ADVERTISEMENT

കൊച്ചി∙ ഹർത്താലിനു മുൻകൂർ നോട്ടിസ് നൽകണമെന്ന കോടതി ഉത്തരവ് അറിവില്ലായിരുന്നെന്നും കേസിൽ കക്ഷിയല്ലായിരുന്നു എന്നുമുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെയും യുഡിഎഫ് കാസർകോട് കൺവീനർ കമറുദ്ദീന്റെയും വാദം ഹൈക്കോടതി തള്ളി. പൊതു താൽപര്യ ഹർജിയിൽ കോടതി പുറപ്പെടുവിക്കുന്ന ഏതൊരു ഉത്തരവും അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. നിയമം അറിവില്ലെന്നു പറയാനാവില്ല. ഏതു ഹര്‍ത്താലിനും മുന്‍കൂര്‍ നോട്ടിസ് നല്‍കിയിരിക്കണം. നോട്ടിസ് നൽകുന്നതു ഹര്‍ത്താലില്‍ അക്രമം നടത്താനുളള അനുമതിയല്ലെന്നും കോടതി വ്യക്തമാക്കി.

പ്രതിഷേധിക്കാൻ എല്ലാവർക്കും ജനാധിപത്യപരമായ അവകാശമുണ്ട്. അത് സുപ്രീംകോടതിയും അംഗീകരിച്ചതാണ്. എന്നാൽ മറ്റുള്ളരും പ്രതിഷേധത്തിൽ പങ്കുചേരണമെന്നു പറയുന്നത് അംഗീകരിക്കാനാകില്ല. മറ്റുള്ളവരുടെ ഭരണഘടനാ അവകാശത്തെ നിഷേധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല. ആരു ഹർത്താൽ നടത്തി എന്നതല്ല, മിന്നൽ ഹർത്താൽ നടന്നതിലൂടെ മറ്റുള്ളവരുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നതാണു പ്രശ്നമെന്നും കേരളത്തിൽ ഹർത്താലുകളിൽ അക്രമം പതിവായെന്നും കോടതി ചൂണ്ടിക്കാണിച്ചു.

യുഡിഎഫ് കാസർകോട് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നില്ലെങ്കിൽ അതു നിഷേധിക്കാൻ ഭാരവാഹികൾക്കു ബാധ്യതയുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഹർത്താൽ ആഹ്വാനം ചെയ്തിട്ടില്ലെന്ന് യുഡിഎഫ് ഭാരവാഹികൾ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സമാധാനപരമായ ഹർത്താലിനാണ് ആഹ്വാനം ചെയ്തതെന്നും ഹർത്താലിൽ ഉണ്ടായ അക്രമങ്ങൾക്ക് ഉത്തരവാദിയല്ലെന്നും ഡീൻ കുര്യാക്കോസ് കോടതിയിൽ വ്യക്തമാക്കി.

ഹർത്താലിനെ അനുകൂലിക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കാസർകോട് ജില്ലയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നില്ല. അക്രമമുണ്ടായതു പ്രാദേശിക തലത്തിൽ മാത്രമാണെന്നും കോടതിയിൽ അറിയിച്ചു.

അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഡീൻ കുര്യാക്കോസും യുഡിഎഫ് നേതാക്കളും നേരിട്ടു ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡീൻ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതു കോടതി പതിനെട്ടിലേക്ക് മാറ്റി. സർക്കാരിനോട് അടുത്ത ചൊവ്വാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com