ADVERTISEMENT

ഗ്ലാസ്‌ഗോ∙ സ്‌കോട്ട്‌ലന്‍ഡിലെ അലിഷ മക്‌ഫെയില്‍സ് എന്ന ആറു വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിയായ 16 കാരന്‍ ആരോണ്‍ കാംബെല്‍ കൊടുംകുറ്റവാളിയെന്നു പൊലീസ് കണ്ടെത്തി. ചെറുപ്രായത്തിനുള്ളില്‍ തന്നെ ഇയാള്‍ മറ്റു പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ പേരു വിവരം പുറത്തുവിടരുതെന്ന കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി. ആറു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാമെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. കൗമാരക്കാരനായ ആരോണ്‍ കാംബെല്ലിന്റെ (16) പേരുവിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള വിലക്കാണു കോടതി ഇടപെട്ടു നീക്കിയത്. ഇയാള്‍ക്ക് പ്രായം 18ന് താഴെയായതിനാലായിരുന്നു നിയമപരമായ വിലക്കു ബാധകമായത്.

അടുത്ത കാലത്തൊന്നും ഇത്രയധികം ഞെട്ടലുണ്ടാക്കിയ കേസ് ഉണ്ടായിട്ടില്ലെന്ന് ജഡ്ജി ലോര്‍ഡ് മാത്യൂസ് നിരീക്ഷിച്ചു. കോടതിയില്‍ ഇതുവരെ കേട്ടതില്‍ ഏറ്റവും ക്രൂരവും പൈശാചികവുമായ കുറ്റകൃത്യമാണിതെന്നും കോടതി നിരീക്ഷിച്ചു. കുട്ടിക്കൊലയാളികളുടെ പേര് പുറത്തുവിടുന്നതിനു അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ വാദം കേട്ട ശേഷമാണ് നിര്‍ണായകമായ ഉത്തരവ് കോടതിയില്‍ നിന്നുണ്ടായത്. പൈശാചികമായ രീതിയില്‍ കൊല നടത്തിയതിന് കാംബെല്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. 2018 ജൂലൈ രണ്ടിന് സ്‌കോട്ട്‌ലന്‍ഡിലെ ബ്യൂട്ട് ദ്വീപിലാണ് അലിഷയെ കാണാതായത്. ക്രൂരമായി പീഡിപ്പിച്ച ശേഷം മരക്കൂട്ടത്തിനിടയില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

വീട്ടില്‍ ഉറങ്ങുന്നതിനിടെ എടുത്തുകൊണ്ടുപോയാണ് കാംബെല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അതിക്രൂരമായ കൊലപാതകത്തിനു ശേഷം മൃതദേഹം നഗ്‌നമാക്കി വനപ്രദേശത്ത് ഉപേക്ഷിച്ചു. 117 പരുക്കുകളാണു പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്താനായത്. കഴുത്തിലും മുഖത്തും ഉണ്ടായ ശക്തമായ ബലപ്രയോഗമാണു പെണ്‍കുട്ടിയുടെ മരണ കാരണമായി കണ്ടെത്തിയത്. 

അജ്ഞാത വസ്തുവുമായി അര്‍ധരാത്രിയിലെ കൊലയാളി

യൂ ട്യൂബ് താരമായി പ്രശസ്തിയാര്‍ജിക്കണമെന്നായിരുന്നു കേസിലെ പ്രതി ആരോണ്‍ കാംബെല്ലിന്റെ മോഹമെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ക്കൗര്‍ പ്രകടനങ്ങളുമായി ഇയാള്‍ സ്വന്തം വിഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. കാണാതായ രാത്രി കാംബെല്‍ ഒരു വസ്തുവുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഈ വിവരം പൊലീസിലെത്തിച്ചത് കൊലയാളിയുടെ അമ്മ തന്നെയാണ്.

അലിഷയെ കാണാതായ അന്ന് രാത്രി മകന്‍ വീട്ടിലേക്കു വരുന്ന ദൃശ്യങ്ങള്‍ അമ്മ പൊലീസിന് നല്‍കുകയായിരുന്നു. മകന്‍ എന്തെങ്കിലും കണ്ടിരിക്കാനുള്ള സാധ്യത ഉണ്ടാകുമെന്ന വിലയിരുത്തലിലായിരുന്നു അമ്മ. കൊല നടന്ന അന്നു രാത്രി രണ്ടു തവണയാണ് കാംബെല്‍ വീട്ടില്‍നിന്നു പുറത്തുപോയത്. 'അജ്ഞാതമായ' ഒരു വസ്തുവുമായി കാംബെല്‍ പുറത്തുപോകുന്ന ദൃശ്യങ്ങള്‍ അങ്ങനെ അന്വേഷണ സംഘത്തിനു ലഭിച്ചു. കൊല നടത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് കൊലയാളി സുഹൃത്തുക്കള്‍ക്കു വേണ്ടി വിരുന്ന് ഒരുക്കിയിരുന്നു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നും കണ്ടെത്തി. കൊല്ലപ്പെട്ട അലിഷയുടെ അച്ഛന്‍ റോബര്‍ട്ട് മക്‌ഫെയിലില്‍നിന്ന് കൊലയാളി കഞ്ചാവ് വാങ്ങാന്‍ ശ്രമിച്ചിരുന്നു. 

പൊലീസ് എങ്ങനെ ഡിഎന്‍എ കണ്ടെത്തുന്നു; നിര്‍ണായകമായ സംശയം

അന്വേഷണത്തിന്റെ ഭാഗമായി ആരോണ്‍ കാംബെല്ലിന്റെ ഫോണ്‍ പൊലീസ് പരിശോധിച്ചു. 'പൊലീസ് എങ്ങനെയാണ് ഡിഎന്‍എ കണ്ടെത്തുന്നത്' എന്ന കാര്യം കാംബെല്‍ ഗൂഗിളില്‍ പരിശോധിച്ചിരുന്നു. കൗമാരക്കാരനായ കൊലയാളിയുടെ വിചിത്രമായ സ്വഭാവത്തെപ്പറ്റി സുഹൃത്തുക്കളും കോടതിയില്‍ മൊഴി നല്‍കി. അലിഷയുടെ മൃതദേഹം കണ്ടെത്തിയ ശേഷം സെല്‍ഫിയിലുള്ള ഒരു വിഡിയോയും കാംബെല്‍ നിര്‍മിച്ചിരുന്നു. അതിന് അയാള്‍ ഇട്ട തലവാചകം- അത് ചെയ്ത ആളെ കണ്ടെത്തിയിരിക്കുന്നു, എന്നാണ്. കണ്ണാടിയില്‍ തന്റെ രൂപം തെളിയുന്ന രീതിയിലായിരുന്നു വിഡിയോ.

കാംബെലിനു വിഷാദരോഗവും ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന മാനസിക അവസ്ഥയും ഉണ്ടായിരുന്നതായി അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. തട്ടിക്കൊണ്ടുപോകല്‍, കൊല, പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് കാംബെലിനെതിരെ ചുമത്തിയിട്ടുള്ളത്. ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയില്‍ 9 ദിവസം നീണ്ട വിചാരണയിലാണ് കാംബെലിനെ കുറ്റക്കാരനായി കണ്ടെത്തിയത്.

കൊല നടത്തിയത് എന്തിന്?, തെളിവുകള്‍ ആവശ്യത്തിലധികം

കാംബെല്‍ എന്തിനാണു കൊല നടത്തിയതെന്ന് ഇപ്പോഴും തനിക്ക് അറിയില്ലെന്നു വിചാരണയ്ക്കിടെ ജഡ്ജി പറഞ്ഞിരുന്നു. അതേസമയം തെളിവുകള്‍ ആവശ്യത്തിലധികം ഉള്ളതായും കോടതി നിരീക്ഷിച്ചു. വിചാരണ സമയത്ത് വികാരങ്ങളൊന്നുമില്ലാതെ നിശബ്ദനായാണു പ്രതി കോടതിയില്‍ നിന്നത്. മരണപ്പെട്ട അലിഷയുടെ ശരീരത്തില്‍നിന്നും വസ്ത്രത്തില്‍നിന്നും കൊലയാളിയുടെ ഡിഎന്‍എ ലഭിച്ചതായി ഫൊറന്‍സിക് വിദഗ്ദര്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com