ADVERTISEMENT

ചെന്നൈ ∙ പൊള്ളാച്ചി പീഡനത്തിന്റെ ക്രൂരതയും ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ ദൈന്യതയും വെളിപ്പെടുത്തുന്ന വിഡിയോ പുറത്ത്. പെൺകുട്ടിയെ എങ്ങനെയാണു വലയിലാക്കിയതെന്നും പീഡിപ്പിച്ചതെന്നും അറസ്റ്റിലാവുന്നതിനു മുമ്പായി പ്രതികൾ കുറ്റസമ്മതം നടത്തുന്നതാണു വിഡിയോയിലുള്ളത്.

തമിഴ്നാട് സർക്കാർ കേസന്വേഷണം സിബിഐയ്ക്കു കൈമാറി ഉത്തരവിട്ടതിനു പിന്നാലെയാണു വിഡിയോ പുറത്തുവന്നത്. 3.25 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ ആധികാരികതയെപ്പറ്റി ഉറപ്പില്ലെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പൊള്ളാച്ചി പൊലീസിനു കൈമാറും മുമ്പ് പെൺകുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണു പ്രതികളുടെ വിഡിയോ ചിത്രീകരിച്ചതെന്നു കരുതുന്നു. കോളജ് വിദ്യാർഥിനിയായ ഇര തനിക്കൊപ്പം കാറിൽ വരാൻ തയാറാവുകയായിരുന്നെന്നു പ്രതികളിലൊരാൾ വിഡിയോയിൽ പറയുന്നതു കാണാം.

‘പുറത്തേക്കു വരുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അവൾ ഞങ്ങളുടെ കൂടെ കാറിൽ കയറി വരികയായിരുന്നു. പിന്നീട് ഞാൻ ചെയ്തതു തെറ്റായിരുന്നു. ചുംബിച്ചപ്പോൾ അവൾ പക്ഷേ എതിർത്തില്ല. വസ്ത്രം ഉരിഞ്ഞെടുക്കുമ്പോൾ ‘നോ’ എന്ന് പറഞ്ഞെങ്കിലും ഞാൻ തുടർന്നു. ചുംബിക്കുമ്പോൾ ഒന്നും പറയാതിരുന്നിട്ട് ഇപ്പോൾ എതിർക്കുന്നത് എന്തിനാണെന്നു ചോദിച്ചു’– പ്രതികളിലൊരാൾ പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെയാണു പ്രതികൾ കോളജ് വിദ്യാർഥിനികളെ വലയിലാക്കാൻ കെണി ഒരുക്കിയിരുന്നതെന്നു പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലാകുന്ന പെൺകുട്ടികളെ ദീർഘദൂര യാത്രക്കോ ഭക്ഷണം കഴിക്കാനോ കൂട്ടുവിളിക്കുകയാണ് ആദ്യഘട്ടം. സൗഹൃദത്തിൽ വിശ്വസിച്ച് ഇങ്ങനെ ഇറങ്ങിവരുന്ന പെൺകുട്ടികളെ ക്രമേണ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയാണു ചെയ്തിരുന്നത്.

എൻജിനീയറായ ശബരീരാജനാണു യുവതികളുമായി ബന്ധം സ്ഥാപിച്ചു അവരുടെ ചിത്രവും വിഡിയോയും എടുക്കുന്നതിൽ പ്രധാനി. ഈ ദൃശ്യങ്ങൾ പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തിയാണു പീഡനം നടത്തിയിരുന്നത്. എംബിഎക്കാരനായ കെ.തിരുനാവുക്കരശ് ആണ് പീഡനങ്ങളുടെ ബുദ്ധികേന്ദ്രം. സ്വകാര്യസ്ഥാപന ജീവനക്കാരായ സതീഷ്, ടി.വസന്തകുമാർ എന്നിവർ ഇവർക്കു കൂട്ടുനിന്നു.

ഇവർ എത്രപേരെ പീഡിപ്പിച്ചിട്ടുണ്ട് എന്നതിനെപ്പറ്റി അന്വേഷിക്കുകയാണെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനായി പ്രതികളുടെ ഫോണുകൾ പരിശോധനയ്ക്ക് അയച്ചു. മൊബൈൽ ഫോണിലെടുത്ത ചിത്രങ്ങളും വിഡിയോകളും വീണ്ടെടുക്കാനായാൽ കൂടുതൽ വിവരങ്ങളും തെളിവുകളും കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു.

പ്രതികൾ 60 സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നെന്നാണു കോയമ്പത്തൂർ ജില്ലാ പൊലീസ് തുടക്കത്തിൽ പറഞ്ഞത്. ഈ വാദത്തെ പുനഃപരിശോധിക്കുകയാണ് അന്വേഷണം തുടർന്ന് ഏറ്റെടുത്ത സിബിസിഐഡി ചെയ്തത്. ഇതുവരെ ഒരാൾ മാത്രമാണ് പരാതിയുമായി രംഗത്തെത്തിയതെന്നു സിബിസിഐഡി വൃത്തങ്ങൾ അറിയിച്ചു. ഗുണ്ടാ ആക്ട് പ്രകാരം നാലു പേരെ അറസ്റ്റ് ചെയ്തു. 

സർക്കാരിന്റെ ഗുരുതര വീഴ്ച

പൊള്ളാച്ചി പീഡനക്കേസിൽ സർക്കാരിന്റെ ഗുരുതര വീഴ്ചയെന്ന് ആരോപണം. അന്വേഷണം സിബിഐക്കു വിട്ടുകൊണ്ട് ആഭ്യന്തര വകുപ്പു പുറത്തിറക്കിയ ഉത്തരവിൽ പരാതി നൽകിയ യുവതിയുടെ പേര് കടന്നുകൂടി. പെൺകുട്ടി പഠിക്കുന്ന കോളജ്, സഹോദരൻ, മാതാപിതാക്കൾ തുടങ്ങിയവരുടെ വിവരങ്ങളും ഉത്തരവിൽ ഉള്ളതായി പരാതി ഉയർന്നു.

സർക്കാർ ഉത്തരവിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായും, ഇതു പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും സമൂഹത്തിൽ അപകീർത്തിയുണ്ടാക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റേതു ഗുരുതര വീഴ്ചയാണെന്നും പീഡനത്തിന് ഇരയാകുന്നവരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന ചട്ടത്തിന്റെ ലംഘനമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

കോടതി വിധികളിലോ സമൂഹ മാധ്യമങ്ങളിലോ സർക്കാർ ഉത്തരവുകളിലോ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന് 2018 ഡിസംബറിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റിലായ തിരുനാവക്കരശ്, സതീഷ്, വസന്തകുമാർ, ശബരീരാജൻ എന്നിവർ നൂറിലധികം പെൺകുട്ടികളെ പീഡിപ്പിച്ചതായാണു പുറത്തു വരുന്ന വിവരം.

ഉപദ്രവിക്കപ്പെട്ട പെൺകുട്ടികൾ പരാതി നൽകാൻ മുന്നോട്ടുവരണമെന്നു ദേശീയ വനിതാ കമ്മിഷൻ അടക്കം ആവശ്യപ്പെട്ടതിനു പിന്നാലെയാണു പേരും വിവരങ്ങളും വെളിപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങിയത്. തന്റെ പേരും വിവരങ്ങളും ഉപയോഗിക്കുന്നതിൽനിന്നു മാധ്യമങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും സന്നദ്ധ സംഘടനകളെയും വിലക്കണമെന്ന് ആവശ്യപ്പെട്ടു പരാതി നൽകിയ യുവതി കോയമ്പത്തൂർ ജില്ലാ കലക്ടർക്കു നിവേദനം നൽകിയിരുന്നു.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ പൊള്ളാച്ചി എസ്പി ആർ.പാണ്ഡ്യരാജൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ തന്റെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്യമായി പറഞ്ഞതു ചൂണ്ടിക്കാട്ടിയാണു പെൺകുട്ടി കലക്ടർക്കു പരാതി നൽകിയത്. സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ വിവരങ്ങളും വിഡിയോകളും പ്രചരിപ്പിക്കരുതെന്നു പൊലീസ് പൊതുജനങ്ങൾക്കു നിർദേശം നൽകി.

സമൂഹമാധ്യമങ്ങളിലൂടെ യുവതികളെ വശീകരിച്ചു പീഡന ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ കേസ് സിബിഐക്കു വിട്ടു തമിഴ്നാട് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത് ഗവർണർ ബൻവാരിലാൽ പുരോഹിത് അനുമതി നൽകിയതിനു പിന്നാലെയാണ്. അതീവ പ്രാധാന്യമുള്ള കേസാണെന്നും അന്വേഷണം ഏറ്റെടുക്കണമെന്നും കാണിച്ചുള്ള ഉത്തരവു ഡിജിപി ടി.കെ.രാജേന്ദ്രൻ സിബിഐ അധികൃതർക്കു കൈമാറി. 

ഫാം ഹൗസ്  പരിശോധിച്ചു

പ്രതികൾ പെൺകുട്ടികളെ പൂട്ടിയിട്ടു പീഡിപ്പിച്ച ആനമലയിലെ ഫാം ഹൗസ് സിബിസിഐഡി ഉദ്യോഗസ്ഥർ പരിശോധിച്ചു. കേസിന്റെ ചുമതലയുള്ള സിബിസിഐഡി ഐജി ശ്രീധർ, എസ്പി നിഷ പാർഥിപൻ തുടങ്ങിയവരടങ്ങുന്ന സംഘമാണു വീട്ടിലെത്തി തെളിവു ശേഖരിച്ചത്. പ്രതികളിൽനിന്നു പിടികൂടിയ മൊബൈൽ ഫോണിൽ നിന്ന് ഒട്ടേറെ വിഡിയോകൾ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇവ വീണ്ടെടുക്കാൻ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

വീട്ടിൽ നിന്നു പെൻഡ്രൈവുകളും ഹാർഡ് ഡിസ്കുകളും കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. പെൺകുട്ടികളിൽ നിന്നു രഹസ്യമൊഴി എടുക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ പേർ പരാതിയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. പരാതി നൽകിയ പെൺകുട്ടിക്കും ബന്ധുക്കൾക്കും ചിലരിൽ നിന്നു ഭീഷണി ഉണ്ടാകുന്നതായി പരാതിയുണ്ട്.

അതിനിടെ, പൊള്ളാച്ചി സംഭവവുമായി ബന്ധപ്പെട്ടു തനിക്കും മക്കൾക്കും എതിരെ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതായി കാണിച്ചു ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ മരുമകൻ ശബരീശനെതിരെ പൊള്ളാച്ചി ജയരാമൻ അപകീർത്തിക്കേസ് നൽകി. ജയരാമന്റെ പരാതിയിൽ കേസെടുത്തതായി ചെന്നൈ സിറ്റി പൊലീസ് അറിയിച്ചു.

സംസ്ഥാനത്തെങ്ങും പ്രതിഷേധം

മനഃസാക്ഷിയെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട്ടിൽ ഉടനീളം കോളജ് വിദ്യാർഥികൾ പ്രതിഷേധിച്ചു. ചെന്നൈ, മധുര, കോയമ്പത്തൂർ, തഞ്ചാവൂർ, ഉദുമൽപേട്ട്, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിലെ കോളജ് വിദ്യാർഥികളും െമഡിക്കൽ വിദ്യാർഥികളും പലയിടത്തായി റോഡ് ഉപരോധിച്ചു.

ഉദുമൽപേട്ടിൽ നടന്ന റോഡ് ഉപരോധത്തിൽ 3,000 ൽ അധികം വിദ്യാർഥികൾ പങ്കെടുത്തു. കോയമ്പത്തൂർ–ഡിണ്ടിഗൽ ദേശീയപാതയിൽ 2 മണിക്കൂറോളം ഗതാഗതം മുടങ്ങി. വിദ്യാർഥി പ്രതിഷേധം ഭയന്നു കോയമ്പത്തൂർ പൊള്ളാച്ചി മേഖലകളിലെ പല കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. സംഘർഷസാധ്യത കണക്കിലെടുത്തു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

ഇതിനിടെ, അണ്ണാ ഡിഎംകെ നേതാവ് നാഗരാജിന്റെ ഉടമസ്ഥതയിലുള്ള ബാർ തല്ലിത്തകർത്ത കേസിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വാർത്തകൾ പ്രചരിക്കുന്നതു തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു നാഗരാജ് കോയമ്പത്തൂർ കലക്ടർക്കു പരാതി  നൽകി. 

പരാതി നൽകാൻ ഹെൽപ് ലൈൻ

പൊള്ളാച്ചി പീഡനക്കേസിലെ ഇരകൾക്കു പരാതി നൽകാൻ സംസ്ഥാന വനിതാ കമ്മിഷൻ പ്രത്യേക ഹെൽപ് ലൈൻ നമ്പരുകൾ ഏർപ്പെടുത്തി. 044-2855155, 044-28592750 എന്നീ നമ്പരുകളിൽ ഇരകൾക്കു പരാതി നൽകാം. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

ആവശ്യമെങ്കിൽ  കേസിൽ  ആരോപണ വിധേയരായ ഡപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി ജയരാമന്റെ മക്കളെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്നു സംസ്ഥാന വനിതാ കമ്മിഷൻ വ്യക്തമാക്കി. ഇതിനിടെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു വനിതാ അഭിഭാഷക സംഘടന നൽകിയ ഹർജി മദ്രാസ് ൈഹക്കോടതി തള്ളി.

English Summary: In Pollachi Sex Scandal Video, Accused Describe How Women Were Targeted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com