ADVERTISEMENT

കൊച്ചി∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി ജില്ലാ കലക്ടർ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. പുക 25 ശതമാനം കുറഞ്ഞിട്ടുണ്ട്. സമീപത്തെ പുക കയറിയിട്ടുള്ള വീടുകളുടെയും മറ്റും ജനലുകൾ തുറന്നിടുകയും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു. പുകയുള്ള പ്രദേശങ്ങളിലെ വീടുകളിൽ എസി ഉപയോഗിക്കരുത്. ജനറേറ്റർ, മോട്ടോർ, അസ്ക ലൈറ്റ് തുടങ്ങിയ അഗ്നിശമന ഉപകരണങ്ങൾ സമീപ ജില്ലകളിൽ നിന്നും എത്തിച്ചിട്ടുണ്ട്. പ്രദേശത്ത് അഗ്നിശമന സേനയുടെ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ ഏഴു മണിക്ക് പുക നിയന്ത്രണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചു.

തീപിടിത്തത്തിൽ സംശയമുണ്ടെന്ന ആരോപണവുമായി കൊച്ചി മേയര്‍ സൗമിനി ജയിനും മേയര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാകമ്മിറ്റിയും രംഗത്തെത്തി. വെള്ളിയാഴ്ച വൈകിട്ടുണ്ടായ തീ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും ശനിയാഴ്ച പുലർച്ചയോടെ വീണ്ടും പ്ളാസ്റ്റിക് മാലിന്യം ആളിക്കത്തുകയായിരുന്നു. അഗ്നിശമനസേനയുടെ മൂന്ന് വാഹനങ്ങൾ എത്തിയെങ്കിലും തീ പൂർണമായി കെടുത്താനായില്ല. ഇതിനിടെ കടുത്ത പുക കൊച്ചി നഗരമാകെ വ്യാപിച്ചു. 

തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയെന്ന സംശയവുമായി നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ബി.സാബു രംഗത്തെത്തി. പ്ലാസ്റ്റിക് മാലിന്യത്തിന് ആരോ മനഃപൂർവം തീയിട്ടതാണെന്നാണു സംശയം. മാലിന്യക്കൂമ്പാരത്തിന്റെ നാലു ഭാഗത്തുനിന്നും ഒരേ സമയമാണു തീപടർന്നത്. ആസൂത്രിതമായി തീയിടുന്നതാണോ എന്നു കണ്ടെത്തണമെന്ന് മേയർ സൗമിനി ജയിനും ആവശ്യപ്പെട്ടു. ഇങ്ങനെ അസ്വാഭാവികമായി തീ പടർന്നത് മൂലം ഫയർ എഞ്ചിനുകൾ പോലും സ്ഥലത്തേക്ക് എത്തിക്കാൻ ഏറെ പണിപ്പെട്ടു. തീ പടരുന്ന ഭാഗങ്ങളിൽ നിന്ന് മാലിന്യം കോരിമാറ്റി തീ നിയന്ത്രിക്കാൻ സാധാരണ ഉപയോഗിക്കുന്ന മണ്ണുമാന്തികൾ എത്തിക്കാനും തുടക്കത്തിൽ കഴിഞ്ഞില്ല. ഈ സാഹചര്യങ്ങളെല്ലാം പരിശോധിക്കണമെന്നാണ് ആവശ്യം.

പ്രദേശവാസികളുടെ പേരിൽ എതിർപ്പ് ഉയർത്തുന്ന ചിലരെയാണ് സംശയം ഉന്നയിക്കുന്നവർ പ്രതിക്കൂട്ടിൽ നിർത്തുന്നത്. കഴിഞ്ഞ തവണത്തെ തീപിടിത്തങ്ങൾക്കു ശേഷം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി നീങ്ങിയില്ലെന്ന് മേയർ പറയുന്നു. അന്വേഷണത്തിന് ഇത്തവണ ജില്ലാ കലക്ടറോടും ആവശ്യപ്പെടുന്നുണ്ട്. വൈറ്റില, കടവന്ത്ര, മരട്, അമ്പലമുകള്‍, കുണ്ടന്നൂർ, എംജി റോഡ് പ്രദേശങ്ങളില്‍ പുക വ്യാപിച്ചു. ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും ഉണ്ടാകുന്നുണ്ട്. ഒട്ടേറെപ്പേർ ചികിൽസ തേടി ആശുപത്രികളിൽ പ്രവേശിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം നാലുവട്ടം ഇങ്ങനെ മാലിന്യക്കൂനകൾക്ക് മേൽ തീ പടർന്നു. ഇത്തവണത്തേത് ആകട്ടെ അടുത്ത കാലത്ത് ഉണ്ടായതിൽ ഏറ്റവും വലുതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com