ADVERTISEMENT

ന്യൂഡൽഹി∙ 2019 മാർച്ച് 27 രാവിലെ 11.23, 11.45നും 12നും ഇടയിൽ ഒരു സുപ്രധാന സന്ദേശവുമായി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. രാജ്യത്തെ ജനങ്ങളെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ട്വീറ്റായിരുന്നു അത്.

സമൂഹമാധ്യമങ്ങൾ ഊഹക്കളികൾ കൊണ്ടും ഹാഷ്ടാഗുകളും കൊണ്ടു നിറയുന്ന കാഴ്ചയ്ക്കാണ് പിന്നീട് സൈബർ ലോകം സാക്ഷിയായത്. ട്വീറ്റ് ചെയ്ത് ഏകദേശം ഒരുമണിക്കൂറിനു ശേഷം പ്രധാനമന്ത്രി അഭിസംബോധന ആരംഭിക്കുമ്പോൾ #PMAddressToNation മുതൽ #Dawood വരെയുള്ള ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രൻഡിങ്ങായി മാറി കഴിഞ്ഞിരുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴൊക്കെ നയപരമായ തീരുമാനങ്ങൾ അല്ലെങ്കിൽ പ്രതിരോധരംഗത്തെ നേട്ടം എന്നിവയാണ് പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ ഈ ഒരു മണിക്കൂറിനിടയിലെ ഊഹക്കളികളും ചെറുതായിരുന്നില്ല. #JustSaying എന്ന ഹാഷ്ടാഗിനൊപ്പമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സംബന്ധിച്ച ഊഹങ്ങൾ ആളുകൾ പങ്കുവച്ചത്.

നോട്ടുനിരോധനം (demonetization), മിന്നലാക്രമണം (surgical strike) എന്നീ വാക്കുകളാണ് ഈ സമയം കൂടൂതൽ ഇന്ത്യക്കാരും ഗൂഗിളിൽ പരതിയത്. ഇവ സംബന്ധിച്ച പുതിയ വാർത്തകൾ എന്താണെന്നായിരുന്നു കൂടുതൽ പേർക്കും അറിയേണ്ടത്. 2016 നവംബർ 8–നു നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ ജനങ്ങളെ മുൻകൂട്ടി അറിയിച്ച ശേഷം അഭിസംബോധന ചെയ്യുതതെന്നതും ആകാംക്ഷയ്ക്ക് ആക്കം കൂട്ടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്നത് ഉറപ്പായിരുന്നു. മസൂദ് അസ്ഹർ, ദാവൂദ് ഇബ്രാഹിം തുടങ്ങിയ പേരുകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

നിരവധി രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സംബന്ധിച്ച ചില ട്വീറ്റുകൾ ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതെന്നായിരുന്നു ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ ട്വീറ്റ്. നോട്ടുനിരോധത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ശശി തരൂർ എംപിയുടെ ട്വീറ്റ്.

ഒടുവിൽ ഇന്ത്യ ബഹിരാകാശ രംഗത്തെ വന്‍ശക്തിയായ വിവരം വെളിപ്പെടുത്തി കൊണ്ടാണ് പറഞ്ഞതിലും 25 മിനിറ്റ് വൈകി, 12.25നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ‘മിഷൻ ശക്തി’യിലൂടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിൽ ഡിആർഡിഒ വിജയിച്ചതായി പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചു. എ – സാറ്റ് (A-SAT) എന്നു പേരിട്ടിരിക്കുന്ന മിസൈൽ ലോ എർത്ത് ഓർബിറ്റിൽ (എൽഇഒ) പ്രവർത്തനത്തിലിരുന്ന ഉപഗ്രഹമാണ് മിസൈൽ തകർത്തത്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com