ADVERTISEMENT

പൂരത്തിനു കുടമാറ്റം പോലെ സാഹചര്യവും ആവശ്യവും അനുസരിച്ചു ലോക്സഭാ അംഗത്തെ പാർട്ടി നോക്കാതെ മാറി തിരഞ്ഞെടുക്കുന്നതിന് ഒരു മടിയും കാട്ടാത്ത മണ്ഡലമാണ് തൃശൂർ. ഇടതുപക്ഷത്തിനോ വലതുപക്ഷത്തിനോ ആർക്കും കുത്തകയെന്ന് ഉറപ്പിക്കാനാകാത്ത മണ്ഡലം. കഴിഞ്ഞ തവണ ജയിച്ചതുകൊണ്ടോ തോറ്റതുകൊണ്ടോ ഇത്തവണ പ്രതീക്ഷിക്കാം എന്ന് ആരും മനസു വയ്ക്കണ്ട എന്നർഥം.

For Complete Election Coverage: ഭാരതയുദ്ധം 2019

കരുണാകരനെ പോലെയുള്ള പ്രമുഖരെ പോലും തറപറ്റിച്ച ചരിത്രമാണ് തൃശൂരിന്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ മകൻ കെ. മുരളീധരനോടും തൃശൂർ അതു തന്നെ ചെയ്തു. കോൺഗ്രസ് രാഷ്ട്രീയത്തിൽ തന്നെ വലിയ മാറ്റത്തിനു വഴിവച്ച തോൽവിയായിരുന്നു കെ.കരുണാകരന്റേത് എന്നത് തുടർ ചരിത്രം.

പൂർണമായും തൃശൂർ ജില്ലയിൽ തന്നെയുള്ള മണ്ഡലമാണ് തൃശൂർ എന്നതാണ് പ്രത്യേകത. ജില്ലയിലെ ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ കൂടിച്ചേരുമ്പോൾ തൃശൂർ ലോക്സഭാ മണ്ഡലമായി. ചാലക്കുടി, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലാണ് ജില്ലയിലെ അവശേഷിക്കുന്ന ഭാഗങ്ങൾ. 1951 മുതൽ 2014 വരെ ഇവിടെ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 10 പ്രാവശ്യവും വിജയം നേടിയത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിനു വേണ്ടി സിപിഐ സ്ഥാനാർഥി എന്നും പറയാം. ആറു തവണ മാത്രം കോൺഗ്രസ് സ്ഥാനാർഥിയും വിജയം വരിച്ചു. 2008 ലെ മണ്ഡല പുനർനിർണയ ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിൽ ഓരോ തവണ വീതം ഇരുമുന്നണികളും നേട്ടം വരിച്ചു. അതുകൊണ്ടു തന്നെ അവകാശവാദങ്ങളിൽ വിജയിക്കാൻ തൃശൂരിൽ ഒരു സ്ഥാനാർഥിക്കും സാധിക്കില്ല എന്നുറപ്പ്.

Thrissur Lok Sabha Constituency

എല്ലാ തിര‍ഞ്ഞെടുപ്പിലും മൽസരിച്ച് സിപിഐ

ഇടതു മുന്നണിയിൽ സിപിഐ കുത്തകയായി കൈവശം വച്ചിരിക്കുന്ന ലോക്സഭാ മണ്ഡലമാണ് തൃശൂർ. ഒരിക്കൽപ്പോലും ഇവിടെ മൽസര രംഗത്ത് ഇല്ലാതിരുന്നിട്ടില്ല. ഇത്തവണയും സിപിഐ തന്നെയാണ് ഇവിടെ മൽസര രംഗത്ത്. തുടർച്ചയായി രണ്ടു തവണ സിപിഎമ്മിനെപ്പോലും തോൽപിച്ച ചരിത്രമുണ്ട് സിപിഐക്ക് ഇവിടെ. 1971ലും 1977ലുമാണ് അതെന്നു മാത്രം. കോൺഗ്രസ് രാഷ്‌ട്രീയത്തിലെ അതികായനായിരുന്ന കെ. കരുണാകരനെ സ്വന്തം തട്ടകത്തിൽ തോൽപ്പിച്ച ചരിത്രവും തൃശൂർ ലോക്‌സഭാ മണ്ഡലത്തിനുണ്ട്.

സിപിഐയുടെ ഏക സിറ്റിങ് സീറ്റിൽ ആദ്യം സ്ഥാനാർഥിയെ തീരുമാനിച്ച് ഒരു പടി മുന്നിൽ പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് സിപിഐ. സിറ്റിങ് എംപി സി.എൻ. ജയദേവനു പകരം ഇത്തവണ രാജാജി മാത്യു തോമസിനാണ് നറുക്കു വീണത്. സിറ്റിങ് എംപിയെയും കെ.പി. രാജേന്ദ്രനേയും ആദ്യം പരിഗണിച്ചെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ രാജാജി മാത്യു തോമസിനെ സ്ഥാനാർഥിയാക്കാൻ തീരുമാനം ഉണ്ടായി. പട്ടികയിൽ ആദ്യമുണ്ടായിരുന്ന കെ.പി. രാജേന്ദ്രനെ തള്ളി രാജാജിയെ സ്ഥാനാർഥിയാക്കിയതിനു പിന്നിൽ സി.എൻ. ജയദേവന്റെ നീക്കങ്ങളാണെന്നാണ് പ്രചാരണം. നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ജനയുഗം എഡിറ്ററുമാണ് നിയുക്ത സ്ഥാനാർഥി. 2006ല്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയായിരുന്നു രാജാജി മാത്യു തോമസ്.

Thrissur Lok Sabha Constituency

എംപിമാരെ മാറ്റി യുഡിഎഫ് നഷ്ടപ്പെടുത്തിയ മണ്ഡലം

2009 ൽ കോൺഗ്രസിന്റെ പി.സി. ചാക്കോ സിപിഐയുടെ സി.എൻ. ജയദേവനെ വീഴ്ത്തിയാണ് ഇവിടെ വിജയം വരിച്ചത്. എന്നാൽ 2014 ൽ യുഡിഎഫിന് ഈ മണ്ഡലം നഷ്ടമായി. ഉൾപാർട്ടി രാഷ്ട്രീയം കനക്കുകയും ഇവിടെ മൽസരിക്കാൻ പി.സി. ചാക്കോ തയാറാകാതിരിക്കുകയും ചെയ്തതോടെ ഹൈക്കമാൻഡ് ഇടപെടലിൽ അന്ന് ചാലക്കുടിയിൽ സിറ്റിങ് എംപിയായിരുന്ന കെ.പി. ധനപാലൻ തൃശൂരിൽ മൽസരിക്കുകയും തോൽക്കുകയും ചെയ്തു. പിന്നീട് തൃശൂർ, ചാലക്കുടി സീറ്റുകൾ വച്ചുമാറിയതിന്റെയും രണ്ടിടത്തും തോറ്റതിന്റെയും ഉത്തരവാദിത്തം ആന്റണി സമിതിക്കു മുന്നിൽ സംസ്‌ഥാന നേതാക്കൾ ഏറ്റെടുത്തിരുന്നു.

കോൺഗ്രസിനെ സംബന്ധിച്ച് ഗ്രൂപ്പ് സമവാക്യങ്ങൾ ശക്തമായ മണ്ഡലമായാണ് തൃശൂരിനെ വിലയിരുത്തുന്നത്. ആരും പാലം വലിക്കും എന്നതിനാൽ ഗ്രൂപ്പുകൾക്ക് അതീതനായ, ഏവർക്കും സമ്മതനായ ഒരു സ്ഥാനാർഥി തന്നെ തൃശൂരിൽ വേണ്ടി വരും എന്നതിൽ തർക്കമില്ല. വീണ്ടും തിരഞ്ഞെടുപ്പു വരുമ്പോൾ ആരായിരിക്കും തൃശൂരിൽ എന്നതിൽ ചർച്ച പുരോഗമിക്കുകയാണ്. വീണ്ടും മൽസരിക്കാൻ പി.സി. ചാക്കോ തൃശൂർ തിരഞ്ഞെടുക്കില്ല എന്നു തന്നെയാണ് വിലയിരുത്തൽ. തോൽവിക്കു വഴിവച്ച തൃശൂർ മണ്ഡലത്തിലേയ്ക്കു വരാൻ കെ.പി. ധനപാലനും മുതിരില്ല.

നിലവിൽ വി.എം. സുധീരന്റെയും തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപന്റെയും പേരുകളാണ് തൃശൂർ മണ്ഡലത്തിലേയ്ക്ക് പരിഗണിക്കുന്നത്. വി.എം. സുധീരൻ തൃശൂരിൽ മൽസരിക്കാൻ തയാറായാൽ പാർട്ടി മറ്റൊരു തീരുമാനത്തിന് മുതിരുമെന്നു കരുതാനാവില്ല. മറ്റൊരു മണ്ഡലമാണ് സുധീരന് നൽകുന്നതെങ്കിൽ ടി.എൻ. പ്രതാപനു തന്നെയായിരിക്കും ഇവിടെ സാധ്യത. മൽസരം കടുത്തതാകും എന്ന വിലയിരുത്തലിൽ തയാറെടുപ്പുകൾ മാസങ്ങൾക്കു മുൻപു തന്നെ ആരംഭിക്കാൻ ഡിസിസി പ്രസിഡന്റിന് പാർട്ടി നേതൃത്വം നിർദേശം നൽകിയിരുന്നതായി അണിയറ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ബിജെപി കെ. സുരേന്ദ്രനെ തൃശൂരിൽ മൽസരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മൽസരത്തിനു തയാറാണെങ്കിൽ തൃശൂർ സീറ്റിൽ എത്തിയേക്കുമെന്നും സൂചനയുണ്ട്.

English Summary: Thrissur Election News, Kerala Election News, Kerala Election 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com