ADVERTISEMENT

പനജി ∙ ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ പരീക്കർ (63) അന്തരിച്ചു. രോഗബാധിതനായതിനെത്തുടർന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു അദ്ദേഹം. സന്ധ്യയോടെ പനജിയിലെ വസതിയിലായിരുന്നു അന്ത്യം.

പാൻക്രിയാസിൽ രോഗം ബാധിച്ചതിനെ തുടർന്ന് യുഎസിലും ഇന്ത്യയിലുമായി വിദഗ്ധ ചികിൽസയിലായിരുന്നു പരീക്കർ. ചികിൽസാകാലത്തും നിയമസഭയിൽ എത്താനും ജോലികൾ ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 2014 മുതൽ 2017 വരെ കേന്ദ്രപ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം നാലു തവണ മുഖ്യമന്ത്രിയുമായി.

ഗോവയിലെ മാപുസയിൽ 1955 ഡിസംബർ 13–ന് ജനിച്ച മനോഹർ പരീക്കർ ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994–ൽ നിയമസഭാംഗമായി.

രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ 2000 ഒക്ടോബറിൽ ബിജെപി ആദ്യമായി ഗോവയിൽ ഭരണത്തിലെത്തിയപ്പോൾ പരീക്കറെയാണ് മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിച്ചത്. 2002 ഫെബ്രുവരിയിൽ നിയമസഭ പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെ‌ടുപ്പിനെ തുടർന്ന് കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണിൽ വീണ്ടും മുഖ്യമന്ത്രിയായി. 2005–ൽ ഭരണം നഷ്ടപ്പെട്ടു.

2012 ൽ മൂന്നാം വട്ടം മുഖ്യമന്ത്രിസ്ഥാനത്ത്. 2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്രപ്രതിരോധ മന്ത്രിയായി. 2014 നവംബർ മുതൽ 2017 മാർച്ച് വരെ ആ സ്ഥാനത്ത് തുടർന്നു. 2017–ൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി രാജിവച്ച മനോഹർ പരീക്കർ തന്റെ സ്ഥിരം മണ്ഡലമായ പനജിയിൽ വിജയിച്ച് നിയമസഭാംഗമായി.

പരേതയായ മേധയാണ് ഭാര്യ. ഉത്പൽ, അഭിജിത്ത് എന്നിവർ മക്കളാണ്.

English Summary: Goa Chief Minister and BJP Leader Manohar Parrikar Dies After Long Illness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com