ADVERTISEMENT

മുംബൈ∙ കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രം ഡൗൺലോഡ് ചെയ്തതിന്റെ പേരിൽ ഇന്ത്യൻ പൈലറ്റിനെ യുഎസ് നാടുകടത്തി. ഇന്ത്യൻ വിമാനക്കമ്പനിയുടെ ന്യൂഡൽഹിയിൽനിന്നുള്ള വിമാനം തിങ്കളാഴ്ച സാൻഫ്രാൻസിസ്കോയിൽ ഇറങ്ങിയ ഉടനെതന്നെ മുംബൈ സ്വദേശിയായ പൈലറ്റിനെ യുഎസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യാത്രക്കാരുടെ മുന്നിലൂടെ കൈവിലങ്ങ് അണിയിച്ചാണ് പൈലറ്റിനെ പുറത്തുകൊണ്ടുപോയത്.

50കളിലുള്ള പൈലറ്റ് വിമാനത്തിന്റെ ഫസ്റ്റ് ഓഫിസർ ആയിരുന്നു. യുഎസിലേക്ക് വിമാനങ്ങൾ സ്ഥിരമായി പറത്തുന്നയാളാണ്. നിലവിലെ നിയമം അനുസരിച്ച് അമേരിക്കയിലേക്കു സർവീസ് നടത്തുന്ന വിമാനങ്ങൾ യുഎസ് ബ്യൂറോ ഓഫ് കസ്റ്റംസ് ആൻ‍ഡ് ബോർഡർ പ്രൊട്ടക്‌ഷനു വിധേയമാകണം. വിമാനം പുറപ്പെട്ട് 15 മിനിറ്റിനുള്ളിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങളും കൈമാറണം.

യുഎസിൽ ഇയാൾ കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ഇന്റർനെറ്റ് ഉപയോഗത്തിലൂടെയാണു കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങൾ കാണുന്നതായി എഫ്ബിഐയുടെ ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ രണ്ടു മാസമായി എഫ്ബിഐ ഇയാളുടെ കേസ് അന്വേഷിക്കുകയായിരുന്നു. തെളിവുകൾ ശേഖരിച്ചതിനു പിന്നാലെ യുഎസിലെത്തിയ പൈലറ്റിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പാസ്പോർട്ട് കണ്ടുകെട്ടി. വീസ റദ്ദാക്കുകയും ചെയ്തു. ഡൽഹിക്കുള്ള വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു. ഇതോടെ ഇനി ഇയാൾക്ക് യുഎസ് സന്ദർശിക്കാനാകില്ല. തെളിവുകൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് എഫ്ബിഐ അയച്ചിട്ടുമുണ്ട്.

അതേസമയം, വീസ വിഷയത്തിലാണ് പൈലറ്റിനെ നാടുകടത്തിയതെന്നാണ് വിമാനക്കമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ വീസ റദ്ദാക്കിയതിനു പിന്നിൽ അശ്ലീലചിത്രം കണ്ടെന്ന വിഷയവും ഉൾപ്പെട്ടിട്ടുള്ളതായി വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അനൗദ്യോഗികമായി അറിയിച്ചു.

English Summary: US deplanes & deports Indian pilot for watching child porn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com