ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും സഖ്യകക്ഷികളും പോരാടുന്ന മണ്ഡലങ്ങള്‍ പ്രഖ്യാപിച്ചു. അണ്ണാ ഡിഎംകെ 20 ലോക്സഭാ സീറ്റുകളിലാണു മത്സരിക്കുക. സൗത്ത് ചെന്നൈ, കാഞ്ചീപുരം, കരൂർ, ഈറോഡ്, തിരുവണ്ണാമലൈ, സേലം, നാമക്കൽ, തിരുപ്പൂർ, നീലഗിരി, പൊള്ളാച്ചി, കൃഷ്ണഗിരി, അരണി, പേരാമ്പലൂർ, ചിദംബരം, നാഗപട്ടണം, മയിലാടുംതുറൈ, മധുര, തേനി, തിരുവള്ളൂർ, തിരുനെൽവേലി തുടങ്ങിയ മണ്ഡലങ്ങളാണ് പട്ടികയിലുള്ളത്.

അഞ്ച് സീറ്റുകളാണ് ബിജെപിക്ക് നൽകിയത്. കന്യാകുമാരി, ശിവഗംഗ, കോയമ്പത്തൂർ, തൂത്തുക്കുടി, രാമനാഥപുരം എന്നിവ. ചെന്നൈ സെൻട്രൽ, ധർമപുരി, ആർക്കോണം, വെള്ളിയൂർപുരം, ദിണ്ടിഗൽ, ശ്രീപെരുമ്പത്തൂർ, കൂടല്ലൂർ തുടങ്ങിയ മണ്ഡലങ്ങളിൽ പട്ടാളി മക്കൾ കക്ഷി മത്സരിക്കും.

വിരുദുനഗർ, കല്ലാകുറിച്ചി, തിരുച്ചി, ചെന്നൈ നോർത്ത്, മണ്ഡലങ്ങൾ ഡിഎംഡികെയ്ക്കും പുതുച്ചേരി മണ്ഡലം എൻ.ആർ.കോൺഗ്രസിനും നൽകാൻ ധാരണയായി. വെല്ലൂരിൽ പുതിയ നീതി കക്ഷിയും തഞ്ചാവൂരിൽ തമിഴ് മാനില കോൺഗ്രസ് (ടിഎംസി) മത്സരിക്കും. സ്ഥാനാർഥികളുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണു സൂചന.

തലസ്ഥാനത്ത് പങ്കുവയ്ക്കൽ

പശ്ചിമ തമിഴ്നാട് ഭാഗങ്ങളിലാണ് അണ്ണാ ഡിഎംകെ ഇത്തവണ പിടിമുറുക്കിയിരിക്കുന്നത്. പരമ്പരാഗത വോട്ടുകൾ ഉറപ്പിക്കുകയാണു ലക്ഷ്യം. എന്നാൽ കിഴക്കൻ പ്രദേശങ്ങളിൽ വളരെക്കുറച്ചു മണ്ഡലങ്ങളിൽ മാത്രമാണു മത്സരം. സംസ്ഥാന തലസ്ഥാനത്തെ 3 ലോക്സഭാ മണ്ഡലങ്ങളും പിഎംകെയ്ക്കും ഡിഎംഡികെയ്ക്കുമൊപ്പം പങ്കുവയ്ക്കാനും തീരുമാനിച്ചിരിക്കുന്നു.

എട്ടു സീറ്റുകളിലാണ് ഡിഎംകെ, അണ്ണാ ഡിഎംകെ പോരാട്ടം. മധുരയിലും കോയമ്പത്തൂരും സിപിഎമ്മിനെതിരെ യഥാക്രമം അണ്ണാ ഡിഎംകെയും ബിജെപിയും മത്സരിക്കും. സിപിഐ മത്സരിക്കുന്ന തിരൂപ്പൂരും നാഗപട്ടണത്തും അണ്ണാ ഡിഎംകെ എതിരാളികളാകും. 

നിരന്തരമായ ചർച്ചകൾക്കുശേഷം വിജയ്കാന്തിന്റെ ഡിഎംഡികെ മുന്നണിയിൽ എത്തിയത് അണ്ണാ ഡിഎംകെയ്ക്ക് നേട്ടമായേക്കും. ഏപ്രില്‍18നാണ് തിരഞ്ഞെടുപ്പ്.

ഏത് സഖ്യം നേട്ടമുണ്ടാക്കും

ഡിഎംകെയ്ക്കൊപ്പം കോൺഗ്രസും വിസികെയും എംഡിഎംകെയും ഇടതുപാർട്ടികളുമാണുള്ളത്. മുൻകാല തിരഞ്ഞെടുപ്പുകൾ നോക്കിയാൽ 2016 നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടുശതമാനക്കണക്കിൽ അണ്ണാ ഡിഎംകെയ്ക്കൊപ്പമുള്ള പിഎംകെയും ഡിഎംഡികെയ്ക്കും മറ്റുമാണു നേട്ടമുണ്ടാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം വിസികെ, ഇടതു പാർട്ടികൾ, ഡിഎംഡികെ, മനിതനേയ മക്കൾ കക്ഷി അണ്ണാ ഡിഎംകെ മുന്നണിയിലുള്ള ബിജെപി, പിഎംകെ പാർട്ടികൾക്ക് 5 ശതമാനത്തിലേറെ വോട്ടുണ്ട്.

ഡിഎംകെ മുന്നണിയിൽ കോൺഗ്രസ് ഒഴികെ മറ്റൊരു പാർട്ടിക്കും രണ്ടു ശതമാനത്തിൽ കൂടുതൽ വോട്ടില്ല. എന്നാൽ ടി.ടി.വി.ദിനകരനും മറ്റും ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലും കലൈജ്ഞറുടെയും പുരട്ചി തലൈവിയുടെയും അസാന്നിധ്യത്തിലുള്ള പോരാട്ടം കണ്ടുതന്നെ അറിയണം.

English Summary: DMK- AIADMK Fight In 8 Seats At Tamilnadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com