ADVERTISEMENT

കൽപറ്റ ∙ ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി.ജലീലാണെന്ന് പൊലീസ് അറിയിച്ചു. സബ് കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

കണ്ണൂർ റെയ്ഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സി.പി. ജലീലാണ് കൊല്ലപ്പെട്ടത്. റിസോർട്ടിനുള്ളിലെ മീൻ കുളത്തോട് ചേർന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം. റിസോർട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെയും ജീവക്കാരെയും പൊലീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകും. റിസോർട്ടിലെത്തിയ സായുധസംഘത്തിലെ മറ്റുള്ളവർ സമീപത്തെ കാട്ടിലേക്കു രക്ഷപ്പെട്ട സാഹചര്യത്തിൽ കാട്ടിനുള്ളിൽ തണ്ടർബോൾട്ട് പരിശോധന തുടരുന്നു. മാവോയിസ്റ്റ് കബനീദളത്തിന്റെ നേതാവ് സി.പി. മൊയ്തീന്റെ സഹോദരനാണ് ജലീൽ.

സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തിരച്ചിലിനും മറ്റുമായി ലക്കിടിയിലേക്ക് കൂടുതൽ പൊലീസ് സംഘമെത്തി. മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ച മുപ്പതോളം തണ്ടർബോൾട്ട് സംഘാംഗങ്ങൾ കാട്ടിൽ തിരച്ചിൽ നടത്തിവരികയാണ്. ആയുധധാരികളായ അഞ്ചു പേരാണ് മാവോയിസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന.

Maoist Firing at Vythiri Resort
വെടിവയ്പുണ്ടായ സ്ഥലത്തെത്തിയ തണ്ടർബോൾട്ട് സംഘം. ചിത്രം: മനോരമ

പ്രദേശം പൂർണമായും പൊലീസ് വലയത്തിലാണ്. വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ സായുധരായി മാവോയിസ്റ്റുകൾ എത്തിയതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. വൈത്തിരി, സുഗന്ധഗിരി, അംബ തുടങ്ങിയ സ്ഥലങ്ങളിലാണ് മുൻപ് ഇവർ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചത്.ഏറ്റുമുട്ടലിനിടെ വെടിയേറ്റ രണ്ടു മാവോയിസ്റ്റുകളിൽ ഒരാളാണു മരിച്ചതെന്നും സൂചനയുണ്ട്. വൈത്തിരിയിലെ റിസോർട്ടിൽ ഇരച്ചുകയറിയ മാവോയിസ്റ്റുകൾ താമസക്കാരെ ബന്ദികളാക്കുകയായിരുന്നു. ഇവർ പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോർട്ട് നടത്തിപ്പുകാർ വിവരമറിയിച്ചതോടെയാണ് പൊലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി മാവോയിസ്റ്റുകളെ നേരിട്ടത്.

Maoist Firing at Vythiri Resort
ആക്രമണമുണ്ടായ വൈത്തിരി ലക്കിടി ഉപവൻ റിസോർട്ട് പരിസരം പൊലീസ് വളഞ്ഞപ്പോൾ.

ബുധനാഴ്ച രാത്രി എട്ടരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു. രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോർട്ടിനു സമീപം കമിഴ്ന്നുകിടക്കുന്ന നിലയിൽ മാവോയിസ്റ്റ് സംഘാംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കു പരുക്കേറ്റതായും വിവരമുണ്ട്.

Maoist Firing at Vythiri Resort
ആശങ്കയുടെ രാത്രി... വയനാട് വൈത്തിരി ലക്കിടി ഉപവൻ റിസോർട്ടിനു സമീപം മാവോയിസ്റ്റുകളെ പൊലീസ് നേരിടുമ്പോൾ എതിർവശത്തുള്ള റസ്റ്ററന്റ് പരിസരത്ത് ആകാംക്ഷയോടെ നിൽക്കുന്നവർ.

റിസോർട്ടിനു പുറത്തും അകത്തും തണ്ടർബോൾട്ട് സംഘാംഗങ്ങൾ കയറിയാണ് ഏറ്റുമുട്ടൽ നടത്തിയത്. ബഹളത്തിനിടെ മാവോയിസ്റ്റ് സംഘത്തിലെ ചിലർ സമീപത്തെ കാട്ടിലേക്കു കടന്നുവെന്ന വിവരത്തെത്തുടർന്ന് അവിടെയും തിരച്ചിൽ നടത്തി. നടപടികളുടെ ഭാഗമായി പ്രദേശത്തു വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. വൈത്തിരി ലക്കിടിക്കു സമീപം ഉപവൻ റിസോർട്ടിൽ ബുധനാഴ്ച രാത്രി എട്ടോടെയാണു മാവോയിസ്റ്റുകൾ എത്തിയത്. ദേശീയപാതയോരത്തെ റിസോർട്ടിലെത്തിയ നാലംഗ മാവോയിസ്റ്റ് സംഘം പണം ആവശ്യപ്പെട്ടു. ഫ്രണ്ട് ഓഫിസ് ജീവനക്കാർ നിഷേധിച്ചതോടെ തോക്കു ചൂണ്ടി ബന്ദികളാക്കുകയായിരുന്നുവെന്നാണു വിവരം.

പ്രദേശം തണ്ടർബോൾട്ടും കൽപറ്റ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ പൊലീസും വളഞ്ഞപ്പോഴാണു വെടിയുതിർത്തത്. ഇതോടെ പൊലീസ് തിരിച്ചു വെടിവച്ചു. അക്രമമുണ്ടായതോടെ ബെംഗളൂരു ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പാതയിൽ ഗതാഗത തടസ്സമുണ്ടായി. റിസോർട്ടിനുള്ളിൽനിന്നു തുടർച്ചയായി വെടിശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്തെ ആദിവാസി കോളനികളിൽ തമ്പടിച്ച ശേഷമാണു മാവോയിസ്റ്റുകൾ റിസോർട്ടിലേക്കെത്തിയതെന്നു പൊലീസ് പറഞ്ഞു.

വൈത്തിരി അംബ സുഗന്ധഗിരി മേഖലയിൽ പൊലീസ് ഔട്ട്‌പോസ്റ്റ് ആരംഭിച്ചതിനു പ്രതികാരമായാണ് റിസോർട്ട് ആക്രമണമെന്നും പൊലീസ് അധികൃതർ പറഞ്ഞു. സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണമാണ് ഇവിടെയുണ്ടായത്.

ഒറ്റപ്പെട്ട വീടുകളിലും കോളനികളിലും എത്തി ഭക്ഷണമാവശ്യപ്പെടുകയും രാഷ്ട്രീയപ്രചാരണം നടത്തുകയുമായിരുന്നു ഇതുവരെയുണ്ടായിരുന്നത്. അടുത്തകാലത്തു വയനാട്ടിലെയും പരിസരത്തെയും ചിലയിടങ്ങളിൽ തോക്കുധാരികൾ എത്തിയ സംഭവവുമുണ്ടായിരുന്നു. എന്നാൽ, ഇതുപോലെ നേരിട്ടൊരു ആക്രമണ സാധ്യത പൊലീസും കരുതിയിരുന്നില്ലെന്നതാണു വാസ്തവം.

സംഭവമറിയാതെ ദേശീയപാതയിലൂടെയെത്തിയ വാഹനങ്ങൾ റിസോർട്ട് പരിസരത്തിന് ഇരുഭാഗത്തുമായി കുടുങ്ങി. താമരശ്ശേരി ചുരത്തിലേക്കു ഗതാഗതസ്തംഭനം നീണ്ടു.

English Summary: Maoist-Thunderbolts Firing at Wayanad Vythiri Resort 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com