ADVERTISEMENT

ന്യൂഡൽഹി∙ കശ്മീർ പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. നയതന്ത്ര സമ്മർദം കടുപ്പിക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പാക്കിസ്ഥാനെ രാജ്യാന്തര സമൂഹത്തിൽ ഒറ്റപ്പെടുത്തും.

വിദേശകാര്യ മന്ത്രാലയം ഇതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വ്യാപാര രംഗത്ത് ഇന്ത്യ പാക്കിസ്ഥാനു നൽകിയ എംഎഫ്എൻ പദവി റദ്ദാക്കി. ജമ്മു കശ്മീരിൽ യുദ്ധസമാനമായ സാഹചര്യമാണുള്ളതെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കി. ചാവേർ ആക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭായോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേര്‍ന്നു.

ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ധനമന്ത്രിമാര്‍ക്കു പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൂന്ന് സേനാ മേധാവികളും ഐബി, റോ മേധാവികളും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഇന്‍റലിജന്‍സും പങ്കെടുത്തു. കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം ആഭ്യന്തരമന്ത്രി ശ്രീനഗറിലെത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ 12 അംഗസംഘം സ്ഫോടന സ്ഥലത്തെത്തി. ജമ്മുകശ്മീര്‍ ഗവര്‍ണർ സത്യപാൽ മാലിക്കും സിആര്‍പിഎഫ് ഡിജിയും സ്ഥലത്തെത്തി.

ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ താക്കീതുമായി യുഎസ് രംഗത്തെത്തി. ഭീകരർക്കുള്ള എല്ലാ പിന്തുണയും പാക്കിസ്ഥാൻ ഉടൻ നിർത്തലാക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. അതേസമയം ഭീകരാക്രമണം ആശങ്കാജനകമെന്ന് പാക്കിസ്ഥാനും പ്രതികരിച്ചു. പുൽവാമ ഭീകരാക്രമണം കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. അന്വേഷണം നടത്താതെ പാക്കിസ്ഥാനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തള്ളുകയാണെന്നും അവർ‌ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com