ADVERTISEMENT

ന്യൂഡൽഹി∙ അയോധ്യക്കേസില്‍ മധ്യസ്ഥരെ നിയമിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവു പിന്നീട്. മധ്യസ്ഥതയെ എതിർത്തു ഹിന്ദുസംഘടനകളും യുപി സർക്കാരും സുപ്രീംകോടതിയിൽ രംഗത്തെത്തി. വിശ്വാസവും ആചാരവും ഒത്തുതീർക്കാനാകില്ലെന്ന് രാംലല്ലയെ പ്രതിനിധീകരിക്കുന്നവർ അഭിപ്രായപ്പെട്ടു. ഉത്തരവിടും മുൻപു ജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. മധ്യസ്ഥത വഹിക്കുന്നതിന് ആളുകളെയോ പാനലിനെയോ കക്ഷികൾക്കു നിർദേശിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. അടുത്തു തന്നെ ഉത്തരവ് പാസാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മധ്യസ്ഥ ശ്രമം തുടങ്ങും മുൻപേ പരാജയപ്പെടും എന്നാണോ പറയുന്നതെന്ന് ജസ്റ്റിസ്. എസ്.എ. ബോബ്ദെ ചോദിച്ചു. മധ്യസ്ഥതയുടെ ഫലത്തെക്കുറിച്ചു കോടതി വ്യാകുലപ്പെടുന്നില്ല. ഇതിനു രഹസ്യ സ്വഭാവം ഉണ്ടാകും. മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തുമെന്നും കോടതി അറിയിച്ചു. അതേസമയം മധ്യസ്ഥതയെ സുന്നി വഖഫ് ബോർഡ് പിന്തുണച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണു കേസ് പരിഗണിച്ചത്.

വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒത്തുതീര്‍പ്പിലൂടെ ഒരു ശതമാനമെങ്കിലും പ്രശ്നപരിഹാരത്തിനു സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണു കോടതി നിലപാട്. സുപ്രീംകോടതിയിലെ പ്രഗല്‍ഭരായ മധ്യസ്ഥരെ നിയോഗിച്ച് അയോധ്യ പ്രശ്നം പരിഹരിക്കുന്നതിനാണു ശ്രമം. മധ്യസ്ഥ ചര്‍ച്ചകളുമായി സഹകരിക്കാമെന്ന് സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേസിലെ മറ്റ് പ്രധാനകക്ഷികളായ രാംലല്ലയ്ക്കും ഹിന്ദുമഹാസഭയ്ക്കും എതിര്‍പ്പാണ്.

മധ്യസ്ഥതയ്ക്ക് ഏറെസമയം വേണ്ടിവരും എന്നതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അന്തിമതീര്‍പ്പിന് സാധ്യത കുറവാണ്. വേഗത്തില്‍ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെയും സംഘപരിവാര്‍ സംഘടനകളുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com