ADVERTISEMENT

ഗാസിയാബാദ്∙ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലുണ്ടായ നാശനഷ്ട്ടത്തിനും മരണസംഖ്യയിലും വ്യക്തത ആവശ്യപ്പെടുന്നവരെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരക്കാർ പാക്കിസ്ഥാനെ പ്രീണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നു ഗാസിയബാദിൽ നടന്ന റാലിയിൽ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം സ്ഥരീകരിച്ച് ആദ്യം ട്വീറ്റ് ചെയ്തത് പാക്കിസ്ഥാനാണ്. കേന്ദ്ര സർക്കാരിന് ആക്രമണത്തിന്റെ യാതൊരു ബഹുമതിയും ആവശ്യമില്ല. 130 കോടി ജനങ്ങളാണ് തന്റെ തെളിവെന്നു പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിനു പുറമെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച രണ്ടു ജവാന്മാരുടെ കുടുംബവും വ്യോമാക്രണത്തിനു തെളിവുകൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ആക്രമണത്തിൽ മരിച്ച റാം വകീൽ, പ്രദീപ് കുമാർ എന്നിവരുടെ ബന്ധുക്കളാണ് ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിനു വ്യക്തമായ തെളിവില്ലെന്നു പറഞ്ഞത്. ഇതിനെത്തുടർന്നാണ് പ്രധാനമന്ത്രിയുടെ മറുപടി. 2008–ൽ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിലവിലുണ്ടായിരുന്ന സർക്കാർ ഒന്നും ചെയ്തില്ല. പുൽവാമയ്ക്കു ശേഷം താനും അതുപോലെ ചെയ്യാൻ ആയിരുന്നെങ്കിൽ ജനങ്ങൾ എന്തിനാണ് തന്നെ തിരഞ്ഞെടുത്തതെന്നു മോദി ചോദിച്ചു.

രാജ്യത്തിന്റെ ഐക്യ അന്തരീക്ഷം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് വെള്ളിയാഴ്ച കാൻപുരിൽ നടന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. കശ്മീരി വ്യാപാരികൾക്ക് നേരേ ലക്നൗവിൽ നടന്ന ആക്രമണത്തെ അപലപിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. 40 ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ കശ്മീർ ചാവേറാണെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് വിവിധ ഇടങ്ങളിൽ കശ്മീരികൾക്കു നേരേ ആക്രമണം ഉണ്ടായത്.

ബുധനാഴ്ചയാണ് ലക്നൗവിൽ ഒരു സംഘം ആളുകൾ രണ്ടു കശ്മീരി വ്യാപാരികളെ വടികൊണ്ട് തല്ലി ഇന്ത്യാക്കാരാണെന്നു തെളിയിക്കാൻ ആവശ്യപ്പെട്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ വിശ്വ ഹിന്ദു ദൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമകാരികൾക്കെതിരെ ഉത്തർപ്രദേശ് സർക്കാർ കർശന നടപടി സ്വീകരിച്ചത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

English Summary: "130 Crore Indians Are My Proof": PM Modi On Questions Over Air Strikes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com