ADVERTISEMENT

ഗോവയെ ഇത്രമേൽ ആഴത്തിൽ പഠിച്ച മറ്റൊരു നേതാവുണ്ടോയെന്നു സംശയമാണ്. ‘അവസാന ശ്വാസം വരെയും ഗോവയെ സേവിക്കും’ എന്നു പരീക്കർ പറയുമ്പോൾ അതു വീൺവാക്കാവുന്നില്ല, ജീവിതമാകുന്നു. ഗുരുതരമായ രോഗത്തോടു പടവെട്ടി, 63–ാം വയസ്സിൽ പരീക്കർ വിടവാങ്ങുമ്പോൾ ഗോവയ്ക്കു നഷ്ടമാകുന്നതു മുഖ്യമന്ത്രിയെ മാത്രമല്ല, പകരക്കാരനില്ലാത്ത അമരക്കാരനെയാണ്.

2014 മുതൽ 2017 വരെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന പരീക്കർ ആകെ നാലു തവണ ഗോവയുടെ ഭരണത്തലവനുമായി. മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994–ൽ നിയമസഭാംഗമായി. 2000 ഒക്ടോബറിൽ ബിജെപി ആദ്യമായി ഗോവയിൽ ഭരണത്തിലെത്തിയപ്പോൾ പരീക്കറെയാണു മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിച്ചത്. 2002 ഫെബ്രുവരിയിൽ നിയമസഭ പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെ‌ടുപ്പിനെ തുടർന്നു കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണിൽ വീണ്ടും മുഖ്യമന്ത്രിയായി. 2005–ൽ ഭരണം നഷ്ടപ്പെട്ടു.

2012 ൽ മൂന്നാം വട്ടം മുഖ്യമന്ത്രിസ്ഥാനത്ത്. 2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്രപ്രതിരോധ മന്ത്രിയായി. 2014 നവംബർ മുതൽ 2017 മാർച്ച് വരെ ആ സ്ഥാനത്ത് തുടർന്നു. 2017–ൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി രാജിവച്ച പരീക്കർ സ്ഥിരം മണ്ഡലമായ പനജിയിൽ വിജയിച്ചു നിയമസഭാംഗമായി. ഗോവയിൽനിന്നു ഡൽഹിയിലേക്കു പരീക്കറെ പറിച്ചുനടാൻ മുന്നിട്ടുനിന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. തിരിച്ചു ഗോവയിലേക്കു പോയതും മോദിയുടെ ആശിർവാദത്തോടെയാണ്.

മോദിയുടെ പ്രിയങ്കരൻ

പരീക്കറുടെ കാർമികത്വത്തിലാണു 2013 ലെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് നടന്നത്. ആ യോഗത്തിലാണ് എൽ.കെ.അഡ്വാനിയുടെയും മറ്റു മുതിർന്ന നേതാക്കളുടെയും എതിർപ്പുകളെ അവഗണിച്ചു പ്രധാനമന്ത്രി സ്ഥാനാർഥിയായി മോദിയെ തിരഞ്ഞെടുത്തത്. അതിനാൽ പരീക്കറോട് ഒരു വികാരവായ്പ് മോദി ഹൃദയത്തിൽ സൂക്ഷിക്കുന്നു. മോദി അധികാരത്തിലേറി ഏതാനും മാസങ്ങൾക്കകം പരീക്കറെ ഡൽഹിയിലേക്കു കൊണ്ടുപോയി പ്രതിരോധ വകുപ്പ് നൽകി.

മുതിർന്ന മന്ത്രിമാരായ രവിശങ്കർ പ്രസാദ്, അനന്ത് കുമാർ എന്നിവരുടെ നെഞ്ചു പൊള്ളിച്ച തീരുമാനമായിരുന്നു അത്. പക്ഷേ, ഡൽഹിയിലിരിക്കുമ്പോഴും പരീക്കറുടെ മനസ്സ് ഗോവയിലായിരുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രിശങ്കു സഭ വന്നപ്പോൾ, അദ്ദേഹം ചെറുപാർട്ടികളെ കൊണ്ടു പറയിപ്പിച്ചു, പരീക്കർ മുഖ്യമന്ത്രിയായി വന്നാൽ മാത്രം ബിജെപിയെ പിന്തുണയ്ക്കാമെന്ന്. ഗോവയിൽ ഘടകകക്ഷികളെ യോജിപ്പിച്ചുനിർത്തുന്നതിൽ അദ്ദേഹം വിജയിച്ചെങ്കിലും രോഗപ്രശ്നങ്ങൾ അലട്ടി.

മാസങ്ങളോളം ചികിൽസ തേടി. രോഗം പരീക്കറുടെ ഊർജസ്വലത നഷ്ടമാക്കി, ക്ഷീണിതനാക്കി. ബിജെപിക്കു മറ്റു 13 എംഎൽഎമാരുണ്ടെങ്കിലും ഘടകകക്ഷികളോ കേന്ദ്രനേതൃത്വമോ അവരെയാരെയും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണു പരീക്കർ തന്നെ തുടർന്നാൽ മതിയെന്നു തീരുമാനിച്ചത്. പാൻക്രിയാറ്റിക് രോഗബാധിതനായ അദ്ദേഹത്തിനു യുഎസ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണു വിദഗ്ധ ചികിൽസ നൽകിയത്. അല്ലാത്ത സമയം വീട്ടിൽ വിശ്രമത്തിലായിരുന്നു.

Manohar Parrikar

ലളിതജീവിതവും ഉയർന്ന ചിന്തയുംകൊണ്ടു ശ്രദ്ധേയനായ പരീക്കറെയല്ലാതെ മറ്റൊരു ബിജെപി നേതാവിനെയും ചെറുകക്ഷികൾക്കും സ്വതന്ത്രൻമാർക്കും വിശ്വാസമില്ല. അതിനാൽ മറ്റൊരു നേതാവെന്ന ചിന്തയുമായി മുന്നോട്ടു പോകാൻ മോദിയും അമിത് ഷായും ശ്രമിച്ചില്ല. ചികിൽസയുടെ ഭാഗമായി ബാഹ്യബന്ധമില്ലാതെ ആശുപത്രിയിൽ കഴിയുകയാണെങ്കിലും പരീക്കർക്കു ബോധമുണ്ടെന്നും അദ്ദേഹം സജീവമാണെന്നും ബിജെപി ആവർത്തിച്ചു. ഇതിനിടെ, മാസങ്ങൾക്കു മുമ്പ് മൂക്കിൽ ട്യൂബിട്ട നിലയിൽ, ക്ഷീണിതനായി പരീക്കർ പൊതുവേദിയിലും സഭയിലും എത്തുകയും ചെയ്തു.

English Summary: Chief Minister Manohar Parrikar Wanted To Serve Goa "Till Last Breath"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com