ADVERTISEMENT

ചെന്നൈ ∙ വില്ലേജ് ഓഫിസിൽനിന്നു ജാതി സർട്ടിഫിക്കറ്റ് കിട്ടാറുണ്ട്. ജാതിയും മതവുമില്ലെന്ന സർട്ടിഫിക്കറ്റ് കിട്ടിയെന്നു കേട്ടിട്ടുണ്ടോ? വെല്ലൂർ ജില്ലയിലെ തിരുപട്ടൂർ തഹസിൽദാറിൽനിന്നു എം.എ.സ്നേഹയെന്ന അഭിഭാഷകയ്ക്ക് അങ്ങനെയൊരു സർട്ടിഫിക്കറ്റ് കിട്ടി. വെറുതെ കിട്ടിയതല്ല, ഒൻപതു വർഷമായി സ്നേഹ നടത്തുന്ന നിരന്തര പോരാട്ടങ്ങളുടെ ഫലം.

എം.എ.സ്നേഹ ജീവിതത്തിൽ ഒരിക്കലും മതത്തിന്റെയോ ജാതിയുടെയോ കള്ളിയിൽ ഒതുങ്ങിയിട്ടില്ല. സ്കൂളിൽ ചേർത്തപ്പോൾ മാതാപിതാക്കൾ മതത്തിന്റെയും ജാതിയുടെയും കോളം ഒഴിച്ചിട്ടു. ജനന സർട്ടിഫിക്കറ്റിലും ആ കോളം ഒഴിച്ചിട്ടിരിക്കുന്നു. വിവാഹം ചെയ്തതു തമിഴ് പ്രഫസറായ കെ.പാർഥിപ രാജ. മൂന്നു മക്കളുടെ പേരിലും മതമോ ജാതിയോ ഇല്ല. ആതിര ന‌സ്റീൻ, ആദില ഐറീൻ, ആരിഫ ജെസ്സി.

ജീവിതത്തിൽ ജാതിയും മതവുമില്ലെങ്കിലും സർക്കാർ സംവിധാനങ്ങളിലേക്കു വരുമ്പോൾ അതു തടസ്സമായി. പല അപേക്ഷകൾക്കൊപ്പവും ജാതി സർട്ടിഫിക്കറ്റ് നിർബന്ധം. അങ്ങനെയാണ് തനിക്കു മതവും ജാതിയുമില്ലെന്ന സർട്ടിഫിക്കറ്റ് സർക്കാരിൽനിന്നു സാക്ഷ്യപ്പെടുത്തി വാങ്ങാമെന്നു തോന്നിയത്. 2010-ലാണു ഇതിനായി അപേക്ഷിച്ചത്. എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിച്ചു.പക്ഷേ, ശ്രമം തുടർന്നു.

തിരുപട്ടൂർ സബ് കലക്ടർ ബി.പ്രിയങ്ക പങ്കജമാണ് ഒടുവിൽ കനിഞ്ഞത്. സ്നേഹ രണ്ടും കൽപ്പിച്ചു തന്നെയെന്നു വ്യക്തമായ സബ് കലക്ടർ വിശദമായ പരിശോധന നടത്തി. ജനന സർട്ടിഫിക്കറ്റ് മുതൽ സ്കൂൾ സർട്ടിഫിക്കറ്റുകളിൽ വരെ ജാതിയോ മതമോ രേഖപ്പെടുത്തിയിട്ടില്ലെന്നു കണ്ടെത്തി.

ഇതോടെയാണു മതവും ജാതിയുമില്ലെന്നു രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് സ്നേഹയ്ക്കു ലഭിച്ചത്. ഇത്തരമൊരു കീഴ്‌വഴക്കമില്ലെന്നും എന്നാൽ, ഇതു മറ്റാരെയും ബാധിക്കുകയോ അവരുടെ ആനൂകൂല്യങ്ങൾ ഇല്ലാതാകുകയോ ചെയ്യില്ലെന്നു കണ്ടെത്തിയതിനാലാണു നടപടിയെന്നും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com