ADVERTISEMENT

കണ്ണൂർ ∙ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിനെ വകവരുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതിന്റെ തെളിവ് മനോരമ ന്യൂസിന് ലഭിച്ചു. കേസിലെ പ്രതിയായ അശ്വിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇതുസംബന്ധിച്ച സൂചന. സംഭവത്തില്‍ കൃപേഷ് ബേക്കല്‍ സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയതിനും തെളിവുണ്ട്.

ഇരട്ടകൊലപാതകത്തിലെ അഞ്ചാം പ്രതിയായ അശ്വിന്റെ ഫെയ്സ്ബുക് പോസ്റ്റിലാണ് കൃപേഷിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായി സൂചനയുള്ളത്. കല്ലിയോട് സ്കൂളില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ അഭിമന്യു കുടുംബസഹായ ഫണ്ട് പിരിവിനെതിരെ കൃപേഷ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് അശ്വിന്റെ സഹോദരന്‍ ഫെയ്സ്ബുക്കില്‍ കൃപേഷിന്റെ ചിത്രമുള്‍പ്പെടെ വച്ച് ഇതിനെതിരെ പോസ്റ്റിട്ടു. ഈ പോസ്റ്റിനു ചുവട്ടില്‍ അശ്വിന്‍ ഇങ്ങനെ കുറിക്കുന്നു ഓന്‍ ചാവാന്‍ റെഡിയായി ഇവിടെ എല്ലാവരും സെറ്റ് ആയി. 

periyayile-sakhakkal

ഇതുപോലെ കൃപേഷിനെ ഇല്ലാതാക്കണം എന്ന ധ്വനിയോടെയാണ് ഭൂരിപക്ഷം കമന്റുകളും. കൂടാതെ ‘പെരിയയിലെ സഖാക്കള്‍’ എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ കൃപേഷ് കല്ലിയോട്ടെ ഒരു നേര്‍ച്ചക്കോഴിയാണെന്ന് പരസ്യമായി പറയുന്നു. കൃപേഷിന്റെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെ വച്ചുകൊണ്ടാണ് പോസ്റ്റ്. ഈ പോസ്റ്റിലും സമാനമായ കമന്റുകളാണുള്ളത്. 

ഇതുകൂടാതെ സിപിഎം അനുഭാവമുള്ള വിവിധ വാട്സാപ്പ് കൂട്ടായ്മകളിലും കൃപേഷിനെതിരെ വ്യാപകമായി പ്രചാരണം നടന്നതിനും തെളിവുകളുണ്ട്. ഇതിന്റെയെല്ലാം സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് കൃപേഷ് പൊലീസില്‍ പരാതി നല്‍കിയത്.

ശരത് ലാലിനും സമാനമായ രീതിയില്‍ ഭീഷണിയുണ്ടായിരുന്നു. ഫെയ്സ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ വഴിയുള്ള ഭീഷണി സന്ദേശങ്ങള്‍ക്കു പുറമെ, ഫോണ്‍വഴി നിരന്തരമായി ഭീഷണികള്‍ ലഭിച്ചിരുന്നതായും സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com