ADVERTISEMENT

കണ്ണൂർ ∙ റെഡ് സ്റ്റാർ രാഷ്ട്രീയത്തിൽ നിന്നു റെഡ് സ്ട്രീറ്റ് രാഷ്ട്രീയത്തിലേക്കു സിപിഎം മാറിയെന്നു ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. ഇഷ്ടമുള്ളവരുടെ കൂടെ ശയിക്കുക, തെരുവിലിറങ്ങി മാന്യന്മാരെ തെറിവിളിക്കുക ഇതാണ് ഇപ്പോൾ സിപിഎമ്മിന്റെ ശൈലി. എൻഡിഎയെ എതിർക്കാൻ ദേശീയതലത്തിൽ കോമാ (കോൺഗ്രസ് – മാർക്സിസ്റ്റ്) സഖ്യമുണ്ടാക്കിയ സിപിഎം നേതാക്കളാണ് കേരളത്തിൽ കോലീബി സഖ്യമുണ്ടെന്നു വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. പാർട്ടി നടപടി നേരിട്ട സി.ദിവാകരനെ തിരുവനന്തപുരത്തു സ്ഥാനാർഥിയാക്കിയത് ‘കോമാ’ ധാരണ പ്രകാരമാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

മോദി വേണോ രാഹുൽ വേണോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ചോദ്യം. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് ആഗ്രഹിച്ച് ദേശീയ തലത്തിൽ കൂട്ടുകെട്ടുകളുണ്ടാക്കിയ യെച്ചൂരിക്കും കാരാട്ടിനും കോൺഗ്രസിനെ തള്ളിപ്പറയാൻ കഴിയില്ലെന്ന് കോടിയേരിക്ക് അറിയില്ലേ? തലശ്ശേരി – വടകര നിയമസഭാ മണ്ഡലങ്ങൾക്ക് ഇടയിലെ മാഹിയിൽ ആർക്കാണ് സിപിഎം വോട്ടുചെയ്യുക? പുതുച്ചേരി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമെങ്കിലും സിപിഎമ്മിന്റെ കേരള ഘടകത്തിന്റെ ഭാഗമാണ് മാഹി. അവരോട് കൈപ്പത്തിക്കു വോട്ടുചെയ്യാനല്ലേ കോടിയേരി പറയുന്നത്? കളിയിക്കാവിള കഴിഞ്ഞാൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രചാരണത്തിന് ഇറങ്ങുന്ന സിപിഎം നേതാക്കൾക്കു ബിജെപിക്കെതിരെ അരോപണം ഉന്നയിക്കാനുള്ള രാഷ്ട്രീയ ധാർമികതയെന്താണ്?

കോൺഗ്രസും സിപിഎമ്മും സംയുക്തമായി ഉണ്ടാക്കിയ തിരക്കഥയാണു യെഡിയൂരപ്പയ്ക്ക് എതിരായ ആരോപണം. കോൺഗ്രസ് ദേശീയ വക്താവ് ഡൽഹിയിൽ മാധ്യമങ്ങളെ കാണുമ്പോൾത്തന്നെ അതേ ആരോപണം കണ്ണൂരിൽ കാരാട്ട് ഉന്നയിച്ചതു തിരക്കഥയുടെ ഭാഗമാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. മണ്ടപോയ തെങ്ങിനു വെള്ളമൊഴിക്കുന്നതുപോലെയാണ് എൽഡിഎഫിനും യുഡിഎഫിനും വോട്ടുചെയ്യുന്നത്. വെള്ളം നനയ്ക്കുന്നവർ തളരും എന്നല്ലാതെ തെങ്ങിൽ ഒന്നും കായ്ക്കാൻ പോകുന്നില്ല. കേരളവും നരേന്ദ്രമോദിക്ക് ഒപ്പമാണെന്നു തെളിയിക്കുന്ന തിരഞ്ഞെടുപ്പു ഫലമായിരിക്കും വരാൻപോകുന്നതെന്നും പി.കെ.കൃഷ്ണദാസ് പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി സംസ്ഥാന സെൽ കോഓർഡിനേറ്റർ കെ.രഞ്ജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com