ADVERTISEMENT

കൊച്ചി∙ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്നത് ജനമഹാ യാത്രയല്ല, നുണമഹാ യാത്രയാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹൻ. അഭിമന്യുവിന്റെ പേരിൽ നാലു കോടി രൂപ പിരിച്ച് 35 ലക്ഷം മാത്രം വീട്ടിൽ കൊടുത്തതെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. എറണാകുളം ജില്ലാകമ്മിറ്റി പിരിച്ചത് രണ്ടേകാൽ കോടി രൂപയാണ്. അത് അക്കൗണ്ടിൽ തന്നെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അഭിമന്യു ഫണ്ടിൽ സിപിഎം കൃത്രിമം നടത്തിയെന്ന് മുല്ലപ്പള്ളി ആരോപിച്ചത്.

രക്തസാക്ഷികളുടെ പേരിൽ പിരിച്ച തുക ദുരുപയോഗം ചെയ്യുന്ന പാർട്ടിയല്ല സിപിഎം. പാർട്ടിക്ക് അല്ലാതെ തന്നെ കാശുണ്ട്. എറണാകുളത്ത് അഭിമന്യുവിന്റെ പേരിൽ സ്മാരകം പണിയുന്നതിനു സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. ചില സ്ഥലങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുക്കിയിൽ പിരിച്ച തുകയിൽ നിന്ന് 35 ലക്ഷം രൂപ മുടക്കി അഭിമന്യുവിന്റെ മാതാപിതാക്കൾക്കു വേണ്ടി സ്ഥലം വാങ്ങി വീട് പണിതു നൽകി. സഹോദരിയുടെ വിവാഹം നടത്തുന്നതിനും തുക ചെലവഴിച്ചു. ബാക്കി തുക മാതാപിതാക്കളുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും സി.എൻ. മോഹൻ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അഭിമുഖം കാണാൻ ക്ലിക്ക് ചെയ്യൂ...

രക്തസാക്ഷികൾക്കു വേണ്ടി പിരിച്ച തുക ദുരുപയോഗം ചെയ്യുന്ന പാർട്ടി കോൺഗ്രസാണ്. സി.എം. സ്റ്റീഫനു വേണ്ടി പാർട്ടി പിരിച്ച തുക എവിടെയെന്ന് മുല്ലപ്പള്ളി അന്വേഷിക്കണം. പാർട്ടി ‘നക്കി തീർത്തു’ എന്നാണ് ചില കോൺഗ്രസുകാർ പറഞ്ഞത്. ആ കോൺഗ്രസിന്റെ നേതാവാണ് നുണമഹായാത്ര നടത്തുന്നത്. ജന മഹായാത്രയാണെങ്കിൽ ജനം വേണം. വഞ്ചിസ്ക്വയറിൽ സ്വീകരണം നടത്തുന്ന യാത്ര എങ്ങനെ ജനമഹായാത്രയാകുമെന്നും അദ്ദേഹം ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com