ADVERTISEMENT

തിരഞ്ഞെടുപ്പു യുദ്ധത്തിന്റെ നിഴലിൽ നിന്നു രാജ്യം യുദ്ധത്തിന്റെ നിഴലിലേക്കു നീങ്ങിയിരിക്കുന്നു. 2001 ഡിസംബർ 13നു പാർലമെന്റ് ആക്രമണമുണ്ടായപ്പോഴും 2008 നവംബർ 26നു മുംബൈയിൽ ലഷ്കർ ഭീകരർ സാധാരണക്കാരെ കൊന്നൊടുക്കിയപ്പോഴും സംഭവിച്ചതു തന്നെ. വെടിയുണ്ടകളുടെയും സ്ഫോടനങ്ങളുടെയും ഒറ്റ ദിനം. പിന്നാലെ, സമാധാനത്തിനു പകരം യുദ്ധാന്തരീക്ഷം. ഇന്ത്യയുടെ സൈനിക ശക്തിയോടു പാക്കിസ്ഥാന്റെ സ്വാഭാവിക പ്രതികരണം ഒളിയാക്രമണമാണ്. സ്വാതന്ത്ര്യത്തിനു ശേഷം നാലു വട്ടം നേർക്കു നേർ പോരാട്ടത്തിൽ പരാജയപ്പെട്ട രാജ്യം, കരുത്തിനെ ഭീകരത കൊണ്ടു നേരിടുന്നു.

പുൽവാമയ്ക്കു ശേഷം 16 സംസ്ഥാനങ്ങളിൽ 40 സംസ്കാരങ്ങൾ കഴിഞ്ഞിരിക്കുന്നു. മുറിവേറ്റ നാടു കാത്തിരിക്കുന്നതു സൈന്യത്തിന്റെ തിരിച്ചടിക്കാണ്. അതിനു സ്ഥലവും സമയവും നിശ്ചയിക്കാൻ സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. എങ്കിലും തിരിച്ചടിയെന്നാൽ വികാരപ്രകടനം മാത്രമാകില്ലെന്ന സൂചനയും വ്യക്തം. 2008 മുംബൈ ആക്രമണത്തിനു ശേഷവും സൈനികാക്രമണത്തിനുള്ള മുറവിളി രാജ്യമെങ്ങും നിന്നുണ്ടായി. അന്നും അക്രമികൾ പാക്ക് ഭീകരരാണെന്നതിൽ സംശയമുണ്ടായിരുന്നില്ല; അവർക്കു പിൻബലം പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ആണെന്നതിലും.

സൈന്യത്തിലെയും ഉദ്യോഗസ്ഥവൃന്ദത്തിലെയും പ്രമുഖർ ആദ്യം നിർദേശിച്ചതു സൈനിക തിരിച്ചടിയാണ്. അതല്ലെങ്കിൽ ഭീകരകേന്ദ്രങ്ങളിൽ മിന്നലാക്രമണം. ജനപിന്തുണയോടെയുള്ള ഇത്തരം പ്രത്യാക്രമണമായിരുന്നു ഒറ്റ നോട്ടത്തിൽ സർക്കാരിനും നേട്ടം. എങ്കിലും ആത്യന്തികമായി സൈനിക നടപടിയുണ്ടാവാതെ പോയതിനു പല കാരണങ്ങളുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണത്തിനു മുൻപു തന്നെ പാക്കിസ്ഥാൻ തങ്ങളുടെ സൈന്യത്തെ അതിർത്തിയിലേക്കു നീക്കിയിരുന്നു. അതായത്, തിരിച്ചടിയുണ്ടായേക്കാമെന്ന് അവർ മുൻകൂട്ടി കണ്ടിരുന്നു. അല്ലെങ്കിൽ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ആസൂത്രണത്തിന്റെ ഭാഗമായിരുന്നു സൈനിക നീക്കവും.

ആക്രമണത്തിനു പിന്നാലെ ആവലാതിയുമായി യുഎന്നിനെയും രാജ്യാന്തര സമൂഹത്തെയും ആദ്യം സമീപിച്ചതും പാക്കിസ്ഥാനാണ്. ആണവ രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടാകാതെ നോക്കണമെന്നായിരുന്നു അവരുടെ ആവശ്യം. യുദ്ധത്തിനിറങ്ങിയാൽ മുംബൈയിലുണ്ടായതു വിസ്മരിക്കപ്പെടുമെന്നും രാജ്യാന്തര സമൂഹത്തിന്റെ പൂർണ പിന്തുണ നമുക്ക് ഉറപ്പാക്കാനാവാതെ വരുമെന്നും ഇന്ത്യ അനുമാനിച്ചു. ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണവും ഉദ്ദേശിച്ച ഫലം നൽകുമായിരുന്നില്ല. കാരണം, ജനവാസമേഖലകളിൽ തട്ടിക്കൂട്ടിയ താൽക്കാലിക സങ്കേതങ്ങളായിരുന്നു ലഷ്കർ ഭീകരരുടേത്. നൂറു കണക്കിനു സാധാരണക്കാരുടെ മരണം ഒഴിവാക്കാനാകുമായിരുന്നില്ല. ആഗോള സാമ്പത്തിക പ്രതിസന്ധിക്കൊപ്പം യുദ്ധമുണ്ടാകുന്നത് ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയാകുമായിരുന്നു.

വ്യക്തമായ തെളിവുകൾ ശേഖരിച്ചും അതു രാജ്യാന്തര സമൂഹത്തിനു മുന്നിൽ സമർപ്പിച്ചും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ കഴിഞ്ഞതായിരുന്നു ഇന്ത്യയുടെ പ്രധാന നേട്ടം. അന്നു സൗദി അറേബ്യയും ഗൾഫ് രാജ്യങ്ങളും രാജ്യാന്തര സമൂഹവും ഇന്ത്യക്കൊപ്പം നിന്നു. പുൽവാമ ആക്രമണത്തിനു ശേഷവും ഇസ്‌ലാമിക രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നു. യുഎസ്, റഷ്യ, ജപ്പാൻ, യുകെ, ഇസ്രയേൽ തുടങ്ങി പ്രമുഖരാകെ ഇന്ത്യയെ പിന്തുണയ്ക്കുന്നു. പാക്കിസ്ഥാൻ ഭീകരതയുടെ താവളവും ഇന്ത്യ ഭീകരതയുടെ ഇരയുമാണെന്ന ബോധ്യം രാജ്യാന്തര സമൂഹത്തിനുണ്ട്. അന്നു രൂപപ്പെട്ട ദേശീയ സാഹോദര്യവും ഇത്തവണ വീണ്ടും കാണാനുണ്ട്. തിരഞ്ഞെടുപ്പ് അടുത്തു നിൽക്കുമ്പോൾ പ്രതിപക്ഷം സർക്കാരിനെതിരെ ശബ്ദമുയർത്തുന്നില്ല. രാജ്യം ഒറ്റക്കെട്ടാണ്.

എന്നാൽ, മുംബൈയ്ക്കു ശേഷമുണ്ടായ നടപടികൾ അന്നത്തെ ആഭ്യന്തര, രാജ്യാന്തര സാഹചര്യങ്ങളെ ആശ്രയിച്ചായിരുന്നു. ഇത്തവണ അതിന്റെ തനിയാവർത്തനം മതിയാവില്ല. കശ്മീർ വീണ്ടും യുദ്ധക്കളമാവുകയും കൂടുതൽ ഭീകരാക്രമണങ്ങൾക്കു വഴി തെളിയുകയും ചെയ്യുമ്പോൾ ഇന്ത്യ, ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കാൻ നിർബന്ധിതമാണ്. 2008നു ശേഷം ഇന്ത്യയ്ക്ക് അനുകൂലമായി രൂപപ്പെട്ട രാജ്യാന്തര നിലപാട് അതിനു സഹായകമാണ്.

എങ്കിലും ദുർബലമായ മഞ്ഞുപാളിക്കു മുകളിലൂടെയുള്ള യാത്ര പോലെ ദുഷ്കരമാണത്. കാരണം, തുടർനടപടികൾ, ആണവരാജ്യങ്ങൾ തമ്മിലുള്ള പോരാട്ടമായി രൂപാന്തരപ്പെടാതിരിക്കണം. അതു പാക്ക് സൈന്യത്തെ ദുർബലമാക്കുന്നതിനൊപ്പം അവരുടെ ജനാധിപത്യത്തെ നിലനിർത്തുന്നതുമാവണം.. അതോടൊപ്പം, നമ്മുടെ രാജ്യത്തു ന്യൂനപക്ഷങ്ങൾ ശിക്ഷിക്കപ്പെടാതിരിക്കുകയും ഇന്ത്യയെന്ന ആശയം നിലനിൽക്കുകയും വേണം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com