ADVERTISEMENT

കാസര്‍കോട്∙ പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് സിപിഎം അനുഭാവികള്‍ കസ്റ്റഡിയില്‍. കൃപേഷിനെ ഭീഷണിപ്പെടുത്തിയവരെയും വൈരാഗ്യമുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളികള്‍ അതിര്‍ത്തി കടന്നെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടക പൊലീസിന്റെ സഹായം തേടിയതിനൊപ്പം അന്വേഷണസംഘം വിപുലീകരിക്കുകയും ചെയ്തു.

സംഭവം രാഷ്ട്രീയ കൊലപാതകമെന്നും പിന്നില്‍ സിപിഎമ്മാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സിപിഎം അനുഭാവികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നത്. കൊലനടന്ന പ്രദേശത്തിനു സമീപത്തു നിന്ന് രണ്ട് ബൈക്കുകളും മൊബൈലുകളും കണ്ടെടുത്തു. നിലവില്‍ കസ്റ്റഡിയിലുള്ളവരുടേതാണ് ഈ ബൈക്കെന്നാണു സൂചന. അങ്ങിനെയെങ്കില്‍ ഇവര്‍ക്കു കൊലയില്‍ പങ്കോ അറിവോ ഉണ്ടെന്നാണു സംശയം.

കൃപേഷിന്റെയും ശരത് ലാലിന്റെയും മൊബൈലിലേക്ക് 12 മണിക്കൂറിനിടെയെത്തിയ ഫോണ്‍വിളികളും പരിശോധിച്ചു വരികയാണ്. കൊലയിലേക്കു നയിച്ച കാരണമെന്ന നിലയില്‍ രണ്ടു സാഹചര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഒന്ന് കഴിഞ്ഞ ഫെബ്രുവരി, ജൂലൈ മാസങ്ങളില്‍ സിപിഎം പ്രവര്‍ത്തകരായ നിധിന്‍, അരുണേഷ്, നീരജ് എന്നിവര്‍ സമൂഹമാധ്യമങ്ങളിലൂടെ കൃപേഷിനു വധഭീഷണി മുഴക്കിയത്.  കൃപേഷിന്റെ പരാതിയില്‍ കേസെടുത്ത ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.

ജനുവരി 5, 6 തീയതികളില്‍ സിപിഎം നിയന്ത്രണത്തിലെ ക്ലബ് ആക്രമിച്ചതിനും പീതാംബരന്‍ എന്നയാളെ ആക്രമിച്ചതിനും കൃപേഷിനും ശരതിനുമെതിരെ കേസുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം കൊലയില്‍ കലാശിച്ചെന്നതാണു മറ്റൊരു സംശയം. കൊലയാളി സംഘം കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലേക്കു കടന്നിരിക്കാമെന്ന വിലയിരുത്തലില്‍ അന്വേഷണത്തിന് കര്‍ണാടക പൊലീസിന്റെ സഹായം തേടി. ജില്ലാ ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. ഡിവൈഎസ്പി എം. പത്മകുമാറിന്റെ നേതൃത്വത്തിലാണു അന്വേഷണ സംഘം പ്രവർത്തിക്കുക. എഡിജിപി അനില്‍കാന്ത് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കാസര്‍കോട് ക്യാംപ് ചെയ്യുന്നതായും ഡിജിപി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com