ADVERTISEMENT

കലബുറഗി/കാഞ്ചീപുരം ∙ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനങ്ങൾ തൊടുത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലും തമിഴ്നാട്ടിലും വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിർ‌വഹിക്കുകയായിരുന്നു അദ്ദേഹം.

‘താൻ ഭീകരവാദവും ദൗരിദ്ര്യവും ഇല്ലായ്മ ചെയ്യാൻ‌ ശ്രമിക്കുമ്പോൾ പ്രതിപക്ഷം തന്നെ പുറത്താക്കാനാണു ശ്രമിക്കുന്നത്. രാജ്യവും ജനങ്ങളും സുരക്ഷിതരായിരിക്കണം. ചെറിയ പിഴവിനു പോലും വലിയ വില കൊടുക്കേണ്ടി വരും. 30 വർഷത്തിനു ശേഷമാണു കേന്ദ്രത്തിൽ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള സർ‌ക്കാരുണ്ടാകുന്നത്– മോദി പറഞ്ഞു.

‘പ്രതിപക്ഷത്തിന്റെ മോദിവിരുദ്ധത പുതിയ തലത്തിൽ എത്തിയിരിക്കുന്നു. മോദിയെ ആരാണ് എറ്റവുമധികം അധിക്ഷേപിക്കുന്നത് എന്നതിൽ മൽസരമാണ്. ചിലർ തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്നു.

മറ്റു ചിലർ തന്റെ ദാരിദ്ര്യത്തെയും ജാതിയെയും അധിക്ഷേപിക്കുന്നു. ഒരു കോൺഗ്രസ് നേതാവ് മോദിയെ കൊല്ലുന്നതിനെപ്പറ്റിയാണു പറയുന്നത്. അതൊന്നും കാര്യമാക്കുന്നില്ല. ഞാനിവിടെ വന്നിരിക്കുന്നതു പ്രവർ‌ത്തിക്കാനാണ്’– പ്രധാനമന്ത്രി വികാരധീനനായി.

‘വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർധമാൻ‌ പാക്കിസ്ഥാനിൽനിന്ന് എങ്ങനെയാണു രണ്ടുദിവസത്തിനകം തിരിച്ചെത്തിയത് എന്നതിനെപ്പറ്റി ആവർത്തിക്കുന്നില്ല. ശ്രീലങ്കയിൽ മരണത്തെ മുഖാമുഖം കണ്ട തമിഴ്നാട്ടുകാരെ ഇതിനു മുമ്പ് സർക്കാർ രക്ഷിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ 850 ഇന്ത്യക്കാരെ ജയിലിൽനിന്നു മോചിപ്പിക്കാൻ‌ സൗദി അറേബ്യ തയാറായി’– മോദി പറഞ്ഞു.

ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുമായി ബിജെപി തിരഞ്ഞെടുപ്പുസഖ്യം പ്രഖ്യാപിച്ചശേഷം തമിഴ്നാട്ടിൽ മോദി പങ്കെടുത്ത ആദ്യ സമ്മേളനമായിരുന്നു ഇത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനു മുൻ മുഖ്യമന്ത്രി എം.ജി.രാമചന്ദ്രന്റെ (എംജിആർ) പേരു നൽകുമെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി, തമിഴ്നാട്ടിലെ വിമാനത്താവളങ്ങളിൽ അറിയിപ്പുകൾ തമിഴിലും കൂടി ലഭ്യമാക്കുന്നതു ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു.

English Summary: PM Narendra Modi launched development projects in Tamil Nadu, Karnataka and criticise Opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com