ADVERTISEMENT

തിരുവനന്തപുരം∙ വീട്ടിൽ നിന്നു പിണങ്ങിയിറങ്ങിയ പത്താം ക്ലാസുകാരൻ ഹൈദരാബാദിലെത്തിയതായി വിവരം. മണക്കാട് വലിയപള്ളി റോഡ് മല്ലിയിടത്തിൽ വിനോദിന്റെ മകൻ വി.എസ്. അഭിഷേകിനെ(15)യാണ് കഴിഞ്ഞ 10ന് രാവിലെ ഹൈദരാബാദ് റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നതായി അവിടുത്തെ പൊലീസ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയത്. ഹൈദരാബാദ് പൊലീസും തിരുവനന്തപുരത്തു നിന്ന് അവിടെയെത്തിയ പൊലീസ് സംഘവും ചേർന്ന് അഭിഷേകിനായി തിരച്ചിൽ തുടരുകയാണ്. തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർ‌ഥിയാണ് അഭിഷേക്.

കഴിഞ്ഞ 9ന് രാവിലെയാണ് അഭിഷേക് വീട്ടിൽനിന്നു പിണങ്ങിയിറങ്ങിയത്. റെയിൽവേ സ്റ്റേഷനിലെയും ബസ് സ്റ്റാൻഡുകളിലെയും സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമൂഹമാധ്യമങ്ങൾ വഴി ഫോട്ടോ പ്രചരിപ്പിച്ചതാണ് അന്വേഷണത്തിനു നേരിയ തുമ്പുണ്ടാക്കിയത്. 9ന് രാവിലെ ശബരി എക്സ്പ്രസിൽ കുട്ടി കയറുകയും ഹൈദരാബാദിലേക്കു ടിക്കറ്റ് എടുക്കാനെന്നു പറഞ്ഞു പുറത്തേക്കിറങ്ങുകയും ചെയ്തതായി ഒരു യാത്രക്കാരി വിവരം നൽകിയിരുന്നു. ഇതു പ്രകാരം പൊലീസ് സംഘം അഭിഷേകിന്റെ പിതാവുമൊത്ത് ഹൈദരാബാദിലേക്കു തിരിച്ചു.

ഇതിനിടെ കേരള പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അഭിഷേക് ട്രെയിനിറങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ഹൈദരാബാദിലെ മലയാളി സംഘടനകളുടെ സഹായത്തോടെ തിരച്ചിൽ പുരോഗമിക്കുകയാണ്. ഒരാഴ്ചയായിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനാൽ മാനസികമായി തകർന്ന നിലയിലാണു കുടുംബം. വീട്ടിൽ നിന്നിറങ്ങുമ്പോൾ അഭിഷേക് പണമൊന്നും എടുത്തിരുന്നില്ല. ബാഗും ഒരു ജോഡി വസ്ത്രവും മാത്രമാണു പോകുമ്പോൾ കരുതിയിരുന്നത്. കുട്ടിയെക്കുറിച്ചു വിവരം ലഭിച്ചാൽ അറിയിക്കേണ്ട ഫോൺ നമ്പർ: 9446700446.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com