ADVERTISEMENT

കഴിഞ്ഞ ആഴ്ചയിൽ അവതരിപ്പിച്ച അമേരിക്കയുടെയും ചൈനയുടെയും പ്രതീക്ഷ തെറ്റിച്ച സാമ്പത്തിക അവലോകന വിവരങ്ങൾ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളായി വിപണി വിലയിരുത്തുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കും യൂറോപ്യൻ രാഷ്ട്രങ്ങളുടെ വളർച്ചാ ശോഷണം പ്രവചിച്ചു കഴിഞ്ഞു. കുറയുന്ന ഡോളർ വിലയും വിപണിയിലെ വർധിച്ചു വരുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ സാന്നിധ്യവും ശാന്തമായ അതിർത്തിയും, പ്രകോപനപരമല്ലാത്ത യുഎസ്-ചൈന ചർച്ച നടപടികളും വിപണിക്ക് മികച്ച അടിത്തറ നൽകുന്നുണ്ട്.

വ്യക്തമായ ഒരു പ്രീ ഇലക്ഷനൻ റാലി വിപണി പ്രതീക്ഷിക്കുന്നതും ഈ അടിസ്ഥാന ഘടകങ്ങളുടെ മികവിലാണ്. എണ്ണ വിലയും അതിനോടനുബന്ധിച്ചു ഡോളർ വിലയിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങളുമായിരിക്കും തിരെഞ്ഞെടുപ്പു ഫല പ്രഖ്യാപനം വരെ വിപണിയെ മുന്നോട്ടു നയിക്കുക. വരുതിയിലാകാത്ത എണ്ണ വിലയും ബ്രെക്സിറ്റ് നാടകങ്ങളും എപ്പോൾ വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും തിരിയാവുന്ന ചൈനീസ് അമേരിക്കൻ നെഗോസിയേഷനും വിപണിയുടെ ദിശ തെറ്റിക്കാൻ പോന്ന ഘടകങ്ങൾ തന്നെയാണ്. ഓഹരി വിപണിയുടെ കയറ്റിയിറക്കങ്ങളും ഈ ആഴ്ചയുടെ സാധ്യതകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൽറ്റന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ലോക്സഭാ തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പു കമ്മിഷൻ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏപ്രിൽ പതിനൊന്നിനു തുടങ്ങി മേയ് പത്തൊമ്പതിനു അവസാനിക്കുന്ന തിരഞ്ഞെടുപ്പു പ്രക്രിയ ഏഴു ഘട്ടങ്ങളായിട്ടാണ് നടക്കാൻ പോകുന്നത്. മേയ് 23–ാം തീയതി ഇന്ത്യയുടെ ഭാവിയും പ്രഖ്യാപിക്കപ്പെടും, ഇന്ത്യൻ വിപണിയുടെയും. രണ്ട് ശക്തമായ പക്ഷങ്ങൾ ഏറ്റു മുട്ടുന്നു എന്നത് ഇന്ത്യയുടെ പ്രതീക്ഷ ശക്തമാക്കുന്നു. കോൺഗ്രസോ ബിജെപിയോ നേതൃത്വം നൽകുന്ന ശക്തമായ ഒരു ഭരണകൂടമാണ് ഇന്ത്യ ഇപ്രാവശ്യം പ്രത്യാശിക്കുന്നത്. അല്ലാത്തതെന്തും വിപണിക്ക് ദോഷകരമാണ്.

അടുത്ത രണ്ട് മാസങ്ങളിലായി നടക്കുമെന്ന് പ്രത്യാശിക്കുന്ന പ്രീ-ഇലക്ഷൻ റാലി ഇപ്പോൾ തന്നെ വിപണിയിൽ ദൃശ്യമാണ്. ഭരണത്തുടർച്ചയുടെ ഏതു ലക്ഷണങ്ങളും വിപണിക്ക് മുന്നേറ്റം സാധ്യമാക്കും. ഭരണ മുന്നണിയുടെ ‘പ്രൊപ്പഗാന്റിക് കപ്പാസിറ്റി’ വിപണിക്കും മുതൽക്കൂട്ടാണ്. എന്നിരുന്നാലും വലിയ തോതിലുള്ള മുന്നേറ്റങ്ങൾക്കുള്ള സാധ്യത മെയ് 23 വരെ പരിമിതമായിരിക്കും.

മീഡിയ ഓഹരികൾ

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അടുത്ത രണ്ട് മാസത്തേക്ക് വാർത്താധിഷ്ഠിത ചാനലുകൾക്ക് ‘പ്രൈം ടൈം’ മണിക്കൂറുകൾ കൂടുന്നത് മീഡിയ ഓഹരികൾക്ക് കുതിപ്പ് നൽകും. പരസ്യ വരുമാനം കുതിച്ചു കയറും. സൺ ടിവി ഓഹരികൾ പരിഗണിക്കാവുന്നതാണ്.

ബാങ്ക് നിഫ്റ്റി

പ്രൈവറ്റ് സെക്ടർ ബാങ്കുകൾ പുതിയ ഉയരങ്ങൾ തേടുകയും, പൊതുമേഖല ബാങ്കുകൾ മുഖം മിനുക്കലുകൾ നടത്തുകയും ചെയ്തപ്പോൾ ബാങ്ക്നിഫ്റ്റി പുതിയ ഉയരങ്ങൾ താണ്ടി. 20 ശതമാനമാണ് ബാങ്ക്നിഫ്റ്റി ഈ വർഷം നേടിയ വളർച്ച. അടുത്ത 20 ശതമാനം വളർച്ച അതിവേഗത്തിലായിരിക്കും എന്ന്കണക്കു കൂട്ടുന്നു. മുൻനിര ഓഹരികൾക്ക് പുറമെ സൗത്ത് ഇന്ത്യൻ ബാങ്ക് പോലുള്ള ഓഹരികളിലും നിക്ഷേപം വരുന്നത് ആശാവഹമാണ്.

യെസ്ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 52 ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിലയിൽ നിന്നു 50 ശതമാനത്തിലേറെ മുകളിലാണ് ഈയാഴ്ച ക്ലോസ് ചെയ്തിരിക്കുന്നത്. കൊടക് മഹിന്ദ്ര ബാങ്ക് 27 ശതമാനം, ഇൻഡസ് ഇൻഡ് ബാങ്ക് 19 ശതമാനം, എച്ച്ഡിഎഫ്സി ബാങ്ക് 18% , എസ്ബിഐ 20% എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ വളർച്ച.

പൊതുമേഖലാ ബാങ്കുകളുടെ ബുക്കുകൾ മെച്ചപ്പെടുന്നത് മികച്ച അവസാന പാദ ഫലങ്ങളിലും പ്രതിഫലിക്കും. ഈ സംഖ്യകൾ ഇനിയും ഉയർത്തുമെന്ന് തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന വിലയിൽ തന്നെയാണ് ഈ ആഴ്ചയിൽ ട്രേഡ് ചെയ്തത്.

മൊത്തവില സൂചിക

കൺസ്യൂമർ പ്രൈസ് ഇൻഡക്സ് അഥവാ മൊത്തവില സൂചിക അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. മുൻമാസത്തിലെ 2.05% ൽ നിന്നു 2.57 ശതമാനത്തിലേക്ക് സൂചിക ഉയർന്നു. വിപണിയുടെ പ്രതീക്ഷ 2.40ശതമാനവും ആർബിഐയുടെ പ്രതീക്ഷ മൂന്ന് ശതമാനത്തിനു മുകളിലും ആയിരുന്നു. മൊത്തവില സൂചികയിൽ പച്ചക്കറിയുടെയും മറ്റ് ഭക്ഷണ സാമഗ്രികളുടെയും വില നിയന്ത്രിതമായിരുന്നെങ്കിലും വിദ്യഭ്യാസം, ചികിത്സ എന്നീ മേഖലകളിൽ വൻ വിലക്കുതിപ്പ് അനുഭവപ്പെട്ടത് തിരിച്ചടിയായി.

ഉത്പാദന സൂചിക

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന് ഖ്യാതിയുള്ള ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന സൂചിക ഇത്തവണ നിരാശപ്പെടുത്തി. ഇന്ത്യയിലെ വ്യത്യസ്തമായ ഉൽപാദന മേഖലകളുടെ മൊത്തത്തിലുള്ള വളർച്ചാ നിഗമന സൂചികയായ ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ (ഐഐപി) ജനുവരിയിൽ വളർന്നത് 1.7% മാത്രം. മുൻവർഷത്തിലിത് 7.5 ശതമാനമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കിനെയും ജിഡിപി നിരക്കിനെയും ഈ ഉൽപാദന വളർച്ചാ ശോഷണം തളർത്തിയേക്കുമെന്നും വിപണി ഭയക്കുന്നു.

ആറ് പ്രധാന കൺസ്യൂമെർ സെക്ടറുകൾ വലിയ വളർച്ചാ ശോഷണം രേഖപ്പെടുത്തിയപ്പോൾ, ക്യാപിറ്റൽ ഗുഡ്സ്, ഇൻഫ്രാ സ്ട്രക്ച്ചർ, കൺസ്ട്രക്ഷൻ ഗുഡ്സ് എന്നീ സെക്ടറുകൾ വൻ വളർച്ച രേഖപ്പെടുത്തി. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്താനായി ഏപ്രിൽ നാലിന് നടക്കുന്ന അടുത്ത പോളിസി മീറ്റിങ്ങിൽ റിസർവ് ബാങ്ക് പ്രധാന നിരക്കുകൾ കുറച്ചേക്കും എന്ന് വിപണി പ്രത്യാശിക്കുന്നു.

റിയൽ എസ്റ്റേറ്റ്

മാർച്ച് 19ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ മീറ്റിങ്ങിൽ ഭവന നിർമാണ മേഖലയിലെ നിരക്കുകൾ കുറയ്ക്കും എന്ന് വിപണി പ്രതീക്ഷിക്കുന്നു. റിയാലിറ്റി ഓഹരികൾ ശ്രദ്ധിക്കുക. ഹൗസിങ് ഫിനാൻസ് ഓഹരികൾക്കും ഇത് ഗുണകരമാണ്.

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണിമൂല്യം കഴിഞ്ഞ ബുധനാഴ്ച ആറ് ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. 8.50 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവുമായി റിലയൻസും 7.50 ലക്ഷം കോടിയുമായി ടിസിഎസുമാണ് വിപണി മൂല്യത്തിൽ ബാങ്കിനു മുന്നിലുള്ളത്. വിപണി മൂല്യത്തിൽ 20 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിൽ ബാങ്ക് സ്വന്തമാക്കിയത്.

ബാങ്ക് റേറ്റിങ്

മൂഡീസ് ഇൻവെസ്റ്റർ സർവീസ് രണ്ട് ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ റേറ്റിങ് ഉയർത്തുകയും നാലു ബാങ്കുകളുടെ റേറ്റിങ് ഉറപ്പിക്കുകയും ചെയ്തു. ബാങ്ക് ഓഫ്ഇന്ത്യ, യൂണിയൻ ബാങ്ക്, കാനറാബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഐഓബി, ഓറിയന്റൽ ബാങ്ക് എന്നിവയാണ് പുതിയ റേറ്റിങ് ലഭിച്ച പൊതുമേഖലാ ബാങ്കുകൾ. സെൻട്രൽ ബാങ്ക് ഓഫ്ഇന്ത്യ, ഐഒബി എന്നിവയുടെ ദീർഘ കാല ലോക്കൽ ആൻഡ് ഫോറിൻ കറൻസി നിക്ഷേപ റേറ്റിങ്ങും ഉയർത്തിയിട്ടുണ്ട്..  

കൂടാതെ ഇന്ത്യൻ പൊതു മേഖലാ ബാങ്കുകളുടെ ബേസ് ലൈൻ ക്രെഡിറ്റ് അസസ്മെന്റും (ബിസിഎ) അഡ്ജസ്റ്റഡ് ബിസിഎയും ബി2, ബി3 വിഭാഗങ്ങളിലേക്കു ഉയർത്തി. ഇത് ഇന്ത്യൻ പൊതുമേഖല ബാങ്കിങ് സെക്ടറിന് പൊതുവിൽ ദീർഘ കാലത്തേക്ക് മുന്നേറ്റം നൽകുന്നതിന് പര്യാപ്തമാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾ പൊതു മേഖലാ ബാങ്കിങ് സെക്ടറിലേക്ക് കൂടുതലായി വരുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.

ബാങ്ക് ഓഫ്ബറോഡ, എസ്ബിഐ ഇന്ത്യൻ ബാങ്ക്എന്നിവയും നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാണ്. ഐസിആർഎയും ആറ് പൊതുമേഖല ബാങ്കുകളുടെ റേറ്റിങ് ഈയാഴ്ച ഉയർത്തിയിരിക്കുന്നു. ബാങ്ക് ഓഫ്ഇന്ത്യ, പിഎൻബി, ഐഡിബിഐബാങ്ക് മുതലായവ ഇതിൽ പെടുന്നു.

ബ്രെക്സിറ്റ്

ബ്രിട്ടിഷ് പ്രധാന മന്ത്രി തെരേസ മേ ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിന് മുൻപു തന്നെ യൂറോപ്യൻ യൂണിയന്റെ പിന്തുണ തന്റെ ‘ബ്രെക്സിറ്റ് ഡീൽ’നു നേടിയത് ബ്രിട്ടീഷ് പൗണ്ടിനും വിപണിക്കും നേട്ടം നൽകിയിരുന്നു. എന്നാൽ ഈ ഡീൽ ബ്രിട്ടിഷ് പാർലിമെന്റിൽ തള്ളപ്പെടുകയും തെരേസ മേയുടെ തോൽവി തുടരുന്ന ബ്രെക്സിറ്റ് നാടകം വിപണിയിൽ അരക്ഷിതാവസ്ഥ തുടർ കഥയാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

സെക്ടറുകളും ഓഹരികളും

∙ അശോക് ലൈലാൻഡിനു ഗുജറാത്തിൽ നിന്നും 1250 ബസുകൾക്കുള്ള ഓർഡർ ലഭിച്ചത് കമ്പനിക്ക് നേട്ടമാണ്.
∙ മോർഗൻ സ്റ്റാൻലി എസ്ബിഐക്ക് 375 രൂപ ലക്‌ഷ്യം കുറിച്ചിരിക്കുന്നു.
∙ ഐടിസിക്ക് സിഎൽഎസ്എ 400 രൂപ ലക്‌ഷ്യം കാണുന്നു.
∙ ടാറ്റ കെമിക്കലിന്റെ റേറ്റിങ് റിവ്യൂ മൂഡീസ് പൂർത്തിയാക്കി ബിഎ2 ഗ്രേഡിങ് നൽകിയിരിക്കുന്നു. ലോകത്തെ തന്നെ മുൻ നിര സോഡാ ആഷ് ഉത്പാദകരായ കമ്പനിയുടെ ചെലവ് കുറഞ്ഞ ഉല്പാദന പ്രക്രിയകൾ കമ്പനിയുടെ ലാഭം വർദ്ധിപ്പിക്കുമെന്ന് കണക്കു കൂട്ടുന്നു.

∙ ചൈനയുടെ ഹെസ്റ്റീൽ ഗ്രൂപ്പ്, സ്റ്റീൽ ഉത്പാദനം 10 ശതമാനം കുറക്കുന്നത് വിപണിയിൽ സ്റ്റീലിന്റെ ആവശ്യകത കൂട്ടുകയും വില വർധിപ്പിക്കുകയും ചെയ്തേക്കാം.. രാജ്യാന്തര വിപണിയിൽ ഒന്നരക്കോടി ടൺ സ്റ്റീലിന്റെ കുറവാണ് ഇതിലൂടെ ഉണ്ടാവുക. ഈ നടപടി ഇന്ത്യൻ സ്റ്റീൽ ഉത്പാദകരായ ജെഎസ്ഡബ്ലിയു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ, ടാറ്റ സ്റ്റീൽ എന്നിവക്ക് നേട്ടം നൽകിയേക്കാം.
∙ എൽ & ടി ഈ ആഴ്ചയിലും പുതിയ ഓർഡറുകൾ സ്വന്തമാക്കിയിരുന്നു. കമ്പനിയുടെ ഓർഡർ ബുക്കിന്റെ കരുത്ത് വർധിക്കുന്നത് വിപണിയിൽ ഓഹരിക്ക് പുതിയ ഉയരങ്ങൾ നേടാൻ സഹായകമാകും.
∙ ദിലീപ് ബിൽഡ്‌കോൺ 400 കോടിയുടെ പുതിയ ഓർഡറുകൾ സ്വന്തമാക്കിയിരുന്നു.

∙ എസ്സാർ സ്റ്റീലിന്റെ 420 ബില്യൺ രൂപയുടെ ഓഹരികൾ ആർസലർ മിത്തലിനു കൈമാറ്റം ചെയ്യുന്നതിനുള്ള അംഗീകാരം ലഭിച്ചത് എസ്ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ എന്നിവക്ക് നേട്ടമാണ്.
∙ ടാറ്റ മോട്ടോഴ്സിന് 2500 ബസുകളുടെ ഓർഡർ ലഭിച്ചിരിക്കുന്നത് അടുത്ത പാദത്തിൽ ഓഹരിക്ക് ഗുണമാണ്.
∙ ടാറ്റായുടെ കൺസ്യൂമർ ബ്രാൻഡുകളെല്ലാം ടാറ്റ ഗ്ലോബൽ ബീവറേജസിന് കീഴിൽ വരുന്നത് ഓഹരിക്ക് ഗുണകരമാണ്
∙ ഹിൻഡാൽകോയുടെ ഉപ കമ്പനിയായ അലറിസിന്റെ അഞ്ച് വർഷത്തിലെ ഏറ്റവും വലിയ ലാഭ കണക്കാണ് ഈ പാദത്തിൽ പ്രഖ്യാപിച്ചത്. മുൻവർഷത്തെ നിന്നും 37 % വർദ്ധന. ഓട്ടോമാറ്റിവ് , എയ്റോ സ്പേസ് മേഖലയിലെ ഉയർന്ന ആവശ്യകതയാണ് ഇത് സാധ്യമാക്കിയത്. ഹിൻഡാൽകോയുടെ ഓഹരിക്ക് ഇത് ഗുണകരമാണ്.

∙ ടൈറ്റാൻ കമ്പനി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ ട്രേഡ് ചെയ്യുന്നു. അമേരിക്കയിൽ വാച്ചുകൾ ഉണ്ടാക്കാനായി എഫ്ടിഎസ് കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ സാധിച്ചതാണ് കമ്പനിക്ക് നേട്ടമായത്. ഒരു വർഷം 1.6 കോടി വാച്ചുകളുമായി ലോകത്തെ അഞ്ചാമത്തെ വാച്ച് നിർമാണ കമ്പനി എന്ന സ്ഥാനം അലങ്കരിക്കുന്ന ടൈറ്റാൻ കമ്പനിക്ക് അമേരിക്കയിലെ ഫീനിക്സിൽ പുതിയ വാച്ച് ഫാക്ടറി വരുന്നത് അമേരിക്കൻ വാച്ച് വിപണിയിൽ മേൽകൈ നൽകും.
∙ സിഎൽഎസ്എ നെസ്‌ലെയുടെ ലക്ഷ്യവില 11175 രൂപയായും, ഡിഎൽഎഫ് ഓഹരിക്ക് 224 രൂപയായും ഉയർത്തി.
∙ മക്വിർ നെസ്‌ലെ തങ്ങളുടെ ലക്ഷ്യവില 12994 രൂപയായി നിജപ്പെടുത്തി.
∙ സിറ്റി മാരുതിക്ക് 8350 രൂപ ലക്‌ഷ്യം പ്രഖ്യാപിച്ചിരിക്കുന്നു

∙ ക്രൂഡ് ഓയിൽ വില ഈ വർഷത്തെ ഏറ്റവും വലിയ നിരക്കിൽ നിൽക്കുന്നതും യുഎസ് എണ്ണ ശേഖരത്തിൽ ശോഷണം സംഭവിക്കുന്നതും, സൗദി ഇനിയും ഉത്പാദനം കുറയ്ക്കുന്നതും എണ്ണ വിപണന ഓഹരികളുടെ വിലയിൽ ഇടിവ് രേഖപെടുത്തിയേക്കാം.
∙ ജെപിമോർഗൻ ജൂബിലന്റ് ഫുഡിന് 1460 രൂപ ലക്ഷ്യവിലപ്രഖ്യാപിച്ചു.
∙ സോണി കോർപറേഷൻ സീ എന്റർടൈൻമെന്റിൽ ഓഹരി പങ്കാളിത്തം നേടുന്നത് ഓഹരിയെ പുതിയ തലത്തിൽ എത്തിച്ചേക്കാം.
∙ ബ്ലൂ സ്റ്റാർ 5000 കോടിയുടെ വില്പന ഈനടപ്പ് വർഷത്തിൽ ലക്‌ഷ്യം വയ്ക്കുന്നു. എയർ കണ്ടിഷൻ വിൽപന ഈ വർഷം വൻ വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു. വോൾട്ടാസും നിക്ഷേപയോഗ്യമാണ്.

പ്രീ ഇലക്ഷൻ റാലി

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്ത രണ്ട് മാസവും ഇന്ത്യൻ വിപണി മുന്നേറ്റം പ്രതീക്ഷിക്കുന്നു. രാജ്യാന്തര, ആഭ്യന്തര സാഹചര്യങ്ങൾ അനുകൂലമാണു താനും. എന്നാൽ രാജ്യാന്തര എണ്ണ വിപണിയിലെ കുതിപ്പ് രൂപയെ ഡോളറുമായുള്ള വിനിമയത്തിൽ പിന്നോട്ടു തള്ളിയാൽ വിപണിക്ക് ലക്ഷ്യം കൈവിട്ടു പോയേക്കാം. കൂടാതെ ഉൽപാദന സൂചികയിലെ വളർച്ചാ ശോഷണം റേറ്റിങ് കുറക്കുന്നതിന് കരണമായാൽ അതും വിപണിയെ തളർത്തും എന്നും വിപണി ഭയക്കുന്നു. ടെക്, മെറ്റൽ, ഫർമ, ഇൻഫ്രാ, പൊതു മേഖലാ ബാങ്കുകൾ, മീഡിയ എന്നീ സെക്ടറുകൾ ഇപ്പോളത്തെ സാഹചര്യത്തിൽ ആകർഷകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com