ADVERTISEMENT

തിരുവനന്തപുരം∙ എൻഎസ്എസിനെതിരെ ഭീഷണിയുടെ സ്വരത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള സര്‍വ സ്വാതന്ത്ര്യവും ഒരു സ്വാതന്ത്ര സാമുദായിക സംഘടന എന്ന നിലയ്ക്ക് എന്‍എസ്എസിന് ഉണ്ടെന്നത് അംഗീകരിക്കാനും ആദരിക്കാനും സിപിഎം നേതൃത്വം മര്യാദ കാണിക്കണം. മറിച്ച്, ഒരു മൂന്നാംകിട രാഷ്ട്രീയക്കാരന്റെ തരംതാണ ഭാഷയില്‍ എന്‍എസ്എസിനോട് പ്രതികരിക്കുന്നത് ശരിയല്ല. അങ്ങേയറ്റത്തെ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് കോടിയേരിയുടെ പ്രതികരണത്തിലെന്ന് ശ്രീധരൻപിള്ള പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തില്‍ സാമുദായിക സംഘടനകള്‍ക്ക് വളരെ വലിയ പങ്കാണ് ഉള്ളത്.അതിനെ തള്ളിപ്പറയാനോ കുറച്ചുകാണാനോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശമില്ല. നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ എന്‍എസ്എസിന്റെ പങ്ക് നിർണായകവും നിയാമകവുമാണ്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി പലയവസരങ്ങളിലും സാമുദായിക സംഘടനകളുടെയും നേതാക്കളുടെയും പിന്തുണ തേടിയിട്ടുള്ള പാരമ്പര്യമാണ് സിപിഎമ്മിനുള്‍പ്പെടെയുള്ളത്.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയത് എന്‍എസ്എസിന്റെ കൂടി പിന്തുണ നേടിയായിരുന്നു എന്നത് സഖാക്കള്‍ മറന്നു പോവരുത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പിണറായിയും കോടിയേരിയും എന്‍എസ്എസുള്‍പ്പെടെയുള്ള സാമുദായിക സംഘടനകളെ പിന്തുണയ്ക്കായി സമീപിച്ചിരുന്നു. തലസ്ഥാനത്തെ ഒരു സിപിഎം നേതാവിന് കാലൊടിഞ്ഞു പരുക്കേറ്റു നടക്കാനാവാതെയായതു തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി പെരുന്നയിലെ പടി കയറുമ്പോഴായിരുന്നല്ലോ എന്നും ശ്രീധരൻപിള്ള ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com