ADVERTISEMENT

ന്യൂഡൽഹി∙ സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനു ശക്തമായ താക്കീതുമായി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഭീകരാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി.

ഭീകരതയെ നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് യുഎസ് സ്ഥാനപതി കെന്നത് ജസ്റ്റര്‍ അറിയിച്ചു. പൈശാചികമെന്നായിരുന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പ്രതികരണം. ഫ്രാന്‍സ്, ബ്രിട്ടന്‍, നേപ്പാള്‍, റഷ്യ, ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കു പിന്തുണയുമായി രംഗത്തെത്തി.

ഡോവലുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ആക്രമണത്തിനു പിന്നാലെ ഡൽഹിയിൽ നിർണായക ചർച്ചകൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായുമായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തി. ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ ഭൂട്ടാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്കു തിരിച്ചു. ആഭ്യന്തരമന്ത്രി ഐബി, റോ മേധാവികളെ കണ്ടു. ആക്രമണത്തിനു പിന്നാലെ തെക്കൻ കശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ശ്രീനഗർ ജില്ലയിൽ ഇന്റർനെറ്റ് 2ജി ആയും പരിമിതപ്പെടുത്തി.

സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയുടെ 12 അംഗസംഘം വെള്ളിയാഴ്ച രാവിലെ, സ്ഫോടനം നടന്ന സ്ഥലത്തെത്തും. ഫൊറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ടാകും. ആക്രമണത്തിനു പിന്നിലെ വിദേശ പങ്ക് കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. എന്‍എസ്ജിയിലെ സ്ഫോടകവസ്തു വിദഗ്ധരും വെള്ളിയാഴ്ച പരിശോധനയ്ക്കെത്തും. ദുഃഖവും രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ആക്രമണത്തെ വെല്ലുവിളിയായി ഏറ്റെടുക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‍രാജ് ഗംഗാറാം ആഹിർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com