ADVERTISEMENT

കൊച്ചി∙ മഹാരാജാസ് ചരിത്രത്തിൽ നൂറ്റാണ്ട് ഇടവേളയിൽ ഒരേ ഫ്രേമിൽ നാലു തലമുറകളുടെ അപൂർവ സംഗമം. ഒന്നര നൂറ്റാണ്ടു മുമ്പ് മുതുമുത്തച്ഛന്റെ കാൽപാദം പതിഞ്ഞ മണ്ണു തേടി പിൻതലമുറയുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം എറണാകുളം മഹാരാജാസ് കോളജിലെത്തി.

വിഡിയോ സ്റ്റോറി കാണാം

മഹാരാജാസിന്റെ ആദ്യ പ്രിൻസിപ്പൽ ആൽഫ്രഡ് ഫോബ്സ് സീലിയുടെ കൊച്ചു മക്കൾ നാലാം തലമുറക്കാരി  മാരിയൺ കെല്ലി, അഞ്ചാം തലമുറക്കാരൻ റൂപർട് പിയറ്റർ സീലി, ആറാം തലമുറക്കാരൻ ആൻഡ്രെ സീലി എന്നിവരാണ് മുതുമുത്തച്ഛൻ സൃഷ്ടിച്ച ചരിത്രം തേടി ഇംഗ്ലണ്ടിൽ നിന്നു കൊച്ചിയിലെത്തിയത്.

കഴിഞ്ഞ പത്തു വർഷമായി സീലിയുടെ അഞ്ചാം തലമുറക്കാരൻ കൊച്ചുമകൻ റൂപർട് പിയറ്റർ സീലി കേരളത്തിലുണ്ടെങ്കിലും അവരുടെ മുതുമുത്തഛൻ കൊച്ചിയിൽ സൃഷ്ടിച്ച ചരിത്രത്തെക്കുറിച്ച് അറിയില്ലായിരുന്നു. ആലപ്പുഴ ജില്ലയിലെ മാരാരികുളത്ത് ടൂറിസം ബിസിനസ് രംഗത്താണ് റൂപർട് സീലി. അമ്മ മാരിയൺ കെല്ലി ഇന്ത്യയിലേയ്ക്ക് പുറപ്പെടും മുമ്പ് അങ്കിൾ നൽകിയ പേപ്പർ കട്ടിങ്ങാണ് വഴിത്തിരിവായത്.

സീലി കൊച്ചിയിൽ ഒരു കോളജിലെ പ്രിൻസിപ്പലെന്നു വ്യക്തമാക്കുന്ന ഒരു ശിലാഫലകത്തിനൊപ്പം നിന്ന് കുടുംബാംഗങ്ങളിൽ ഒരാൾ പകർത്തിയ ഫോട്ടോയും അതൊടൊപ്പമുള്ള വിവരങ്ങളുമാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. കോളജിന്റെ ആദ്യ പ്രിൻസിപ്പലിന്റെ പിൻതലമുറക്കാർ കോളജിലെത്തുന്നതറിഞ്ഞപ്പോൾ നിലവിലുള്ള പ്രിൻസിപ്പൽ ഡോ. കെ.എൻ. കൃഷ്ണകുമാർ അവരെ ആദരവോടെ സ്വീകരിക്കുകയായിരുന്നു. കോളജിന്റെ 62ാമത് പ്രിൻസിപ്പലാണ് ഡോ. കെ.എൻ. കൃഷ്ണകുമാർ.

ശരിക്കും സർപ്രൈസ്ഡ്

ഒന്നര നൂറ്റാണ്ടു മുൻപ് തന്റെ മുതുമുത്തച്ഛൻ പണികഴിപ്പിച്ച കെട്ടിടമാണ് മഹാരാജാസ് കോളജിന് ഇപ്പോഴുമുള്ളത് എന്നു കണ്ട മാരിയൺ കെല്ലിക്ക് അത്ഭുതം അടക്കാനായില്ല. ഉറപ്പുള്ള മരപ്പടികളിലൂടെ മുകളിലെ തടിച്ച ഭിത്തികളുള്ള മുറികളിലേയ്ക്കു നടന്നു കയറുമ്പോൾ മാരിയൺ കെല്ലിക്ക് അഭിമാനം വാനോളം ഉയർന്നു.

ലൈബ്രറി കെട്ടിടത്തിനു മുകളിലെ നിലയിലുള്ള ഹാളിൽ പ്രദർശിപ്പിച്ചിട്ടുള്ള മുതുമുത്തച്ഛൻ എ.എഫ്. സീലിയുടെ പടം കണ്ടപ്പോൾ അതിലേറെ ആഹ്ലാദം. ഒട്ടും മറച്ചുവയ്ക്കാതെ അവരത് മകന്റെയും രണ്ടര വയസുകള്ള കൊച്ചു മകൻ ആൻഡ്രെയ്ക്കും മുന്നിൽ പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. 

സീലി: കൊച്ചിയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്

കൊച്ചി രാജ്യത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവായാണ് ആൽഫ്രഡ് ഫോബ്സ് സീലി അറിയപ്പെടുന്നത്. എന്റമോളജിയിൽ എംഎ. ബിരുദധാരിയായിരുന്ന എ.ഫ്. സീലി എറണാകുളം എലിമെന്ററി സ്കൂൾ ഹെഡ്മാസ്റ്ററായാണ് ഇവിടെ സേവനം ആരംഭിക്കുന്നത്. തുടർന്ന് 24 വർഷം സ്കൂൾ ഹെഡ്മാസ്റ്ററായും കോളജായി ഉയർത്തിയപ്പോൾ കോളജ് പ്രിൻസിപ്പലായും കൊച്ചി രാജ്യത്തെ പബ്ലിക് ഇൻസ്ട്രക്ഷൻ ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. കോളജ് ആരംഭിച്ച് 18 വർഷം പ്രിൻസിപ്പലായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം കൊച്ചിയോടു വിടപറഞ്ഞത്. 

എ.എഫ്. സീലി നേരത്തെ ജോലി ചെയ്ത കേംബ്രിജ് സർവകലാശാല കെട്ടിടത്തിന്റെ മാതൃകയിൽ സ്വന്തം മേൽനോട്ടത്തിലായിരുന്നു അന്നത്തെ എറണാകുളം കോളജ് കെട്ടിടത്തിനു രൂപം നൽകിയത്. ഇന്നും കൂടുതൽ കരുത്തോടെ, തലയെടുപ്പോടെയാണ് സീലി നിർമിച്ച കെട്ടിടവും ചവിട്ടു പടികളുമെല്ലാം നിലനിൽക്കുന്നത്. അദ്ദേഹത്തിന് കൊച്ചി യാത്ര അയപ്പ് നൽകുമ്പോൾ ‘ഞങ്ങൾ ഈസ്റ്റിന്ത്യാ കമ്പനിയുടെ ജോലിക്കാരാണെങ്കിലും ഏഷ്യൻ വൻകരയുടെ ഇരുണ്ട പ്രദേശത്ത് വെളിച്ചം പ്രസരിപ്പിക്കുക എന്ന ദൗത്യമാണ് ഞാൻ നിർവഹിച്ചതെന്നു വിശ്വസിക്കുന്നു’ എന്നു പറഞ്ഞാണ് അദ്ദേഹം അന്ന് ക്യാംപസിൽ നിന്ന് ഇറങ്ങി നടന്നത്.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ജോലിക്കാരായി എത്തിയ വില്യം ബഞ്ചമിൻ ഡൊവ്ഡൺ സീലിയുടെയും മേരി ആനി ബേർസിന്റെയും മകനായി ഇന്ത്യയിൽ തന്നെയാണ് ആൽഫ്രഡ് ഫോബ്സ് സീലി ജനിച്ചത്. സ്വന്തം നാട്ടിൽ വിദ്യാഭ്യാസം നേടി ജോലി പരിചയവും ആർജിച്ച ശേഷമാണ് അദ്ദേഹം കൊച്ചിയിലേയ്ക്കു മടങ്ങിയെത്തുന്നത്. കൊച്ചിയിൽ ജോലി അവസാനിപ്പിച്ച ശേഷം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോയതുകൊണ്ടു തന്നെ ഇപ്പോൾ പിൻ തലമുറക്കാരെല്ലാം ബ്രിട്ടനിലാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com