ADVERTISEMENT

ന്യൂഡൽഹി ∙ ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശ് ആയിരിക്കും കോൺഗ്രസ് സ്ഥാനാർഥി. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ, വയനാട്ടിൽ ടി.സിദ്ദിഖ് എന്നിവർക്കായിരിക്കും സാധ്യത. വടകരയിൽ തീരുമാനമായില്ല. ചർച്ചകൾക്കു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാട്ടിലേക്കു മടങ്ങി. സ്ഥാനാർഥികളെ രാഹുൽ ഗാന്ധി പ്രഖ്യാപിക്കും.

വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദത്തിൽ കുടുങ്ങിയാണു കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിലെ നാല് മണ്ഡലങ്ങളിൽ അനിശ്ചിതത്വം രൂപപ്പെട്ടത്. വയനാട്ടില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിനു സാധ്യതയേറിയെന്നു റിപ്പോർട്ടുണ്ടായിരുന്നു. ടി.സിദ്ദിഖിന്‍റെയും ഷാനിമോള്‍ ഉസ്മാന്‍റെ പേരുകളും പരിഗണനയിലുണ്ട്. ഇതിനിടെ ഷാനിമോള്‍ ആലപ്പുഴയിലേക്കു മടങ്ങി.

വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ കുമാറിനു സാധ്യതയേറിയെന്നാണു വിവരം. ചർച്ചകൾക്കൊടുവിൽ നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇന്നു പ്രഖ്യാപിച്ചേക്കും. ടി.സിദ്ദിഖിനു സീറ്റ് നൽകണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാൻ ഐ ഗ്രൂപ്പ് ഒരുക്കമല്ല. വിഷയത്തിൽ പരിഹാരം കാണാൻ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ദേശീയ നേത്യത്വം ഡൽഹിയിൽ ചർച്ച നടത്തി.

വയനാട് ടി.സിദ്ദിഖിനു നൽകണമെന്ന നിലപാടിൽ ഉമ്മൻചാണ്ടി ഉറച്ചുനിന്നു. വയനാട് ഇല്ലെങ്കിൽ മത്സരിക്കില്ലെന്നു സിദ്ദിഖ് വ്യക്തമാക്കി. വർഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ആവർത്തിച്ച ഐ ഗ്രൂപ്പ്, ഷാനിമോൾ ഉസ്മാന്റെ അടക്കം മൂന്ന് പേരുകളാണു മുന്നോട്ടുവച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചർച്ച നടത്തി.

വടകരയിൽ ഉയർന്നുകേട്ട വിദ്യ ബാലകൃഷ്ണനുള്ള സാധ്യത മങ്ങി. ഇവിടെ ബിന്ദു കൃഷ്ണയെ മൽസരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അവർ മനസ്സു തുറന്നിട്ടില്ല. യുഡിഎഫിന് ആർഎംപി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ വടകരയിൽ മൽസരിക്കാൻ മുല്ലപ്പള്ളിക്കുമേൽ സമ്മർദ്ദമേറി. എന്നാൽ മൽസരിക്കാനില്ലെന്ന നിലപാടിലാണു മുല്ലപ്പള്ളി.

English Summary: Congress cannot finalise four candidates in Kerala, Lok Sabha Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com