ADVERTISEMENT

തിരുവനന്തപുരം ∙ ശശി തരൂരിനെ േനരിടാന്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കാനം രാജേന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകണമെന്ന് സിപിഐ ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം. ഈ നിര്‍ദേശം അവര്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചുവെങ്കിലും അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല.

നിലവിൽ, എല്‍ഡിഎഫിന്റെ കേരള സംരക്ഷണയാത്രയുടെ തിരക്കിലായ കാനം മത്സരിക്കരുതെന്നാണ് അടുപ്പമുള്ളവര്‍ ആവശ്യപ്പെടുന്നത്. വടക്കന്‍ മേഖലാ ജാഥ നയിക്കുന്നത് കാനമാണ്. തെക്കന്‍ മേഖലാ ജാഥ നയിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. മാര്‍ച്ച് രണ്ടിന് തൃശൂരില്‍ ജാഥ സമാപിച്ചശേഷമേ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ ആരംഭിക്കൂ. 

കോണ്‍ഗ്രസില്‍നിന്നു മണ്ഡലം പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണു സിപിഐ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം. പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചില്ല.

പന്ന്യനെക്കാള്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ കാനം രാജേന്ദ്രന് കഴിയുമെന്നു ജില്ലാ കമ്മിറ്റിയിലെ വലിയൊരു വിഭാഗം അവകാശപ്പെടുന്നു. കാനം മത്സരിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിക്കാന്‍ കഴിയുമെന്നാണു ജില്ലാനേതൃത്വത്തിന്റെ വിശ്വാസം. കാനം വരുന്നതിനോട് സിപിഎമ്മിനും യോജിപ്പാണ്.

എന്നാൽ, കാനം മത്സരരംഗത്തിറങ്ങുന്നതോടെ പാര്‍ട്ടിയില്‍ നിലവിലുള്ള സമവാക്യങ്ങള്‍ മാറുമെന്ന ആശങ്കയാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പങ്കുവയ്ക്കുന്നത്. അവസാന തീരുമാനം കാനത്തിന്റേതാണ്. രണ്ടാം തവണയാണ് കാനം സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. പാര്‍ട്ടിയില്‍ ശക്തനായതിനാല്‍ ഒരു ടേംകൂടി തുടരുന്നതിനു തടസ്സവുമില്ല. 

എന്നാൽ, സ്ഥാനാര്‍‌ഥി നിര്‍ണയ ചര്‍ച്ചകള്‍ ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെന്നും മാര്‍ച്ച് ഒന്നാം തീയതിയേ ആരംഭിക്കൂ എന്നും സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍.അനില്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് മണ്ഡലങ്ങളിലാണു സിപിഐ കഴിഞ്ഞതവണ മത്സരിച്ചത്. അനുയോജ്യരായ സ്ഥാനാര്‍ഥികളുടെ പട്ടിക നല്‍കാന്‍ ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം തീയതി ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവും നാലാം തീയതി ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗവും സ്ഥാനാര്‍ഥിപട്ടിക പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.

തിരുവനന്തപുരത്ത് ഇടതുമുന്നണിയില്‍നിന്ന് വര്‍ഷങ്ങളായി മത്സരിക്കുന്നത് സിപിഐയാണ്. പ്രബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ മണ്ഡലം പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1977ല്‍ സിപിഐയുടെ സമുന്നത നേതാവ് എം.എന്‍.ഗോവിന്ദന്‍നായര്‍ 69,822 വോട്ടുകള്‍ക്കാണ് എതിര്‍സ്ഥാനാര്‍ഥി (ബിഎല്‍ഡി) പി.വിശ്വംഭരനെ തോല്‍പ്പിച്ചത്.

1996ല്‍ കെ.വി.സുരേന്ദ്രനാഥ് 20,802 വോട്ടുകള്‍ക്കു കോണ്‍ഗ്രസിലെ എ.ചാൾസിനെ തോല്‍പ്പിച്ചു. 2004ല്‍ പി.കെ.വാസുദേവന്‍ നായര്‍ 54,603 വോട്ടുകള്‍ക്കു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്.ശിവകുമാറിനെ തോല്‍പ്പിച്ചു. പി.കെ.വാസുദേവന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 74,200 വോട്ടുകള്‍ക്കാണ് പന്ന്യന്‍ രവീന്ദ്രന്‍ വി.എസ്.ശിവകുമാറിനെ പരാജയപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com