ADVERTISEMENT

ന്യൂ‍ഡൽഹി∙ റഫാൽ ഇടപാടിൽ അഴിമതിയും അന്യായ പ്രവൃത്തിയുമാണു നടന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും കോൺഗ്രസ്. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണു വക്താവ് രൺദീപ് സുർജേവാല ഇക്കാര്യം ആവശ്യപ്പെട്ടത്. ഫ്രഞ്ച് വിമാനക്കമ്പനി ഡാസോ ഏവിയേഷനെ സഹായിക്കാനായി മോദി തന്റെ പദവി ദുരുപയോഗം ചെയ്തു, പൊതുപണം നഷ്ടപ്പെടുത്തിയെന്നും കോൺഗ്രസ് പറഞ്ഞു.

‘ലജ്ജാകരവും വലിയ തോതിലുമുള്ള അഴിമതി നടന്നതായി ഇപ്പോൾ തെളിഞ്ഞു. മോദി തന്റെ അധികാരം ദുർവിനിയോഗം ചെയ്തതായി സംശയാതീതമായി തെളിഞ്ഞു. ഇത് അഴിമതി നിരോധന നിയമത്തിന്റെ ലംഘനമാണ്. മാത്രമല്ല, ഇന്ത്യൻ പീനൽകോഡിന്റെ വിവിധ വകുപ്പുകളും ഇതിൽ ചാർത്താം. മോദിക്കെതിരെയും മറ്റുള്ളവർക്കെതിരെയും എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ട സമയം അതിക്രമിച്ചു. റഫാൽ അഴിമതി അധികാരത്തിന്റെ ഉന്നത ശ്രേണിയിൽ ഉള്ളവരെപ്പോലും ബാധിച്ചു.

ഇടപാടിൽ കൂടിയാലോചന നടത്തിയ ഇന്ത്യൻ നെഗോഷിയേഷൻ ടീമിന്റെ (ഐഎൻടി) റിപ്പോർട്ട് ഇപ്പോൾ പൊതുജനമധ്യത്തിലുണ്ട്. പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തെ കബളിപ്പിച്ചാണ് അഴിമതി നിറഞ്ഞ അവ്യക്തത നിറഞ്ഞ ഈ ഇടപാടിനെ മൂടിവച്ചത്. രാജ്യസുരക്ഷാ താൽപര്യം പോലും പാഴ്ചെലവാക്കി.

രേഖകൾ ഇപ്പോൾ പൊതുജനമധ്യത്തിലുണ്ട്. ഉത്തരവാദിത്തം ഇപ്പോൾ മോദിയുടെ വാതിൽക്കലാണ്. അഴിമതി നിരോധന നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്യണം. ഗൂഢാലോചന ഇപ്പോൾ പുറത്തുവന്നു. ബാങ്ക് ഗ്യാരന്റി നിബന്ധന എടുത്തുകളഞ്ഞതോടെ മോദി ഖജനാവിലെ പണമാണ് നഷ്ടപ്പെടുത്തുന്നത്. രാജ്യത്തിനാവശ്യമായ സജ്ജീകരണങ്ങൾ ഉൾക്കൊള്ളിക്കാനോ വിമാനത്തിന്റെ സാങ്കേതിക വിദ്യ കൈമാറാനോ ഇടപാടുവഴി കഴിയില്ല. പ്രധാനമന്ത്രിയുടെ ഇടപെടലോടെ 36 റഫാൽ വിമാനങ്ങൾക്കായി 10,300 മില്യൺ യൂറോ രാജ്യം മുടക്കേണ്ടിവരും’ – സുർജേവാല ആരോപിച്ചു.

‘ഐഎൻടിയെ മറികടന്ന് ഇടപാടിൽ മോദി നേരിട്ടാണു കൂടിയാലോചനകൾ നടത്തിയത്. അവസാനവട്ട കൂടിയാലോചനകൾ 2016 ജനുവരി 12നും 13നും ഫ്രാൻസിൽ വച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് നടത്തിയതെന്നും 13ന് അന്തിമ കരാർ ഒപ്പിട്ടെന്നും ഐഎൻടി പറയുന്നു. ഇതോടെ മോദി സർക്കാരിന്റെ വലിയൊരു കള്ളത്തരമാണ് പൊളിഞ്ഞത്. 2015 മേയ് 12ന് പ്രതിരോധമന്ത്രാലയമാണ് ഇടപാടിൽ ഇടപെടാൻ ഐഎൻടിയെ ചുമതലപ്പെടുത്തിയത്. എന്നാൽ ഐഎൻടിയുടെ വിശ്വാസ്യത ദുർബലപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫ്രാൻസിലെത്തി കൂടിയാലോചനകൾ നടത്തി. ‌

ഡോവൽ ഐഎൻടിയുടെ ഭാഗമല്ലായിരുന്നു. സുരക്ഷയ്ക്കുള്ള മന്ത്രിതല സമിതിയും ഡോവലിനെ അന്ന് ഇടപാടിനായി ചുമതലപ്പെടുത്തിയിരുന്നില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എങ്ങനെയാണ് കൂടിയാലോചന നടത്തി യുദ്ധവിമാന കരാർ വാങ്ങാൻ കരാർ ഉണ്ടാക്കുന്നതെന്ന ലളിതമായ ചോദ്യമാണ് ഉയരുന്നത്. മോദിയുടെ നിർദേശം അനുസരിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫിസും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രവർത്തിക്കുന്നതെന്ന് ഇതിൽനിന്നു വ്യക്തമാണ്’ – സുർജേവാല പറഞ്ഞു.

English Summary: Time to lodge FIR against PM: Congress on Rafale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com