ADVERTISEMENT

കൊച്ചി∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമാകാതിരുന്ന പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് എൽഡിഎഫിൽ ധാരണയായി. പത്തനംതിട്ടയിൽ ആറന്മുള എംഎൽഎ വീണാ ജോർജും എറണാകുളത്ത് മുൻ എംപി പി.രാജീവും മത്സരിക്കും. ചാലക്കുടിയിൽ സിറ്റിങ് എംപി ഇന്നസെന്റ് തന്നെയാണ് മത്സരിക്കുകയെന്നും വ്യക്തമായി. 

അപ്രതീക്ഷിത സ്ഥാനാർഥിയായി ഡോ. സിന്ധുമോൾ ജേക്കബ് വന്ന കോട്ടയം മണ്ഡലത്തിന്റെ കാര്യത്തിൽ പക്ഷേ അവസാന തീരുമാനമായിട്ടില്ലെന്നാണു സൂചന. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ പേരും സജീവപരിഗണനയിലാണ്. പി.ജെ ജോസഫ് എൽഡിഎഫിലേക്കെത്തുന്ന സാഹചര്യമുണ്ടായാൽ കോട്ടയം മണ്ഡലം വിട്ടു കൊടുക്കാനും ആലോചനയുണ്ട്.

സ്ഥാനാർഥികളെ സംബന്ധിച്ചുള്ള വിവരങ്ങൾ അതതു മണ്ഡലം കമ്മറ്റികളിൽ ഉടനടി റിപ്പോർട്ട് ചെയ്യും. സിറ്റിങ് എംപിമാരിൽ ആറു പേരെയും മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. പൊന്നാനി മണ്ഡലത്തിൽ തവനൂർ എംഎൽഎ വി. അബ്ദുറഹിമാനാകും സ്ഥാനാർഥിയെന്നും പറയപ്പെടുന്നു. കോഴിക്കോട് എ. പ്രദീപ്കുമാറിന്റെ കാര്യത്തിലും വടകരയിൽ മുഹമ്മദ് റിയാസിന്റെ കാര്യത്തിലും മാറ്റമുണ്ടാകാനിടയില്ല. 

കൊല്ലം, കാസർകോട് മണ്ഡലങ്ങളിൽ കെ. എൻ. ബാലഗോപാൽ, കെ.പി സതീശ്ചന്ദ്രൻ എന്നിവർ തന്നെ മത്സരിക്കും. ഇന്നലെ പുറത്തു വന്ന മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേരുകളിലും മാറ്റമില്ല. ഘടകകക്ഷികൾക്ക് സീറ്റില്ല എന്ന കാര്യം ഒൗദ്യോഗികമായി തന്നെ സിപിഎം അവരെ അറിയിച്ചെന്നാണ് വിവരം.

English Summary: Lok Sabha Polls - Veena George in Pathanamthitta and P Rajeev in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com