ADVERTISEMENT

ഗുവാഹത്തി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘അപേക്ഷിച്ചാൽ’ ബിജെപിയിലേക്കു തിരിച്ചുവരാനും ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനും തയാറാണെന്ന് പാർട്ടി വിട്ട എംപി റാം പ്രസാദ് ശർമ. അസമിലെ തേസ്പുരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു റാം പ്രസാദ് ശർമ. കഴിഞ്ഞ ദിവസം പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതിൽ പ്രതിഷേധിച്ചാണു പാർട്ടി വിട്ടത്. പാർട്ടി തന്നെ ‘അവഗണിച്ചു, അവഹേളിച്ചു, വേദനിപ്പിച്ചു’ എന്നായിരുന്നു ആരോപണം.

‘‘1976 മുതൽ ആർഎസ്എസ് സ്വയംസേവകനാണ് ഞാൻ. എന്റെ രക്തത്തിലും ശ്വാസത്തിലും പ്രസ്ഥാനം മാത്രമാണുള്ളത്. ബിജെപി വിട്ടതിനു പിന്നാലെ കോൺഗ്രസ്, ടിഎംസി, എൻപിപി ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രതിനിധികൾ സമീപിച്ചു. എന്തൊക്കെ ഓഫറുകൾ വച്ചുനീട്ടിയാലും ശരി, മറ്റൊരു പാർട്ടിയിലും ചേർന്നു പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല. ബിജെപിയിൽ തിരികെച്ചെല്ലാൻ സാധിച്ചില്ലെങ്കിൽ അഭിഭാഷക തൊഴിലിലേക്കു മടങ്ങും, അത്രതന്നെ. തിരികെ ചെല്ലണമെങ്കിൽ പ്രധാനമന്ത്രി മോദിയും പാർട്ടി പ്രസിഡന്റ് അമിത് ഷായും നേരിട്ട് അഭ്യർഥിക്കണമെന്നു മാത്രം’’ - ശർമ പറഞ്ഞു.

അതേസമയം, ശർമയുടെ രാജി ബിജെപി കേന്ദ്രനേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല. തേസ്പുരിൽ അദ്ദേഹത്തെത്തന്നെ സ്ഥാനാർഥിയാക്കിക്കൊണ്ട് പട്ടിക പുതുക്കി നൽകാൻ സംസ്ഥാന ഘടകത്തോട് നിർദേശിച്ചതായാണു വിവരം. ഗൂർഖ സമുദായത്തിൽപെട്ട ശർമ 2014ൽ കന്നിയങ്കത്തിൽ 86,000 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥിയെ തറപറ്റിച്ചാണ് ലോക്സഭയിലെത്തിയത്. തേസ്പുരിൽ വോട്ടർമാരിൽ ഭൂരിപക്ഷവും ഗൂർഖകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com