ADVERTISEMENT

പത്തനംതിട്ട∙ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ബിജെപി തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുത്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനുമായി ആർഎസ്എസിന്റെ പ്രാന്തീയ (സംസ്ഥാന) ചുമതലയുള്ള നേതാക്കളെ 20 മണ്ഡലത്തിലേക്കും നിയോഗിച്ചു. രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളുടെയും പ്രചാരണചുമതല ഇതുപോലെ ആർഎസ്എസ് നേതൃത്വത്തിനാണ്.

തിരഞ്ഞെടുപ്പുകളിൽ ആദ്യമായി 2014ലാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ച് മിഷൻ 272 എന്ന പേരിൽ ആർഎസ്എസ് പൂർണമായും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയത്. 427 സ്ഥാനാർഥികളെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി രാജ്യത്ത് മൽസരത്തിനിറക്കിയത്. ഇതിൽ 400 മണ്ഡലങ്ങളിലും ആർഎസ്എസ് പൂർണ സമയ പ്രവർത്തകരെ പ്രവർത്തനത്തിന് നിയോഗിച്ചാണ് നിയന്ത്രിച്ചത്.

2014 പോലെ ഇൗ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഭരണം ഉറപ്പുവരുത്താൻ എല്ലാ പ്രവർത്തനങ്ങളും മാറ്റി വച്ച് രംഗത്തിറങ്ങാനാണ് ആർഎസ്എസ് ദേശിയ നേതൃത്വം താഴെത്തട്ടിൽ നൽകിയിട്ടുള്ള നിർദേശം. ഗൃഹസമ്പർക്കത്തിന് ആർഎസ്എസ് പ്രവർത്തകർ നേരിട്ടും ബിജെപി പ്രവർത്തകർക്കൊപ്പവും പ്രവർത്തിക്കും. ഇതിനായി ദൈനംദിന ശാഖകളുടെ പ്രവർത്തനത്തിലും വേണമെങ്കിൽ മാറ്റം വരുത്താം. വൈകിട്ടും രാവിലെയുമൊക്കെ നടക്കുന്ന ഒരു മണിക്കൂർ ശാഖാപരിപാടിയിൽ എല്ലാം നടന്നില്ലെങ്കിലും കുഴപ്പമില്ല. എല്ലാദിവസവും സ്ക്വാഡ് പ്രവർത്തനം കഴിഞ്ഞ് ശാഖയിലോ അല്ലെങ്കിൽ എവിടെയാണോ ഒത്തുചേരാൻ കഴിയുന്നത് അവിടെ നിന്ന് ശാഖയിൽ നിർബന്ധമായിട്ടുള്ള പതിവ് പ്രാർഥനാഗീതം ചൊല്ലി പിരിഞ്ഞാലും മതിയെന്നാണ് നിർദേശം. എല്ലാ ദിവസവും ബൂത്ത് തല ഗൃഹസമ്പർക്കം വോട്ട് അനൂകൂലമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നവരെ തുടരാനാണ് നിർദേശം.

കേരളത്തിൽ 20 മണ്ഡലങ്ങളിലും ചുമതലപ്പെടുത്തിയ ആർഎസ്എസ് പ്രചാരകൻമാർ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ യോജിച്ചുള്ള ‘സമന്വയ ബൈഠക്’ ചേരുകയാണിപ്പോൾ. ഇതിനുശേഷമാണ് ഗൃഹസമ്പർക്കത്തിനിറങ്ങുന്നത്. മോദിയുടെ ഭരണ നേട്ടം ജനങ്ങളിലെത്തിക്കുന്നതൊടൊപ്പം ബിജെപിയുടെ പടലപിണക്കങ്ങളൊന്നും തിര‍ഞ്ഞെടുപ്പ് പ്രചാരണ സമയത്തുണ്ടാകരുതെന്ന് ഉറപ്പുവരുത്തുകയാണ് പ്രചാരണം ഏറ്റെടുത്തതുവഴി ആർഎസ്എസ് ലക്ഷ്യമിടുന്നത്. ശബരിമല യുവതീപ്രവേശ പ്രശ്നത്തെത്തുടർന്നുണ്ടായ ഹൈന്ദവ ഏകീകരണം കൂടുതൽ ബലപ്പെടുത്താനും ഇൗ പ്രവർത്തനത്തെ ആർഎസ്എസ് താഴെത്തട്ടിൽ ഉപയോഗിക്കും. സ്ഥാനാർഥി നിർണയത്തിലും ആർഎസ്എസിന്റെ കയ്യിലാണ് കടിഞ്ഞാൺ. ആർഎസ്എസിന് രാജ്യത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ളത് കേരളത്തിലാണ്. ഇപ്പോഴുള്ള അനുകൂല സാഹചര്യം ബിജെപി നേതൃത്വത്തിലെ തർക്കത്തിൽപ്പെട്ട് നഷ്ടപ്പെടുത്താൻ അനുവദിക്കില്ലെന്ന സൂചനയാണ് ആർഎസ്എസ് നൽകുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർകോഡ് പോലെ ബിജെപി കൂടുതൽ ശ്രദ്ധിക്കുന്ന സ്ഥലങ്ങളിലേക്ക് കൂടുതൽ സ്ക്വാഡ് പ്രവർത്തനത്തിനും കൂടുതൽ പ്രചാരകൻമാരെ നിയോഗിച്ചു. തിരുവനന്തപുരം മണ്ഡലത്തിന്റെ കാര്യത്തിൽ ആർഎസ്എസ് ദേശിയ നേതൃത്വത്തിൽ നിന്നും പ്രത്യേക ശ്രദ്ധപതിഞ്ഞിട്ടുള്ളതിനാൽ തുടക്കം മുതൽ പ്രത്യേക പ്രവർത്തനമാണ് നടക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com