ADVERTISEMENT

കല്‍പറ്റ ∙ വൈത്തിരി റിസോര്‍ട്ടിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി. ജലീൽ ബാഗില്‍നിന്ന് തോക്കെടുക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. റിസോര്‍ട്ടിനുള്ളില്‍വച്ചുള്ള ദൃശ്യങ്ങളാണിത്. മാവോയിസ്റ്റുകള്‍ നാടന്‍ തോക്കിന് പുറമേ എകെ47 ഉപയോഗിച്ച് വെടിയുതിര്‍ത്തുവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. എകെ47ന് സാമ്യമായ തോക്ക് മാവോയിസ്റ്റുകളുടെ കയ്യിലുണ്ടായിരുന്നവെന്നു തെളിയിക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.

അതേസമയം, ജലീലിന്റെ കൂട്ടാളി ചന്ദ്രുവിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ചന്ദ്രുവിന്റെ പരുക്ക് ഗുരുതരമായതിനാല്‍ അധികകാലം ഒളിച്ചിരിക്കാനാവില്ലെന്നും ഇയാള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും അന്വേഷണസംഘം പറഞ്ഞു. വെടിവയ്പിനിടെ സമീപത്തുകൂടി ഒരു വാഹനം പോകുന്ന ശബ്ദവും സ്ത്രീയുടെ കരച്ചിലും കേട്ടിരുന്നുവെന്നു സമീപവാസികള്‍ പറയുന്നു. മറ്റു സംഘാംഗങ്ങള്‍ ചന്ദ്രുവിനെ വാഹനത്തില്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിരിക്കുമോയെന്നതു പരിശോധിക്കുന്നുണ്ട്. ഇയാള്‍ കസ്റ്റഡിയിലാണെന്ന ഭാഷ്യം പൊലീസ് തള്ളിക്കളയുകയാണ്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ചന്ദ്രുവിനെതിരെ അന്വേഷണം നടക്കുന്നതെന്നു പൊലീസ് പറയുന്നു. ജലീല്‍ കൊല്ലപ്പെട്ടതില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കുമെന്ന സൂചനയുള്ളതിനാല്‍ വയനാട്ടിലെ 6 പൊലീസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി. വെടിവയ്പ് നടന്ന റിസോര്‍ട്ടും പരിസരവും ഇപ്പോഴും ശക്തമായ പൊലീസ് കാവലിലാണ്. വൈത്തിരി വെടിവയ്പില്‍ ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി ശ്രീനിവാസറാവുവിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചന്ദ്രു, കുപ്പു ദേവരാജിന്റെ അടുത്ത അനുയായി

വൈത്തിരി വെടിവയ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ കൂട്ടാളിയാണു തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ ചന്ദ്രു. തമിഴ്നാട്ടിലും കേരളത്തിലും കര്‍ണാടകത്തിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ അടുത്ത അനുയായിയാണു ചന്ദ്രുവെന്ന് പൊലീസ് പറയുന്നു. കരുളായി വെടിവയ്പിനു പ്രതികാരം ചെയ്യാനായി രൂപീകരിച്ച വരാഹിണി ദളത്തിലെ പ്രധാനിയുമാണ്. കൈയില്‍ എകെ 47 തോക്കേന്തിയാണ് ചന്ദ്രു റിസോര്‍ട്ടിലെത്തിയതെന്നു തെളിയിക്കുന്ന ഫോട്ടോകള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com