ADVERTISEMENT

തിരുവനന്തപുരം∙ ഹോട്ടലുകള്‍ക്ക് മുന്നില്‍ ബോര്‍ഡും പിടിച്ച് ആളുകളെ വിളിച്ചു കയറ്റാന്‍ ജീവനക്കാരെ നിര്‍ത്തുന്ന പരിപാടിക്ക് നിയന്ത്രണമേര്‍പ്പെടുത്തി തൊഴില്‍ വകുപ്പ്. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണിവരെ ജീവനക്കാരെ ജോലിക്ക് നിയോഗിക്കരുതെന്നും ഇതു ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്ക് ലേബര്‍ കമ്മിഷണര്‍ നിര്‍ദേശം നല്‍കി. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ചൊവ്വാഴ്ച ലേബര്‍ കമ്മിഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. ഹോട്ടലുകള്‍ക്ക് മുന്നില്‍ ബോര്‍ഡും പിടിച്ച് കൊടുംചൂടില്‍ നില്‍ക്കുന്നവരുടെ മോശം അവസ്ഥ വ്യക്തമാക്കുന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി.

നിര്‍ദേശം ഇങ്ങനെ: കൊടും ചൂടില്‍ ജീവനക്കാരെ ബോര്‍ഡും പിടിപ്പിച്ചു നിര്‍ത്തുന്ന രീതി അവസാനിപ്പിക്കണം. പന്ത്രണ്ട് മണിക്കും മൂന്നു മണിക്കും ഇടയില്‍ ജീവനക്കാരെ വെയിലത്ത് നിര്‍ത്തിയാല്‍ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കണം. തൊഴില്‍ വകുപ്പ് നിരന്തര പരിശോധന നടത്തി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ലേബര്‍ കമ്മിഷണര്‍ സി.വി. സാജന്‍ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു. 2018ലെ കേരള ഷോപ്പ് ആൻഡ് കൊമേഷ്യല്‍ എക്സ്റ്റാബ്ലിഷ്മെന്റ്സ് (ഭേദഗതി) ഓര്‍ഡിനന്‍സിലെ ചട്ടം (21 ബി) അനുസരിച്ച് ജീവനക്കാര്‍ക്ക് ജോലിക്കിടെ വിശ്രമിക്കാനുള്ള ഇരിപ്പിടം അനുവദിക്കണം. ഹോട്ടലിനു മുന്നില്‍ ബോര്‍ഡുമായി നില്‍ക്കുന്ന ജോലികള്‍ ചെയ്യുന്ന ജീവനക്കാരുള്‍പ്പെടെ ഉള്ളവരെ മണിക്കൂറുകളോളം നില്‍ക്കാന്‍ നിര്‍ദേശിക്കരുതെന്നാണ് നിയമം. ഈ നിയമം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ലേബര്‍ കമ്മിഷണര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com