ADVERTISEMENT

പത്തനംതിട്ട∙ ചൂടുകാലത്തെ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാനാകുമെന്നറിയാതെ തല ചൂടാക്കി സംസ്ഥാനത്തെ വിവിധ പാർട്ടി നേതാക്കളും പ്രവർത്തകരും. കൊടുംചൂടിൽ അരങ്ങേറുമെന്ന് ഉറപ്പായ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി വീടുകൾ കയറിയുള്ള ‘സ്ക്വാഡ് വർക്ക്’ അത്ര ഫലപ്രദമാകില്ലെന്നും മറ്റും വാദം നിരത്തി ചെറുതായി ഒന്ന് ‘ഉഴപ്പാനും’ ചിലർ പുതുവഴി കണ്ടെത്തിക്കഴിഞ്ഞു. ‘സോഷ്യൽമീഡിയ ചുമതല’ എന്ന പിടിവള്ളിയിലാണ് ചില നേതാക്കൾ പ്രചാരണച്ചൂടിനിടെ കുളിരു കാണുന്നത്.

വേനൽകാലത്തെ പ്രചാരണത്തിൽ സ്ഥാനാർഥികളും വെയിലത്ത് വാടിക്കരിയുമെന്നത് ഉറപ്പ്. ജയിക്കാൻ സാധ്യതയുള്ളവർക്ക് ആ കരിച്ചിൽ ഒക്കെ സഹിക്കാം. എന്നാൽ ജയിക്കാൻ വലിയ സാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ മുന്നണികളുടെ സ്ഥാനാർഥികളും സ്വതന്ത്രരുമൊക്കെ വെറുതെ വെയിൽ കൊള്ളേണ്ടിവരുന്നത് എങ്ങനെ സഹിക്കുമെന്നത് കാത്തിരുന്നു തന്നെ കാണണം.

കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാന വാരം നടക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെയെത്തും. സ്ഥാനാർഥി പ്രഖ്യാപനത്തിലേക്കും ഇതിനിടെ മുന്നണികൾ കടന്നുകഴിഞ്ഞു. പിന്നെ പ്രചാരണത്തിന്റെ പൊരിവെയിലിലേക്ക് ഇറങ്ങണം. നേതാക്കൻമാർ തന്നെ വെയിലിനെ പേടിച്ചു നടക്കുമ്പോൾ അണികളുടെ കാര്യം എന്താകുമെന്നതും കണ്ടറിയേണ്ട സ്ഥിതി.

ഇപ്രാവശ്യം തിരഞ്ഞെടുപ്പ് വാശിയേറിയതും ചില മണ്ഡലങ്ങളിൽ ത്രികോണവുമൊക്കെയായതോടെ എങ്ങനെ ഉഴപ്പിയാലും ഫീൽഡിൽ ഇറങ്ങി പണിയെടുക്കേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. വീടുകൾ കയറിയിറങ്ങണം. അതും പലപ്രാവശ്യം.

ബിജെപിയുടെ പ്രചാരണത്തിന്റെ പ്രധാനആയുധമായി അവർ എടുത്തുകാണിക്കുന്ന തന്ത്രം തന്നെ അതാണ്. വോട്ടർ പട്ടികയുടെ ഒരു പേജിലുള്ള 30 വോട്ടർമാരെ കാണാൻ ഒരാൾക്ക് ചുമതല. ആ 30 വോട്ടുകൾ അഞ്ചോ ആറോ വീടുകളിലായിരിക്കും. ആ വോട്ടുകൾ താമരയ്ക്ക് ആകുമെന്ന് അനുകൂല മാനസികാവസ്ഥ ഉണ്ടാക്കുന്നതുവരെ കയറിയിറങ്ങുകയെന്നതാണ് പേജ് പ്രമുഖ് എന്ന സ്ക്വാഡ് വർക്കിന്റെ രീതി. ഇങ്ങനെ ബിജെപി തുടങ്ങിയാൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും ചുമ്മാതിരിക്കാൻ കഴിയില്ല. അവരും വെയിൽ കൊള്ളേണ്ടിവരുമെന്നതിൽ ഇരുപക്ഷമില്ല.

വെയിൽ കൊണ്ട് വാടുന്നത് മാത്രമല്ല പ്രശ്നം. എവിടെ വോട്ടു തേടി ചെന്നാലും അവിടെ എല്ലാം ഒരു കുടിവെള്ള പ്രശ്നം പൊല്ലാപ്പായി കാണും. ആ നാട്ടുകാർക്കെല്ലാം വെള്ളം കിട്ടുന്നില്ലെന്ന പരാതിയായിരിക്കും. ‘നിങ്ങൾ മാറി മാറി ഭരിച്ചിട്ടും ഞങ്ങൾക്ക് കുടിക്കാനും കുളിക്കാനും വെള്ളമുണ്ടോ, ഇല്ല, വെള്ളം തന്നാലേ വോട്ടുള്ളു.’ എന്നൊക്കെയുള്ള തലവേദന ഡയലോഗുകളും കേൾക്കേണ്ടിവരും. എല്ലായിടത്തും ഓരോ ടാങ്കർ വെള്ളവുമായി വോട്ടുതേടി പോകാൻ പറ്റുമോ അതും പറ്റില്ല. – ഈ കുടിവെള്ള പ്രശ്നങ്ങൾക്ക് പ്രാദേശികമായി തന്നെ പരിഹാര മറുപടിയും പഠിച്ചുവേണം വോട്ടു തേടി പോകാൻ എന്നു ചുരുക്കം.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com