ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമ ആക്രമണത്തിനു തിരിച്ചടി നൽകിയതിനു പിന്നാലെ അതിർത്തിയിൽ സംഘർഷം ഉടലെടുത്തതോടെ സുരക്ഷാ യോഗങ്ങളുടെ തിരക്കിലമർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

24 മണിക്കൂറിനിടെ രണ്ടു തവണ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ മോദി, സുരക്ഷാ ക്രമീകരണങ്ങൾ സൂക്ഷ്മമായി വിലയിരുത്തി. പാക്കിസ്ഥാൻ കസ്റ്റഡിയിലായ വ്യോമസേനാ വിങ് കമാൻഡറെ തിരികെ എത്തിക്കുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ചയായെന്നാണു സൂചന.

ബാലാകോട്ടെ ജയ്ഷെ ഭീകരക്യാംപിനു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിനുശേഷം പൊതു പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുത്ത മോദി, ബുധനാഴ്ച പരിപാടികൾ വെട്ടിച്ചുരുക്കി. രാവിലെ സൈനിക, സുരക്ഷാ സന്നദ്ധതയുമായി ബന്ധപ്പെട്ട കൂടിയാലോചനകളോടെയാണു മോദി ദിനം തുടങ്ങിയത്.

‘യൂത്ത് പാർലമെന്റ്’ ആയിരുന്നു ആദ്യ പൊതുപരിപാടി. അതിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണു പാക്ക് കടന്നുകയറ്റം സംബന്ധിച്ച അടിയന്തര സന്ദേശം പ്രധാനമന്ത്രിക്കു ലഭിച്ചത്.

പ്രസംഗം വെട്ടിച്ചുരുക്കി ഓഫിസിലേക്കു മടങ്ങിയ പ്രധാനമന്ത്രി സർക്കാരിലെയും കര, നാവിക, വ്യോമ സേനാമേധാവികളുടെയും യോഗത്തിനു നേതൃത്വം നൽകി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സൈനിക മേധാവികളുമാണു വിശദാംശങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫിസിനു വിവരങ്ങൾ കൈമാറാനെത്തി.

ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനെ ഉടന്‍ തിരിച്ചയയ്ക്കണമെന്നു പാക്കിസ്ഥാന് ഇന്ത്യ താക്കീത് നൽകി. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾക്കു വിരുദ്ധമായി, പരുക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം വികൃതമായി പ്രദർശിപ്പിച്ചതിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു. കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.

English Summary: Armed forces update PM Narendra Modi on latest security scenario

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com