ADVERTISEMENT

തിരുവനന്തപുരം∙ കര്‍ഷകരുടെ വായ്പയുടെ മൊറട്ടോറിയം നീട്ടിയത് ബാങ്കുകള്‍ തത്വത്തില്‍ അംഗീകരിച്ചെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കടാശ്വാസപരിധി രണ്ടുലക്ഷമാക്കിയതും ബാങ്കേഴ്സ് സമിതി അംഗീകരിച്ചു. റിസര്‍വ് ബാങ്ക് അനുമതി ഉടന്‍ വാങ്ങുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കി.

സര്‍ഫാസി നിയമം ഉപയോഗിക്കില്ലെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ബാങ്കുകള്‍ അംഗീകരിച്ചു. വാണിജ്യബാങ്കുകളെയും കടാശ്വാസപരിധിയില്‍ കൊണ്ടുവരുന്നതിനെ സ്വാഗതം ചെയ്തു. അതേസമയം, കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ നാളെ ഇടുക്കി സന്ദർശിക്കും.

അതേസമയം ഇടുക്കി ജില്ലയിലെ കർഷക ആത്മഹത്യകൾക്ക് സർക്കാർ പരിഹാര നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ഏകദിന ഉപവാസ സമരം തുടങ്ങി. ഇടുക്കി കട്ടപ്പനയിൽ വൈകുന്നേരം അഞ്ചു വരെയാണ് ഉപവാസം.

കാർഷിക കടങ്ങൾ എഴുതിത്തള്ളി കർഷകർക്ക് ആത്മവിശ്വസം പകരണമെന്നാണ് ആവശ്യം. പ്രളയാനന്തരം ഇടുക്കിയിലെ കർഷകർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്നും കോൺഗ്രസ്‌ ആരോപിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച അയ്യായിരം കോടിയുടെ ഇടുക്കി പാക്കേജ് കാർഷിക കടം എഴുതി തള്ളാൻ ഉപയോഗിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഉപവാസ സമരത്തിനു ശേഷം ആത്മഹത്യ ചെയ്ത കർഷകരുടെ വീടുകൾ പ്രതിപക്ഷ നേതാവ് സന്ദർശിക്കും.

എല്ലാ ജപ്തി നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി

കൃഷിക്കാര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവിധ ജപ്തി നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എല്‍.ബി.സി) പ്രതിനിധികളുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകര്‍ക്ക് പുതിയ വായ്പ നല്‍കുന്നതിന് എസ്എല്‍ബിസി അംഗ ബാങ്കുകളോട് നിര്‍ദേശിക്കും. പുതിയ വായ്പയ്ക്ക് ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ നല്‍കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക വായ്പയുടെ പലിശ നിരക്ക് 9 ശതമാനമായി നിജപ്പെടുത്തണമെന്ന നിര്‍ദേശം യോഗം അംഗീകരിച്ചു.

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് അനുകൂലമായാണ് ബാങ്ക് പ്രതിനിധികള്‍ പ്രതികരിച്ചത്. അടിയന്തരമായി എസ്എല്‍ബിസിയുടെ ഔപചാരിക യോഗം വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കാന്‍ തീരുമാനിച്ചു. ചില സാങ്കേതിക കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൂടെ അനുമതി ആവശ്യമായിവരുന്ന സാഹചര്യത്തില്‍ എസ്എല്‍ബിസിയും സര്‍ക്കാരും ഈ കാര്യങ്ങള്‍ ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തും. യോഗത്തില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ. കൃഷ്ണന്‍ കുട്ടി എന്നിവരും പങ്കെടുത്തു. 

കൃഷിക്കാരുടെ പ്രയാസം മനസ്സിലാക്കി അവര്‍ക്ക് ആശ്വാസം പകരുന്ന സമീപനം ബാങ്കുകളില്‍ നിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള കുടിശ്ശികയുടെ പേരില്‍ പുതിയ വായ്പ കൊടുക്കാതിരുന്നാല്‍ പുതിയ കൃഷി ഇറക്കാന്‍ പറ്റില്ല. പുതിയ കൃഷി സാധ്യമാക്കാനാണ് ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ നല്‍കുന്നത്. പലിശ ഒമ്പതു ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ സെക്രട്ടറി മനോജ് ജോഷി, കാര്‍ഷികോല്പാദന കമ്മിഷണര്‍, ഡി.കെ. സിങ്, കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, സെക്രട്ടറി എം.ശിവശങ്കര്‍, എസ്.ബി.ഐ ജനറല്‍ മാനേജര്‍ അരവിന്ദ് ഗുപ്ത, കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ നാഗേഷ് ജി. വൈദ്യ, എസ്.എല്‍.ബി.സി കണ്‍വീനര്‍ ജി. കെ. മായ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com