ADVERTISEMENT

തിരുവനന്തപുരം∙ സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാന്‍ അഗ്നിശമനസേനാ മേധാവി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജില്ലാ ഫയര്‍ ഓഫിസര്‍മാരും റീജണല്‍ ഫയര്‍ ഓഫിസര്‍മാരും മാര്‍ച്ച് രണ്ടിനകം നടപടി സ്വീകരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, വയനാട്, എറണാകുളം ജില്ലകളില്‍ തീപിടിത്തമുണ്ടായ സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് അഗ്നിശമനസേന കടക്കുന്നത്.

പ്രവര്‍ത്തനാനുമതി വാങ്ങിയശേഷം വ്യവസ്ഥകള്‍ ലംഘിച്ചും സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നോട്ടിസ് നല്‍കും. എന്‍ഒസി എല്ലാ വര്‍ഷവും പുതുക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്ന് യോഗം വിലയിരുത്തി. അത്തരം കെട്ടിടങ്ങള്‍ക്കും നോട്ടിസ് നല്‍കും.

ഗുരുതരമായ വീഴ്ച കണ്ടത്തിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. മാര്‍ച്ച് 15നകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് ഓരോ സ്റ്റേഷനിലും എല്ലാ വിഭാഗം ജീവനക്കാരെയും ഉള്‍പ്പെടുത്തി മൂന്നുപേര്‍ വീതമുള്ള സുരക്ഷാ സ്ക്വാഡുകള്‍ രൂപീകരിക്കാനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചു.

അഗ്നിശമനസേനയില്‍ 100 പേരടങ്ങുന്ന ടാസ്ക് ഫോഴ്സ് രൂപീകരിച്ച്, കമാന്‍ഡോ മാതൃകയില്‍ പരിശീലനം നല്‍കി സജ്ജരാക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിനു മുന്നോടിയായി ജില്ലയില്‍നിന്ന് അഞ്ചുപേരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി ടാസ്ക് ഫോഴ്സിന്റെ പ്രാഥമിക പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനിച്ചു.

കെട്ടിടങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ‘ഒഴിപ്പിക്കല്‍ പ്ലാന്‍’ തയാറാക്കി, ആ പ്ലാനില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി ടീം രൂപീകരിക്കും. പൊതുജനങ്ങള്‍ക്ക് ഹ്രസ്വകാല കോഴ്സ് ആരംഭിക്കുന്നതിനായി കരിക്കുലം തയാറാക്കുന്നതിന് അക്കാദമി റീജിയണല്‍ ഫയര്‍ ഓഫിസറെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് മാര്‍ച്ച് 5ന് മുന്‍പ് സമര്‍പ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com