ADVERTISEMENT

ബെയ്ജിങ്∙ കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ അതീവ ‘നടുക്കം’ രേഖപ്പെടുത്തി ചൈന. എന്നാൽ വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിഷയത്തിൽ ഇത്തവണയും ചൈനയ്ക്ക് തണുപ്പൻ സമീപനം മാത്രം. പാക്ക് ഭീകരനും ജയ്ഷെ മുഹമ്മദ് സ്ഥാപകനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽപ്പെടുത്താൻ ഐക്യരാഷ്ട്രസംഘടനയിൽ ഇന്ത്യ ശ്രമം നടത്തുന്നതിനിടെയാണ് ചൈനീസ് ‘ചതി’. യുഎന്നിന്റെ രക്ഷാസമിതിയിൽ വിഷയം ഇന്ത്യ കൊണ്ടുവരികയാണെങ്കിൽ വീണ്ടും തടയുമെന്ന പ്രത്യക്ഷ സൂചനയാണു ചൈന നൽകിയിരിക്കുന്നത്.

പുൽവാമയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്ത സാഹചര്യത്തിലും അതിന്റെ സ്ഥാപകനായ മസൂദ് അസ്ഹറിനെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റം വരുത്താൻ ചൈന തയാറായിട്ടില്ല. സൈനിക വാഹനവ്യൂഹത്തിനു നേരെ ജയ്ഷെ ഭീകരൻ ചാവേറാക്രമണം നടത്തിയതിനു പിന്നാലെ പാക്കിസ്ഥാനെ പൂർണമായും ഒറ്റപ്പെടുത്തുന്ന വിധത്തിൽ രാജ്യാന്തര സമൂഹം ഇന്ത്യയ്ക്കു പിന്തുണ നൽകുമ്പോഴാണ് ചൈന ‘പാക്ക് സ്നേഹം’ വീണ്ടും പ്രകടമാക്കിയത്.

‘ചാവേറാക്രമണത്തിന്റെ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ അതീവ നടുക്കം രേഖപ്പെടുത്തുന്നു. വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റ ജവാന്മാർക്കും ഉൾപ്പെടെ അനുശോചനം അറിയിക്കുന്നു’– ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ‘എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെയും ചൈന എതിർക്കുകയും അപലപിക്കുകയും ചെയ്യുന്നു. ബന്ധപ്പെട്ട രാജ്യങ്ങൾ പരസ്പരം സഹകരിച്ച് ഭീകരവാദ ഭീഷണിക്കെതിരെ പോരാടുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ ഐക്യത്തിലൂടെ മേഖലാതലത്തിലെ ഒരുമയും സ്ഥിരതയും കാത്തുരക്ഷിക്കുകയും വേണം’– ജെങ് വ്യക്തമാക്കി. 

എന്നാൽ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് അവ്യക്തമായ മറുപടിയാണു ചൈന നൽകിയത്. ‘ഭീകരസംഘടനകളെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ രക്ഷാസമിതി അംഗങ്ങൾക്കു കൃത്യമായ വ്യവസ്ഥകളുണ്ട്. സമിതിയുടെ നിരോധിത ഭീകര സംഘടനകളുടെ പട്ടികയിൽ ജയ്ഷെ മുഹമ്മദിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപരോധം സംബന്ധിച്ച വിഷയങ്ങൾ ക്രിയാത്മകവും ഉത്തരവാദിത്തപരവുമായി കൈകാര്യം ചെയ്യും’– ജെങ് പറഞ്ഞു.

2018 മേയിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന വുഹാൻ ഉച്ചകോടിയെത്തുടർന്ന് നയതന്ത്രബന്ധം ശക്തിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മസൂദ് അസ്ഹർ വിഷയം ചൈന പുനഃപരിശോധിക്കുമോയെന്നും ചോദ്യമുണ്ടായി. സംഘടനകളെപ്പോലെയല്ല, ഒരു വ്യക്തിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ അതിനു വിശ്വാസയോഗ്യവും ഉത്തരവാദിത്തപരവും പ്രഫഷണലുമായ സമീപനം ആവശ്യമാണെന്നായിരുന്നു ചൈനയുടെ മറുപടി.

ഓരോ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ചാണു ചൈനയുടെ നിലപാടുകൾ. ഇന്ത്യയും മറ്റ് അനുബന്ധ രാജ്യങ്ങളുമായി ഈ വിഷയത്തില്‍ ആശയവിനിമയം തുടരുമെന്നും ചൈന വ്യക്തമാക്കി. ജയ്ഷെ മുഹമ്മദ് നിലവിൽ യുഎന്നിന്റെ നിരോധിത സംഘടനകളുടെ പട്ടികയിലുണ്ട്. അസ്‌ഹറിനെ ഭീകരരുടെ പട്ടികയിൽപെടുത്തി വിലക്കേർപ്പെടുത്താനുള്ള ശ്രമം ആദ്യം ഇന്ത്യയുടെ ഭാഗത്തുനിന്നാണു വന്നത്. 2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമത്താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയായിരുന്നു ഇത്.

തുടർന്നു യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഈ നീക്കത്തിനു പിന്തുണ നൽകിയതോടെ എതിർപ്പുമായി ചൈന രംഗത്തുവന്നു. യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കുണ്ടെങ്കിലും വീറ്റോ അധികാരമുള്ള ചൈന പാക്കിസ്ഥാൻ നിലപാടിനെയാണു പിന്തുണയ്ക്കുന്നത്. ചൈന തടസ്സവാദം ഉന്നയിച്ചതിനെത്തുടർന്ന് പലപ്പോഴായി വിഷയം നീട്ടിവച്ചു. വീണ്ടും പരിഗണനയ്ക്കു വരുമ്പോൾ നിലപാടിൽ മാറ്റമില്ലെന്നു വ്യക്തമാക്കുകയാണു പതിവ്.

അസ്‌ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽപെടുത്തുന്നതിൽ രക്ഷാസമിതി അംഗങ്ങൾക്കിടയിൽ ഏകാഭിപ്രായമില്ലെന്നാണു ചൈനയുടെ വാദം. ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ വസ്തുതാപരവും രേഖാമൂലവുമുള്ള തെളിവില്ലെന്നും പാക്കിസ്ഥാനു വേണ്ടി ചൈന വാദിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയും  പാക്കിസ്ഥാനും തമ്മിൽ ധാരണയിലെത്തിയാൽ ചൈന പിന്തുണയ്ക്കാമെന്നും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൈന വ്യക്തമാക്കിയിരുന്നു. 

പുൽവാമ ആക്രമണത്തിനു പിന്നാലെ, ഭീകരാക്രമണത്തിനു പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പാക്കിസ്ഥാന്റെ കീഴിലുള്ള ഇടങ്ങളിൽ നിന്നുള്ള ജയ്ഷെയുടെ പ്രവർത്തനം നിരോധിക്കാനും അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനും സമ്മർദം ശക്തമാക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com