ADVERTISEMENT

തിരുവനന്തപുരം ∙ സംഘടനാ ചുമതലയില്‍നിന്ന് ഭരണഘടനാപദവിയിലേക്കു അപ്രതീക്ഷിതമായി മാറിയ കുമ്മനം രാജശേഖരനെ മടക്കി വിളിക്കണമെന്ന് സംസ്ഥാന ബിജെപിയിൽ ഏറെനാളായി ഉയരുന്ന മുറവിളികള്‍ക്ക് അവസാനം. മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുമ്മനം തിരിച്ചെത്തുന്നതോടെ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമൽസരത്തിന് ഒരുങ്ങുകയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം.

കേരളത്തിൽ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരംമണ്ഡലത്തില്‍ കുമ്മനത്തെ മത്സരിപ്പിപ്പിക്കണമെന്നും, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ മടക്കി കൊണ്ടുവരണമെന്നുമുളള പാർട്ടി അനുഭാവികളുടെ ആഗ്രഹത്തിനാണ് ഇതോടെ പൂർത്തീകരണമാകുന്നത്. ഏറ്റവുമൊടുവില്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പാലക്കാട് എത്തിയപ്പോഴും ആര്‍എസ്എസ് നേതൃത്വം ഈ ആവശ്യം ഉന്നയിച്ചിരുന്നു.

കുമ്മനം കേരളത്തിലേക്ക് വരുന്നത് ഗുണകരമാകുമെന്നു കേന്ദ്ര നേതൃത്വത്തിനു കൂടി ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. സിറ്റിങ് എംപി ശശി തരൂര്‍ തന്നെയാവും കോണ്‍ഗ്രസിനു വേണ്ടി കളത്തിലിറങ്ങുകയെന്നത് ഉറപ്പായിക്കഴിഞ്ഞു. സിപിഐ ആകട്ടെ സി. ദിവാകരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. കുമ്മനം കൂടി എത്തുന്നതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി തിരുവനന്തപുരം വീണ്ടും മാറും.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്ക് മുന്‍പാണ് അപ്രതീക്ഷിതമായി കുമ്മനം രാജശേഖരനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കുമ്മനംപോലും വിവരം മുന്‍കൂട്ടി അറിഞ്ഞില്ല. വി.മുരളീധരനുശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത കുമ്മനത്തെ മാറ്റിയതോടെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയായിരുന്ന പി.എസ്.ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായി.

സ്വാശ്രയ കോളജുമായി ബന്ധപ്പെട്ട കോഴ വിവാദമാണ് കുമ്മനത്തെ മാറ്റിയതിനു പിന്നിലെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കുമ്മനത്തിനു കഴിയുന്നില്ലെന്നും, ചില ഗ്രൂപ്പുകളുടെ ചട്ടുകമായി മാറിയെന്നും പാര്‍ട്ടിയിലെ ഒരുവിഭാഗം വിമര്‍ശനം ഉയര്‍ത്തി. മിസോറം ഗവര്‍ണറായി പോകാന്‍ താല്‍പര്യപ്പെടാതിരുന്ന കുമ്മനത്തിന് അവിടെയും പ്രാദേശിക എതിര്‍പ്പുകളെ നേരിടേണ്ടിവന്നു.

കുമ്മനത്തെ എന്നും പിന്‍തുണച്ചിട്ടുള്ള ആര്‍എസ്എസ് നിലപാടും ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് അദ്ദേഹത്തിന്റെ മടങ്ങിവരവിനു പിന്നിലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു. ഹിന്ദു സംഘടനകളുമായി വലിയ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് കുമ്മനം. ആര്‍എസ്എസ് നിലപാടുകളോട് അടുത്തുനില്‍ക്കുന്ന നേതാവ്. നിലയ്ക്കല്‍ സമരത്തില്‍ നായകനായിരുന്ന കുമ്മനത്തിന്റെ മികവ് ഈ തിരഞ്ഞെടുപ്പിലും ഉപയോഗിക്കാനാകുമെന്ന് ആര്‍എസ്എസ് കണക്കുകൂട്ടുന്നു.

1987ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ വലിയരീതിയില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കുമ്മനത്തിനായി. ഇന്ത്യന്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) പാര്‍ട്ടി നേതാവ് കെ. ശങ്കരനാരായണപിള്ള 35,562 വോട്ടുകള്‍ നേടിയപ്പോള്‍ 23,835 വോട്ടുകള്‍ നേടി കുമ്മനം രണ്ടാം സ്ഥാനത്തെത്തി. കുമ്മനം സംസ്ഥാനത്തേക്ക് തിരിച്ചുവരുന്നത് ഹിന്ദുസംഘടനകള്‍ക്ക് വലിയ ഉണര്‍വാകുമെന്നും ഹിന്ദു വോട്ടുകള്‍ സമാഹരിക്കാനാകുമെന്നും ബിജെപി കേന്ദ്ര നേതൃത്വവും ആര്‍എസ്എസ് നേതൃത്വം വിലയിരുത്തുന്നു.

എന്‍എസ്എസ് നേതൃത്വവുമായുള്ള അടുപ്പവും അനുകൂലഘടകമാണ്. നായര്‍വോട്ടുകള്‍ നിര്‍ണായകമായ തിരുവനന്തപുരത്ത് കുമ്മനം മത്സരിച്ചാല്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കുമ്മനത്തിന്റെ രാജി സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള മനോരമ ഓണ്‍ലൈനോട് പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥികളെ സംബന്ധിച്ച് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഇതു കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ബിജെപി സ്ഥാനാര്‍ഥി പട്ടിക എന്നു പുറത്തുവരുമെന്ന ചോദ്യത്തിന് അതെല്ലാം കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അതു സംബന്ധിച്ച് പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Kummanam Rajasekharan is back in state politics, may contest from Thiruvananthapuram constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com