ADVERTISEMENT

തിരുവനന്തപുരം ∙ കാസർകോട് സിപിഎം സംഘം വെട്ടി വീഴ്ത്തിയ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിണറായി ഭരണത്തിനു കീഴിൽ നടക്കുന്ന ചുവപ്പു ഭീകരതയുടെ ഒടുവിലത്തെ ഇരകളാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ആരോപിച്ചു.

കൊല്ലപ്പെടുന്നത് ഏതുകക്ഷിയിൽപെട്ടവരായാലും കൊല്ലുന്നവർ സിപിഎമ്മുകാരാണെന്ന ചരിത്രം ആവർത്തിക്കുകയാണ്. ഇതൊക്കെയായിട്ടും സിപിഎമ്മും കോൺഗ്രസും അഖിലേന്ത്യാ തലത്തിൽ മാത്രമല്ല കേരളത്തിലും സഖ്യത്തിലും സഹകരണത്തിലുമാണെന്നതാണ് ഏറെ വിചിത്രം. കോൺഗ്രസ് പ്രവർത്തകർ ഇതിനായി നൽകുന്ന വില കനത്തതായിരിക്കും.

വാസ്തവത്തിൽ അണികളെയും അനുയായികളെയും കൊടുംവഞ്ചനയ്ക്കു വിധേയമാക്കുകയാണു കോൺഗ്രസ് നേതൃത്വം. കാസർകോട്ടെ ഇരട്ട കൊലപാതകത്തെക്കുറിച്ച് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ ആ അരുംകൊലയുടെ പിന്നിലുംമുന്നിലും പ്രവർത്തിച്ച സിപിഎമ്മിനെ പറ്റി പരോക്ഷമായിപ്പോലും ഒരു വാക്ക് പരാമർശിച്ചിട്ടില്ല എന്നത് ഈ വഞ്ചന തുറന്നുകാട്ടുന്നു.

തങ്ങളുടെ പാർട്ടിയോടും പ്രത്യയശാസ്ത്രത്തോടും പ്രതിബദ്ധതയുള്ള കോൺഗ്രസ് പ്രവർത്തകർ ഈ രാഷ്ട്രീയ വഞ്ചന തിരിച്ചറിയേണ്ടതും അതിനെതിരെ പ്രതികരിക്കേണ്ടതുമാണ്.

രാഹുൽ ഗാന്ധി മാത്രമല്ല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വരെ അണികളെയും പ്രവർത്തകരെയും വഞ്ചിക്കുന്നതിനു നേതൃത്വം നൽകുകയാണ്. സിപിഎമ്മും കോൺഗ്രസുമായി ബിജെപിക്കെതിരെ സഹകരണമാവാം എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പച്ചക്കൊടിയുടെ ബലിയാടുകളാണു യഥാർഥത്തിൽ കാസർകോട്ടു പിടഞ്ഞുമരിച്ച രണ്ടു യൂത്ത് കോൺഗ്രസുകാർ.

വധഭീഷണി ഉണ്ടായിരുന്നിട്ടും പുറത്തിറങ്ങാനും  പ്രവർത്തിക്കാനും ഈ രണ്ടു യുവാക്കൾക്കു ധൈര്യം പകർന്നതു കോൺഗ്രസ്- സിപിഎം സഹകരണത്തെക്കുറിച്ചുള്ള സംസാരമാണ്.

പക്ഷേ അവരെ ഇരുട്ടിന്റെ മറവിൽ സിപിഎമ്മുകാർ അരിഞ്ഞു വീഴ്ത്തുകയായിരുന്നു. സിപിഎം- കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ആഴവും അതിന്റെ അപകടവും മനസ്സിലാക്കി പ്രതികരിക്കാൻ ബിജെപി ആഹ്വാനം ചെയ്യുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ ബിജെപി ശക്തിയായി അപലപിക്കുന്നു– ശ്രീധരൻപിള്ള പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com