ADVERTISEMENT

കൊച്ചി∙ തുടർച്ചയായ ഏഴാം വ്യാപാര ദിവസവും ഇന്ത്യൻ വിപണിയുടെ വ്യാപാരം താഴോട്ടു തന്നെയാണ്. കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിൽ നിഫ്റ്റിക്ക് 400 പോയിന്റ് നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച 10724.40ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 10738.65ലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് കനത്ത ഇടിവ് നേരിട്ട നിഫ്റ്റിയിൽ 0.71ശതമാനം വരെ ഇടിവ് നേരിട്ടു. ഒരുവേള നിഫ്റ്റി സൂചിക 10639.50 വരെ ഇടിവ് രേഖപ്പെടുത്തി.

സെൻസെക്സാകട്ടെ 35808.85ൽ വെള്ളിയാഴ്ച ക്ലോസ് ചെയ്തെങ്കിലും 35831.18ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരു വേള 35525.96 വരെ ഇന്ന് സെൻസെക്സിന് ഇടിവു നേരിട്ടു. നിഫ്റ്റി ഇൻട്രാ ഡേയിൽ 10620 റേഞ്ചിൽ സപ്പോർട്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. മുകളിലേയ്ക്ക് 10700 ലെവലിൽ വീണ്ടും വിപണി റെസിസ്റ്റൻസ് നേരിട്ടേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണിയിൽ ഇന്ന് ശ്രദ്ധിക്കാൻ

∙ ഇന്ത്യൻ വിപണി ഒഴികെ ഏഷ്യയിലെ വിപണികളിലെല്ലാം പോസിറ്റീവ് പ്രവണതയാണുള്ളത്. പ്രത്യേകിച്ച് ചൈന, ജപ്പാൻ, ഹോങ്കോങ് വിപണികളിൽ ഒന്നര ശതമാനത്തിനു മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
∙ യുഎസ് വിപണി കഴിഞ്ഞ ദിവസം പോസിറ്റീവായാണ് ക്ലോസ് ചെയ്തത്.

∙ യുഎസ് – ചൈന വ്യാപാര ചർച്ചകൾ കഴി‍ഞ്ഞയാഴ്ച ചൈനയിൽ സമാപിച്ചു. യുഎസിൽ വ്യാപാര ചർച്ചകൾ ആരംഭിച്ചു. ഈ ചർച്ചകൾ ഫലം കാണുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഒരുപക്ഷെ മാർച്ച് ഒന്നിനു മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിച്ചേക്കും എന്നാണ് കണക്കു കൂട്ടൽ. ഇതാണ് ഏഷ്യൻ വിപണികളുടെ പോസിറ്റീവ് പ്രവണതയ്ക്ക് ഒരു കാരണം.

∙ ഇന്ത്യയെ സംബന്ധിച്ച് രാജ്യാന്തര വിപണിയിൽ എണ്ണ വിലയിലുണ്ടാകുന്ന വർധന ബാധിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തെ ശരാശരിയിൽ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ എണ്ണ വില ഉള്ളത്. ഇന്ധന വിതരണത്തിൽ കുറവുണ്ടായേക്കും എന്ന റിപ്പോർട്ടുകളാണ് എണ്ണ വില ഉയരാൻ കാരണം. ഇത് ഇന്ത്യൻ വിപണിക്ക് ദോഷമാണ്.
∙ മുൻനിര ഓഹരികളിലെല്ലാം ഈ ദിവസങ്ങളിൽ കനത്ത വിൽപന സമ്മർദം പ്രകടമാണ്.

∙ ഇന്ന് ഏറ്റവും നെഗ്റ്റീവ് പ്രവണത ദൃശ്യമാകുന്നത് ഓട്ടോ, എനർജി, എഫ്എംസിജി സെക്ടറുകളിലാണ്. റിയൽഎസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലുള്ള ഓഹരികളിൽ നേരിയ പോസിറ്റീവ് പ്രവണത കാണുന്നു.
∙ വിപണി ഈ ദിവസങ്ങളിൽ കൂടുതൽ മധ്യനിര, ചെറുകിട ഓഹരികളിൽ വിൽപന സമ്മർദം കാണിക്കുന്നുണ്ട്.
∙ ഡോളറിനെതിരെ ഇന്ത്യൻ രൂപ തകർച്ച നേരിടുകയാണ്. ഇപ്പോൾ 71.47ലാണ് വ്യാപാരം പുരോഗമിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com