്കു വരുന്നു. ചാലക്കുടി എംപിയായ ഇന്നസന്റ് വീണ്ടും മത്സരിക്കാനുള്ള സാധ്യത കുറവാണ്. താരശോഭ പകരാൻ അപ്പോൾ ഇടതുപട്ടികയിൽ മമ്മൂട്ടിയെ ഉൾപ്പെടുത്തിക്കൂടേ എന്ന ചോദ്യമുയരും.

കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്കു മത്സരിക്കാമെങ്കിൽ, കണ്ണൂർ പിടിക്കാൻ കെ.സുധാകരനെ കോൺഗ്രസ് നിയോഗിച്ചേക്കും. സുധാകരനെതിരെ ജില്ലാ സെക്രട്ടറി പി.ജയരാജനെയാകും സിപിഎം രംഗത്തിറക്കുക. സിറ്റിങ് എംപി പി.കെ.ശ്രീമതിയെ വടകര തിരിച്ചുപിടിക്കാൻ കണ്ടുവച്ചിരിക്കുന്നു. ശ്രീമതിയില്ലെങ്കിൽ പി.സതീദേവി മത്സരിച്ചേക്കും. പി.കരുണാകരനു പകരം കാസർകോട്ട് കെ.പി.സതീഷ് ചന്ദ്രനാണു സാധ്യത. രണ്ടുതവണ മത്സരിച്ചവർക്കു സീറ്റു നൽകുന്നതിലെ വിയോജിപ്പ് എം.ബി.രാജേഷിന്റെ (പാലക്കാട്) കാര്യത്തിലുണ്ടാകില്ല. എന്നാൽ, പി.കെ.ബിജുവിന് (ആലത്തൂർ) ഇളവുണ്ടായേക്കില്ല. കേന്ദ്ര കമ്മിറ്റി അംഗം കെ.രാധാകൃഷ്ണനെയാണ് ആലത്തൂരിലേക്ക് പറഞ്ഞുകേൾക്കുന്നത്. ചാലക്കുടിയിലോ എറണാകുളത്തോ പി.രാജീവിനെ കളത്തിലിറക്കണമെന്നാണു അഭിപ്രായം. പാർട്ടി പത്രത്തിന്റെ ചീഫ് എഡിറ്ററായി ചുമതലയേറ്റ രാജീവിന്റെ തട്ടകം വീണ്ടും മാറ്റണമോയെന്നു ചോദ്യമുണ്ട്. 

പത്തനംതിട്ടയിൽ കെ.ജെ.തോമസിനെയാണു നേരത്തെ പരിഗണിച്ചിരുന്നത്. ശബരിമല വിവാദത്തെ തുടർന്ന് എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ ആളെ തിരയുന്നു. ജനാധിപത്യ കേരള കോൺഗ്രസിന്റെ ഫ്രാൻസിസ് ജോർജ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റൊരു പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് ബിയുടെ കെ.ബി.ഗണേഷ്കുമാറും ആലോചനയിലുണ്ട്. എറണാകുളത്തു കെ.വി.തോമസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിനെ കൂടാതെ സാമുദായികഘടകം മുൻനിർത്തി ഇടതു സഹയാത്രികരെയും തേടുന്നു. എം.എ.ബേബി വീണ്ടും വരുന്നുണ്ടെങ്കിൽ ആലപ്പുഴയിലാകട്ടെ എന്നൊരു കൂട്ടർ വാദിക്കുന്നു.

കഴിഞ്ഞതവണ കോട്ടയം സീറ്റിൽ മത്സരിച്ച ജനതാദൾ എസ്സിന് ഇപ്പോൾ താൽപര്യമില്ല. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നിവയിലൊന്നു വേണമെന്നാണ് ആവശ്യം. കോട്ടയം സീറ്റിൽ പാർട്ടി തന്നെ മത്സരിക്കണമെന്നു സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അങ്ങനെയെങ്കിൽ പി.കെ.ഹരികുമാർ, കെ.ജെ.തോമസ്, വി.എൻ.വാസവൻ, ജെയ്ക്ക് സി.തോമസ്, സുജ സൂസൻ ജോർജ് എന്നിവരിലൊരാൾക്കാണു സാധ്യത. ഇടുക്കിയിൽ ജോയ്സ് ജോ‍ർജ് വീണ്ടും ജനവിധി തേടിയേക്കും.

ഉമ്മൻചാണ്ടി വന്നാൽ ചിത്രം മാറും

ഹൈക്കമാൻഡ് അനുമതി നൽകുമോ എന്നതിനെ ആശ്രയിച്ചാകും വടകര, മാവേലിക്കര, വയനാട് സീറ്റുകളിലെ യുഡിഎഫ് സ്ഥാനാർഥിത്വം. മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മാറുമെന്ന ചിന്തയിൽ സ്ഥാനാർഥി കുപ്പായം തയ്പ്പിച്ചവരുണ്ട്. തൃശൂരിൽ പി.സി.ചാക്കോയ്ക്കും ചാലക്കുടിയിൽ ടി.എൻ.പ്രതാപനും സാധ്യതയുണ്ടെങ്കിലും പുതുമുഖവാദം രണ്ടിടത്തും ശക്തം. എംപിയായിരുന്ന എം.ഐ.ഷാനവാസിന്റെ മരണത്തോടെ മകൾ അമീന ഷാനവാസിനു വയനാട്ടിൽ സാധ്യതയേറി. രാഹുൽ ഗാന്ധി വസതിയിലെത്തി സന്ദർശിച്ചതും വനിതാപ്രാതിനിധ്യം, സഹതാപ തരംഗം എന്നിവ അമീനയ്ക്കു തുണയായേക്കും.

ഉമ്മൻചാണ്ടി, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ

സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കുന്നതിൽ കോണ്‍ഗ്രസിൽ ആശയക്കുഴപ്പം മാറിയിട്ടില്ല. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം നാലു സിറ്റിങ് എംഎല്‍എമാരെ ലോക്സഭയിലേക്കു മത്സരിപ്പിക്കുന്ന കാര്യമാണു പരിഗണനയിലുളളത്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ഇടുക്കിയിലോ കോട്ടയത്തോ ഉമ്മന്‍ ചാണ്ടി, പാലക്കാട്ട് ഷാഫി പറമ്പില്‍ എന്നിങ്ങനെയാണ് ഇടം നേടിയവര്‍. എറണാകുളത്ത് ഹൈബി ഈഡനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. ഹൈബി ഇല്ലെങ്കിലും ഉറച്ച കോട്ടയായ എറണാകുളം നിലനിര്‍ത്താം. അടൂര്‍ പ്രകാശില്ലാതെ കോന്നിയും ഉമ്മന്‍ ചാണ്ടിയില്ലാതെ പുതുപ്പളളിയും ഷാഫിയില്ലാതെ പാലക്കാടും നിലനിര്‍ത്തുക ദുഷ്കരമെന്നതാണു കോൺഗ്രസിനെ പിന്നോട്ടടിപ്പിക്കുന്നത്.

ഇനി മത്സരത്തിനില്ലെന്ന് ആവർത്തിക്കുമ്പോഴും തൃശൂർ സീറ്റ് തിരിച്ചുപിടിക്കാൻ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനെ ഇറക്കണമെന്നു സമ്മർദമുണ്ട്. കെപിസിസിയുടെ മറ്റൊരു മുൻ പ്രസിഡന്റ് എം.എം.ഹസൻ വയനാടിനായും രംഗത്തുണ്ട്. യുവപ്രാതിനിധ്യം വാദിച്ചു യൂത്ത് കോൺഗ്രസ് തടസ്സം പിടിക്കുന്നു. സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനാണ് (ഇടുക്കി, തൃശൂർ) മുൻതൂക്കം. സംസ്ഥാന ഭാരവാഹികളായ ആദം മുൽസി (വയനാട്), സുനിൽ ലാലൂർ ( ആലത്തൂർ) എന്നിവരും സാധ്യതയിലുണ്ട്. മുൻ അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴൽനാടനെ ഇടുക്കി, ചാലക്കുടി സീറ്റുകളിൽ പരിഗണിച്ചേക്കാം. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് വടകരയിലും വന്നേക്കാം. രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാനാണു വനിതാ പട്ടികയിൽ മുൻതൂക്കം. 

മഞ്ജു വാരിയർ

സ്ഥാനാർഥിയായേക്കുമെന്നു പ്രചരിക്കപ്പെടുകയും നിഷേധിക്കുകയും ചെയ്യുന്നവരിൽ മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല ഉള്ളത്. നടി മഞ്ജു വാരിയർ, നടനും എംപിയുമായ ഇന്നസന്റ്, സാമൂഹ്യപ്രവർത്തകയും ജോസ് കെ.മാണി എംപിയുടെ ഭാര്യയുമായ നിഷ എന്നിവരും ഈ പട്ടികയിലുണ്ട്. ‘മൽസരിക്കണമെന്നാണു സിപിഎം പറഞ്ഞത്. ഞാൻ മൽസരിക്കുന്നില്ല. രോഗിയാകുന്നതിനു മുൻപു മാറുകയാണ്’– ഇന്നസന്റ് പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതും തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതും മോശം കാര്യമല്ല. എന്നാൽ, ഞാനതിനു തയാറല്ലെന്നു മഞ്ജു വാരിയരും പറഞ്ഞു. ഇത്തവണയോ പിന്നീടോ രാഷ്ട്രീയ പ്രവേശം ആഗ്രഹിക്കുന്നില്ലെന്നും താനൊരു സാമൂഹിക പ്രവർത്തകയാണെന്നും നിഷ ജോസ് കെ.മാണി വ്യക്തമാക്കി.

ഒന്നും അന്തിമമല്ല, തിരഞ്ഞെടുപ്പാണ്. രാഷ്ട്രീയം അവസരങ്ങളുടെ കലയും കലവറയുമാണ്. ഏതു നിമിഷവും ചിത്രങ്ങൾ മാറ്റി വരയ്ക്കപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com