ADVERTISEMENT

ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്നും കൂടി മൽസരിക്കണമെന്ന ആവശ്യം ഉയരുന്നു. അമേഠിക്കൊപ്പം മറ്റൊരു മണ്ഡലം കൂടി കോൺഗ്രസ് ഹൈക്കമാൻഡ് തേടുന്നതിന്റെ സൂചനയാണ് പുതിയ റിപ്പോർട്ട്.

രാഹുൽ കർണാടകയിൽ നിന്നും മൽസരിക്കണമെന്ന് പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നു മത്സരിക്കണമെന്നു രാഹുൽ ഗാന്ധിയോട് അപേക്ഷിക്കുന്നു. അദ്ദേഹം ദക്ഷിണേന്ത്യയിൽ നിന്നുള്ള നമ്മുടെ പ്രതിനിധിയായിരിക്കണം. അതിനായി കർണാടക തിരഞ്ഞെടുക്കണം’– ദിനേഷ് ഗുണ്ടു റാവു  ട്വിറ്ററിൽ കുറിച്ചു.

പിസിസി പ്രസിഡന്റിന്റെ ആവശ്യത്തിനു പിന്തുണയുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും രംഗത്തെത്തി. കർണാടക എപ്പോഴും കോൺഗ്രസ് നേതാക്കളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കാര്യത്തിൽ അതു തെളിഞ്ഞതാണ്. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായ രാഹുൽ ഗാന്ധി കർണാടകയിൽ നിന്നു മത്സരിച്ച് പുതിയ വികസന മാതൃക സൃഷ്ടിക്കണമെന്നു സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

കർണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥും രാഹുൽ ഗാന്ധിയെ സംസ്ഥാനത്ത് മത്സരിക്കാൻ ക്ഷണിച്ചു. രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴൊക്കെ കോൺഗ്രസ് നേതാക്കൾ ദക്ഷിണേന്ത്യയിൽ നിന്നു മത്സരിച്ചിട്ടുണ്ടെന്നു പി.സി.വിഷ്ണുനാഥ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സമാന ആവശ്യം ഉന്നയിച്ചതായാണ് സൂചന.

അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ 1978–ൽ ഇന്ദിരാ ഗാന്ധി കർണാടകയിലെ ചിക്മംഗളൂരുവിൽ നിന്നും 1999–ൽ കോൺഗ്രസ് അധ്യക്ഷയായിരിക്കെ സോണിയ ഗാന്ധി ബെല്ലാരിയിൽ നിന്നും മത്സരിച്ചു വിജയിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നേതാക്കളുടെ ആവശ്യം.

യുപിയിലെ അമേഠിയാണ് നിലവിൽ രാഹുൽ ഗാന്ധിയുടെ മണ്ഡലം. ഇതിനു പുറമെ ദക്ഷിണേന്ത്യയിൽ നിന്നു കൂടി മത്സരിക്കണമെന്നാണ് ആവശ്യം. 2014–ലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലും യുപിയിലുമായി രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു.

English Summary: Rahul Gandhi may contest from south India too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com