ADVERTISEMENT

ശ്രീനഗർ∙ ആരാണു പുൽവാമ ഭീകരാക്രമണത്തിനു പിന്നിലെ ശക്തികേന്ദ്രം? ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ദറാണു സ്ഫോടനം നടത്തിയതെങ്കിലും ആക്രമണ പദ്ധതിക്കു രൂപം നൽകിയതു മറ്റൊരാളാണെന്നു വ്യക്തമാക്കുന്നു ഇന്റലിജൻസ് വിഭാഗം. സംശയത്തിന്റെ മുന നീളുന്നതാകട്ടെ ജയ്ഷെ കമാൻഡറായ അബ്ദുൽ റഷീദ് ഘാസിക്കു നേരെയും. അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള, സ്ഫോടക വിദഗ്ധനാണ് ഇയാൾ.

ഭീകരാക്രമണങ്ങൾക്ക് ഉപയോഗപ്പെടുത്താനാകും വിധം സ്ഫോടക വസ്തുക്കൾ (ഐഇഡി) തയാറാക്കുന്നതിലെ വൈദഗ്ധ്യമാണ് ഇയാളെ ദൗത്യത്തിനു നിയോഗിക്കാൻ കാരണമെന്നു വിലയിരുത്തപ്പെടുന്നു. ഡിസംബർ മുതൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായും ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 

പാർലമെന്റ് ആക്രമണ കേസിനു പിന്നിൽ പ്രവർത്തിച്ച അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികദിനമായ ഫെബ്രുവരി ഒൻപതിന് ആക്രമണം പദ്ധതിയിടുന്നുവെന്ന വിധത്തില്‍ സൂചനകൾ ഇന്റലിജൻസിനു ലഭിച്ചിരുന്നു. മുൻമാസങ്ങളിൽ പിടിച്ചെടുത്ത സംഭാഷണങ്ങളിലൊന്നും അത്തരത്തിലുള്ളതായിരുന്നു.

‘ബഡാ ഹോനാ ചാഹിയേ, ഹിന്ദുസ്ഥാൻ രോനാ ചാഹിയേ’ എന്നായിരുന്നു സന്ദേശം. ഇന്ത്യയെ കരയിപ്പിക്കാൻ തക്കവിധം വലുതായിരിക്കണം ആക്രമണമെന്നായിരുന്നു അർഥം. ഇതിനു പിന്നാലെയാണ് ഘാസിയെ ജയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹർ കശ്മീരിലേക്ക് അയച്ചതെന്നാണു സൂചന. ഡിസംബര്‍ മധ്യത്തോടെയായിരുന്നു ഇത്. കശ്മീരിലേക്ക് ഡിസംബർ ഒൻപതിന് ഘാസി ഒളിച്ചുകടന്നതായാണു വിവരം. അവിടെനിന്നു ഡിസംബർ അവസാനത്തോടെ പുൽവാമയിലെത്തി.

മസൂദ് അസ്ഹറിന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായി മുംബൈയിൽ പ്രതിഷേധ പ്രകടനം നടത്തുന്നവർ (ഫയൽ ചിത്രം)
മസൂദ് അസ്ഹറിന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായി മുംബൈയിൽ പ്രതിഷേധ പ്രകടനം നടത്തുന്നവർ (ഫയൽ ചിത്രം)

ഇയാളുടെ യാത്രാവഴികളും വ്യത്യസ്തമായിരുന്നു. കാൽനടയായിട്ടായിരുന്നു ഏറെ ദൂരവും പിന്നിട്ടത്. സ്വകാര്യ വാഹനങ്ങൾ ഒട്ടും ഉപയോഗിക്കാതെ പൊതുവാഹനങ്ങളിലായിരുന്നു ശേഷിച്ച യാത്ര. അസ്ഹറിന്റെ ബന്ധുക്കളും ജയ്ഷെ കമാൻഡർമാരുമായ തൽഹ, ഉസ്മാൻ എന്നിവരുടെ കൊലപാതകത്തിലുള്ള പ്രതികാരത്തിന്റെ ഭാഗമായിട്ടായിരുന്നു ഘാസി ആക്രമണം പദ്ധതിയിട്ടത്. ഉസ്മാന്റെ മരണത്തിനു തൊട്ടുപിന്നാലെ, പ്രതികാരം ചെയ്യുന്ന കുറിപ്പും ജയ്ഷെ പുറത്തുവിട്ടിരുന്നു. 

ജയ്ഷെയിലെ അഫ്സൽ ഗുരു സ്ക്വാഡിന്റെ പങ്കാളിത്തവും ഇന്ത്യ അന്വേഷിക്കുന്നുണ്ട്. പുൽവാമയിൽ ആക്രമണം നടന്നു മിനിറ്റുകൾക്കകം സമൂഹമാധ്യമമായ ടെലഗ്രാമില്‍ ജയ്ഷെ അനുകൂല അക്കൗണ്ടുകളിലെല്ലാം വിവിധ സന്ദേശങ്ങളെത്തിയിരുന്നു. ഇന്ത്യയോട് പ്രതികാരം ചെയ്തു എന്ന മട്ടിലുള്ളവയായിരുന്നു സന്ദേശങ്ങൾ. ഇതാണ് അഫ്സൽ ഗുരു സ്ക്വാഡിന്റെ പങ്കാളിത്തത്തെപ്പറ്റി സംശയം ജനിപ്പിക്കുന്നത്.

ഇതിനു പിന്നാലെ ജയ്ഷെയിൽ വഖാസ് കമാൻഡർ എന്നറിയപ്പെട്ടിരുന്ന ആദിൽ അഹമ്മദിന്റെ വിഡിയോയും എത്തി. അസ്ഹറിന്റെ ബന്ധുക്കളെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് ആക്രമണമെന്ന് ഇയാൾ പറയുന്നുണ്ട്. 

ഇന്ത്യൻ സുരക്ഷാവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും ജയ്ഷെ മുഹമ്മദിന്റെ ഭാഗത്തു നിന്നുണ്ടായി. ഫെബ്രുവരി 10നു നടത്തിയ ഗ്രനേഡ് ആക്രമണമായിരുന്നു അത്. അഫ്സൽ ഗുരു സ്ക്വാഡിൽപ്പെട്ടവർ ശ്രീനഗറിലെ ലാൽ ചൗക്കിലാണ് സിആർപിഎഫ് പട്രോൾ സംഘത്തിനു നേരെ ആക്രണം നടത്തിയത്. അന്നു ഗ്രനേഡ് പൊട്ടിത്തെറിച്ച് ഏഴു സൈനികർക്കും നാലു സാധാരണക്കാര്‍ക്കും പരുക്കേറ്റു. ഫെബ്രുവരി 14ലെ യഥാർഥ ആക്രമണപദ്ധതിയിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നും ഇന്റലിജൻസ് വിലയിരുത്തുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി പത്തിനും സ്ക്വാഡിലെ നാലു പേർ സൈന്യത്തിന്റെ സുൻജുവാൻ ക്യാംപ് ആക്രമിച്ചിരുന്നു. അന്ന് ഭീകരരെ നയിച്ച മുഫ്തി വഖാസ് തൊട്ടടുത്ത മാസം കൊല്ലപ്പെട്ടു. സുൻജുവാനിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു സൈനികന്റെ പിതാവും മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com