ADVERTISEMENT

ഹേഗ്∙ പാക്കിസ്ഥാൻ ജയിലിൽ‌ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് പാക്ക് മിലിറ്ററി കോടതി വിധിച്ച വധശിക്ഷ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ. കുൽഭൂഷൺ ജാദവിന്റെ കേസിൽ പാക്കിസ്ഥാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്കു കൂടിക്കാഴ്ചയ്ക്കുള്ള അനുമതി അടക്കം നിഷേധിച്ചത് അന്വേഷണത്തെ ബാധിച്ചു.

പാക്കിസ്ഥാന്റെ സമ്മത പ്രകാരം 2017 ഡിസംബർ 25ന് കുൽഭൂഷന്റെ കുടുംബം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ചയുടെ സ്വഭാവത്തെ നിരാശയോടെയാണ് ഇന്ത്യ കണ്ടത്. ഇതിനെതിരെ പ്രതിഷേധം അറിയിച്ച് ഡിസംബർ 27ന് ഇന്ത്യ കത്തയച്ചിരുന്നതായും ഇന്ത്യയ്ക്കു വേണ്ടി ഹാജരായ ഹരീഷ് സാൽവെ വ്യക്തമാക്കി.

കുൽഭൂഷണ്‍ ജാദവിനെ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്കു കാണാൻ അനുവദിക്കുന്നതിനു 3 മാസം സമയമെടുത്തത് എന്തിനാണെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കണം. ഉടമ്പടി ലംഘനം സംബന്ധിച്ചു പ്രശ്നങ്ങളുണ്ടായതിനാലാണ് ഇതെന്നാണു പാക്കിസ്ഥാൻ പറഞ്ഞിരുന്നത്. എന്നാൽ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

കുൽഭൂഷൻ ജാദവിനെ അറസ്റ്റ് ചെയ്ത കാര്യം പാക്കിസ്ഥാൻ ഇന്ത്യയെ അറിയിച്ചില്ല. കുൽഭൂഷൺ ജാദവിനെതിരെ ചുമത്തിയിട്ടുള്ള കൃത്യമായ കുറ്റങ്ങളെന്തൊക്കെയെന്നു വ്യക്തമാക്കാൻ പാക്കിസ്ഥാൻ തയാറായിട്ടില്ല. കേസിലെ വിചാരണ കഴിഞ്ഞ ശേഷമാണ് പാക്കിസ്ഥാൻ തെളിവുശേഖരണം നടത്തിയതെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിൻമേലാണു വാദം പുരോഗമിക്കുന്നത്.

നാലു ദിവസത്തെ വാദത്തിൽ ആദ്യ രണ്ടു ദിവസങ്ങളിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും വാദിക്കാനുള്ള അവസരം ലഭിക്കും. മൂന്നാം ദിവസം ഇന്ത്യയ്ക്കും നാലാം ദിവസം പാക്കിസ്ഥാനും മറുപടി നൽകാനുള്ള സമയമാണ്. ചാരപ്രവർത്തനം, ഭീകരാക്രമണം എന്നീ കുറ്റങ്ങൾക്കാണ് 2017ൽ ജാദവിനെ (48) പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com